19 November 2024, Tuesday
KSFE Galaxy Chits Banner 2

കോഴിക്കോടൻ ഹല്‍വ വാങ്ങലല്ല സെനറ്റ് നോമിനേഷൻ

വി ദത്തന്‍
December 21, 2023 4:30 am

അംഗീകൃത ഗവേഷണസ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ,ചേംബർ ഓഫ് കോമേഴ്സ്, വ്യവസായ മേഖ ല, ഗ്രന്ഥകാരന്മാർ, പത്രപ്രവർത്തകർ, അഭിഭാഷകർ, കായികതാരങ്ങൾ, ഭാഷാ ന്യൂനപക്ഷങ്ങൾ എന്നിവരിൽ നിന്നും ഒമ്പതുപേരെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യുവാൻ ചാൻസലർ എന്ന നിലക്ക് കേരള സർവകലാശാല നിയമമനുസരിച്ച് ഗവർണർക്ക് അധികാരമുണ്ടായിരുന്നു. (വകുപ്പ് 2, ചാപ്റ്റർ iv, കേ. യൂ. ആക്ട് 1974). അതുപോലെ മാനവിക വിഷയങ്ങളിലും കായിക വിഷയങ്ങളിലും, ശാസ്ത്ര വിഷയങ്ങളിലും കലയിലും മികവുതെളിയിച്ചിട്ടുള്ള ഓരോ വിദ്യാർത്ഥിയെയും (ആകെ നാല്) സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യാം. (വകുപ്പ് 3, ചാപ്റ്റർ iv, കേ. യൂ. ആക്ട് 1974). ഇതേ ചാപ്റ്ററിലെ ഒന്നും നാലും വകുപ്പുകളനുസരിച്ച്, കേരള സർവകലാശാലയുടെ അധികാരപരിധിക്കുള്ളിലുള്ള രണ്ട് ഹൈസ്കൂൾ പ്രധാനാധ്യാപകരെയും രണ്ട് സ്കൂൾ അധ്യാപകരെയും നാല് ഐടി, ബയോ ടെക്നോളജി വിദഗ്ധരെയും സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യാൻ ചാന്‍സലർക്ക് അധികാരമുണ്ട്.


ഇതുകൂടി വായിക്കൂ: സര്‍വകലാശാലാ കാമ്പസില്‍ ഗവര്‍ണറുടെ നിലമറന്ന കളി


എന്നാൽ കൃത്യം ഒരു വർഷം മുമ്പ്, കേരളത്തിലെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കുന്ന ബിൽ കേരള നിയമസഭ പാസാക്കിയ സ്ഥിതിക്ക് ഗവർണർക്ക് സർവകലാശാലകളുടെമേൽ യാതൊരുവിധ അധികാരവും ഇല്ലാതായി. 2022 ഡിസംബറിൽ നിയമസഭ പാസാക്കിയ ബിൽ ഒപ്പിടാതെ മാറ്റിവച്ചു കൊണ്ടാണ് ഗവർണർ ഇപ്പോള്‍ അധികാര വിക്രിയ കാണിക്കുന്നത്. അഥവാ അധികാരം ഉണ്ടെന്നു സമ്മതിച്ചാൽത്തന്നെ ഈ നാമനിര്‍ദേശങ്ങൾ, മിഠായിത്തെരുവിലെ പലഹാരക്കടകളിൽ കയറി രുചിച്ചും മണത്തും നോക്കി ഹല്‍വ വാങ്ങുംപോലെ ചെയ്യേണ്ട കാര്യമല്ല. സർക്കാർ നൽകുന്ന പട്ടികയില്‍ നിന്നും നോമിനേറ്റ് ചെയ്യാനേ ചാൻസലർക്ക് അധികാരമുള്ളൂ. വഴിയെ പോകുന്നവരെയും കൊലപാതകിയുടെ ഭാര്യയെയും മറ്റും നിര്‍ദേശിക്കാന്‍ മേല്പറഞ്ഞ വകുപ്പുകൾ ഒന്നും ചാൻസലർക്ക് അധികാരം നൽകുന്നില്ല. അങ്ങനെ കീഴ്‌വഴക്കങ്ങളും ഇല്ല. പ്രഥമദൃഷ്ട്യാ തന്നെ നിയമവിരുദ്ധമായതുകൊണ്ടാണ് നാല് വിദ്യാർത്ഥികളെ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത്.

സർക്കാർ നൽകിയ പട്ടിക ദൂരെക്കളഞ്ഞ്, സംഘ്പരിവാരങ്ങൾ കൊടുത്ത പേരുകൾ നിർദേശിച്ച ചാന്‍സലറുടെ നടപടി കേരളാ യൂണിവേഴ്സിറ്റി നിയമത്തിന്റെ ലംഘനമാണ്. ഭരണഘടനാ വിരുദ്ധമാണ്; വളയമില്ലാത്ത ചാട്ടമാണ്. മാത്രമല്ല, മാനവിക, ശാസ്ത്ര, കൊമേഴ്സ് വിഷയങ്ങളിൽ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളെ നിര്‍ദേശിക്കാനാണ് സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുള്ളത്. അത്തരക്കാരുടെ പട്ടിക അവഗണിച്ച് കുറുവടിയുമായി കവാത്ത് നടത്തി മാത്രം പരിചയമുള്ള ഏഴാംകൂലികളെ നിർദേശിക്കുക വഴി വിദ്യാഭ്യാസ നിലവാരത്തകർച്ച കൂടി ഗവർണർ ലക്ഷ്യംവയ്ക്കുന്നുണ്ടാകണം.


ഇതുകൂടി വായിക്കൂ: കേരളത്തിനെതിരെ ഗവര്‍ണറുടെ ഭീഷണി


നിസാരവും അയുക്തികവുമായ തടസവാദങ്ങൾ ഉന്നയിച്ചും നിയമസഭ പാസാക്കിയ ബില്ല് ഒപ്പുവയ്ക്കാതെ മാറ്റിവച്ചും ഗവർണർ നടത്തുന്ന കള്ളപ്പോര്, ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചിട്ടുള്ളത് ഉന്നതവിദ്യാഭ്യാസ മേഖലയെയാണ്. പല സർവകലാശാലകളിലും സ്ഥിരം വൈസ്ചാൻസലർമാരില്ലാതായിട്ട് വളരെ നാളുകളായി. അക്ഷര വിരോധികളും വ്യാജബിരുദധാരികളുമായ കേന്ദ്ര ഭരണാധികാരികളുടെ, കേരളത്തെ തകർക്കാനുള്ള രഹസ്യ അജണ്ടകളിൽ പ്രഥമ സ്ഥാനം വിദ്യാഭ്യാസ നശീകരണത്തിനായതിൽ അത്ഭുതപ്പെടാനില്ല. പക്ഷേ, കേരളം വ്യാജബിരുദക്കാരുടെ നാടല്ലാത്തതിനാൽ ഗവർണറുടെ ചെപ്പടിവിദ്യകൾ ഇവിടെ ഫലിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.