കർണാടകയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ മുതിർന്ന നേതാക്കളുടെ പോർവിളി തുടങ്ങി. ബിജെപി നേതാവ് നരേന്ദ്ര മോഡിയെ വിഷപ്പാമ്പ് എന്ന് മല്ലികാർജുൻ ഖാർഗെ വിശേഷിപ്പിച്ചത് വിവാദമായപ്പോൾത്തന്നെ കോൺഗ്രസ് നേതാവ് സോണിയക്ക് നേരെ വിഷകന്യക പ്രയോഗവുമായി ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. ‘ബിജെപിയുടെ ആശയത്തെ കുറിച്ചായിരുന്നു താൻ പറഞ്ഞത്’ എന്ന് ഖാർഗെ വിശദീകരിച്ചപ്പോൾ രാജ്യം ഒന്നാമത് എന്നാണ് ബിജെപിയുടെ ആശയം. അപ്പോള്‍ ഖാർഗെ കടന്നാക്രമിച്ചത് ഇന്ത്യയെ ആണോ’ എന്നാണ് സ്മൃതി ഇറാനി ചോദിച്ചത്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ മല്ലികാർജുൻ ഖാർഗെയുടെ ‘വിഷപ്പാമ്പ്’ പരാമർശത്തിന് മറുപടിയുമായെത്തി. കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നെ അവർ വിളിച്ച പേരുകളുടെ ലിസ്റ്റ് ആരോ ഉണ്ടാക്കിയിട്ടുണ്ട്. ഓരോ തവണ എന്നെ അധിക്ഷേപിക്കുമ്പോഴും തകരുന്നത് അവർ തന്നെയാണെന്നും മോഡി പറഞ്ഞു. കർണാടകയിലെ കർഷകർക്കും ജനങ്ങൾക്കും കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് നല്കിയത്. പ്രീണന രാഷ്ട്രീയം മാത്രമാണ് കോൺഗ്രസിനുള്ളതെന്നും മോഡി പറഞ്ഞു.
ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. സൗജന്യ വാഗ്ദാനങ്ങൾ നല്കി തെരഞ്ഞെടുപ്പ് ജയിക്കുന്ന രീതിയെ നേരത്തെ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ജനങ്ങളിൽ നിന്ന് 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരിന് എങ്ങനെയാണ് സൗജന്യം വാഗ്ദാനം ചെയ്യാനാവുകയെന്ന് രാഹുൽ ചോദിച്ചു. ആരുടെ സർക്കാരാണ് രൂപീകരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ബിജെപി എംഎൽഎമാരെ തട്ടിയെടുക്കും. 40 ശതമാനം കമ്മിഷൻ നിങ്ങളിൽ നിന്ന് തട്ടിയെടുക്കും. അതുകൊണ്ട് സൂക്ഷിച്ച് വോട്ട് ചെയ്യണം- രാഹുൽ പറഞ്ഞു.
അതിനിടെ സൂപ്പർ താരം കമൽഹാസനെ കോൺഗ്രസ് പ്രചാരണത്തിനായി ഇറക്കുമെന്ന് റിപ്പോർട്ടുണ്ട്. രാഹുൽ ഗാന്ധിയുമായി നല്ല ബന്ധമാണ് കമലിനുള്ളത്. കോൺഗ്രസിന്റെ ക്ഷണം കമൽഹാസൻ പരിഗണിക്കുമെന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. നേതാവ് പ്രിയങ്ക ഗാന്ധിയും ഇന്നലെ പ്രചാരണത്തിനെത്തി.
ഹംനാബാദ്, വിജയപുര, കുഡാച്ചി, ബംഗളൂരു നോർത്ത് എന്നിവിടങ്ങളിലായിരുന്നു ഇന്നലെ മോഡിയുടെ റാലി. കോലാർ, ചന്നപ്പട്ടണ, ബേലൂർ എന്നിവിടങ്ങളിൽ ഇന്ന് പ്രചാരണം നടത്തും. ചിത്രദുർഗ, വിജയനഗര, സിന്ധാനൂർ, കലബുർഗി, എന്നിവിടങ്ങളിൽ മേയ് രണ്ടിനും മൂഡബിദ്രി, കാർവാർ, കിട്ടൂർ എന്നിവിടങ്ങളിൽ മൂന്നിനും പ്രചരണം നടത്തും. ചിത്താപൂർ, നഞ്ചൻഗുണ്ട്, തുമകുരു റൂറൽ, ബംഗളൂരു സൗത്ത്, എന്നിവിടങ്ങളിൽ മേയ് ആറിനും ഏഴിനും മോഡിയുടെ പ്രചാരണം ഉണ്ടാവും.
Emgish Sammury: Senior leaders tongue fight in Karnataka election Goda
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.