
തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി. മന്ത്രിമാരായ സെന്തിൽ ബാലാജിയും പൊന്മുടിയും രാജിവച്ചു. ഇരുവരുടെയും രാജി സ്വീകരിക്കാനുള്ള മുഖ്യമന്ത്രി എംകെ സ്റ്റാലിൻറെ ശുപാർശ ഗവർണർ ആർഎൻ രവി അംഗീകരിച്ചതായി രാജ്ഭവൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഇഡി അന്വേഷണം നേരിടുന്ന സെന്തിൽ ബാലാജിയോട് മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് സപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. മന്ത്രി പദവിയാണോ വ്യക്തി സ്വാതന്ത്ര്യമാണോ വേണ്ടതെന്ന് തിങ്കളാഴ്ച അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടർന്നാണ് രാജി.
പ്രസംഗത്തിനിടെ ലൈംഗികത്തൊഴിലാളികളുടെ പശ്ചാത്തലത്തിൽ ശൈവ വൈഷ്ണവ പരാമർശം നടത്തിയ കെ പൊന്മുടി വൻ വിവാദം സൃഷ്ടിച്ചിരുന്നു. പൊന്മുടിക്കെതിരെ മദ്രാസ് ഹൈക്കോടി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തെ പാർട്ടിയുടെ സുപ്രധാന പദവികളിൽ നിന്നെല്ലാം നീക്കം ചെയ്തിരുന്നു. എന്നാൽ പൊന്മുടിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കം പല കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.
ഇരുവരുടെയും രാജിയെത്തുടർന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. സെന്തിൽ ബാലാജി കൈകാര്യം ചെയ്തിരുന്ന വൈദ്യുത വകുപ്പിൻറെ ചുമതല ഗതാഗത വകുപ്പ് മന്ത്രി എസ്എസ് ജയശങ്കറിന് നൽകി. കൂടാതെ ബാലാജി കൈകാര്യം ചെയ്തിരുന്ന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പ് പാർപ്പിട വകുപ്പ് മന്ത്രി എസ് മുത്തുസ്വാമിയെ ഏൽപ്പിച്ചു.
ക്ഷീരവികസന വകുപ്പ് മന്ത്രി ആർഎസ് രാജകണ്ണപ്പനാണ് പൊന്മുടിയുടെ വനം,ഖാദി വകുപ്പുകളുടെ ചുമതല നൽകിയിരിക്കുന്നത്. പത്മനാഭപുരം എംഎൽഎ ടി മനോ തങ്കരാജിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതായും വിവരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.