23 January 2026, Friday

Related news

January 16, 2026
January 12, 2026
January 11, 2026
January 8, 2026
January 6, 2026
January 5, 2026
December 30, 2025
December 30, 2025
December 26, 2025
December 20, 2025

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്‍ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 11, 2025 4:53 pm

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്‍ണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. നീണ്ട 13 വർഷമാണ് യുഡിഎഫിനെ പി പി തങ്കച്ചൻ എന്ന കൺവീനർ കെട്ടുറപ്പോടെ നയിച്ചത്. 2005‑ൽ എ കെ ആൻറണിക്ക് പകരം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് കൺവീനർ പദവി തങ്കച്ചൻ ഏറ്റെടുത്തത്. പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ വ്യാഴവട്ടകാലത്തിൽ കേന്ദ്ര കഥാപാത്രമായി പി പി തങ്കച്ചനുമുണ്ടായിരുന്നു. സ്പീക്കറായും മന്ത്രിയായും എംഎൽഎയുമായുള്ള ഭീർഘകാല അനുഭവസമ്പത്താണ് പക്വതയോടെയും സൗഹാർദത്തോടെയും യുഡിഎഫിനെ നയിക്കാൻ തങ്കച്ചന് കരുത്തായത്.

റവ. ഫാദർ പൗലോസ് പൈനാടത്തിൻ്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29‑ന് അങ്കമാലിയിലായിരുന്നു ജനനം. നിയമ ബിരുദം നേടി അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1968‑ൽ പെരുമ്പാവൂർ നഗരസഭയിലേക്ക് മത്സരിച്ച് ചെയർമാനായി. അന്ന് 29 വയസ് മാത്രം പ്രായമുണ്ടായിരുന്ന തങ്കച്ചൻ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാൻ എന്ന ഖ്യാതിയും സ്വന്തം പേരിൽ കുറിച്ചു. 1982‑ലാണ് പെരുമ്പാവൂരിൽ നിന്ന് നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങിയത്. സിപിഐഎമ്മിലെ പി ആർ ശിവനെ 6252 വോട്ടുകൾക്ക് തോൽപിച്ചു. 1987‑ൽ പെരുമ്പാവൂർ നിലനിർത്തി. ജനതാപാർട്ടിയുടെ രാമൻ കർത്തയെ 7105 വോട്ടിന് പരാജയപ്പെടുത്തി.

1991‑ൽ 3311 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജനതാദളിൻറെ എ ദേവസ്സിയെ തോൽപിച്ച് ഹാട്രിക് വിജയം നേടി. 1996‑ൽ നാലാം ജയം. ജനതാദൾ സ്ഥാനാർഥി രാമൻ കർത്തയെ 4783 വോട്ടിന് തോൽപിച്ചു. നാലു തവണ തുടർച്ചയായി വിജയത്തിൻറെ വെന്നിക്കൊടി പാറിച്ച പി പി തങ്കച്ചന് പക്ഷേ, 2001‑ൽ സ്വന്തം തട്ടകത്തിൽ കാലിടറി. എൽഡിഎഫിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006‑ൽ കുന്നത്തുനാട്ടിൽ ഒരു തവണ കൂടി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ പ്രസിഡൻറായും പ്രവർത്തിച്ചു. കേരള മാർക്കറ്റ് ഫെഡിൻ്റെ ചെയർമാനായിരുന്നു.
ഭാര്യ: ടി വി തങ്കമ്മ,മൂന്നു മക്കൾ.സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെടുമ്പാശ്ശേരി അകപറമ്പ് യാക്കോബായ പള്ളിയിൽ. മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.