
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30 നാണ് മത്സരം ആരംഭിക്കുന്നത്. റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 1–0 ന് മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ ജയിക്കാനായാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര, ഒരു മത്സരം ശേഷിക്കെ ഇന്ത്യക്ക് സ്വന്തമാക്കാം. മറുഭാഗത്ത്, പരമ്പരയിൽ ഒപ്പമെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്. ആദ്യ ഏകദിനത്തിൽ 17 റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 349 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു. വിരാട് കോലിയുടെ തകർപ്പൻ സെഞ്ചുറിയും നായകൻ രോഹിത് ശർമ്മ, കെ എൽ രാഹുൽ എന്നിവരുടെ അർധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കരുത്തായത്. ബാറ്റിങ് നിര ഫോമിലാണെന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ആദ്യ മത്സരത്തിൽ മൂന്നു വിക്കറ്റിന് 11 റൺസ് എന്നും പിന്നീട് 5 വിക്കറ്റിന് 130 റൺസ് എന്ന നിലയിലും തകർന്ന ദക്ഷിണാഫ്രിക്ക, പിന്നീട് നടത്തിയ തിരിച്ചുവരവ് ഇന്ത്യൻ ബൗളർമാർക്ക് തലവേദനയാണ്. 332 റൺസ് വരെ അവർ എത്തി എന്നത് ദക്ഷിണാഫ്രിക്കൻ മധ്യനിരയുടെ കരുത്ത് തെളിയിക്കുന്നു. ഡെത്ത് ഓവറുകളിലെ ബൗളിങ് പിഴവുകൾ തിരുത്താനാകും ഇന്ത്യയുടെ ശ്രമം. ടീമിൽ നിന്ന് വലിയ മാറ്റങ്ങൾക്ക് ഇന്ത്യ മുതിരാൻ സാധ്യതയില്ല. ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം യശസ്വി ജയ്സ്വാൾ തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കും. ആദ്യ മത്സരത്തിൽ വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതിരുന്ന ജയ്സ്വാളിന് ഇന്ന് തിളങ്ങേണ്ടതുണ്ട്. നാലാം നമ്പറിൽ റുതുരാജ് ഗെയ്‌ക്ക്‌വാദിന് പകരം യുവ താരം തിലക് വർമ്മയ്ക്ക് അവസരം നൽകിയേക്കുമെന്ന് സൂചനയുണ്ട്. തിലക് വർമ്മ എത്തുകയാണെങ്കിൽ മധ്യനിരയിൽ ഒരു ഇടംകയ്യൻ ബാറ്ററുടെ സാന്നിധ്യം ഇന്ത്യക്ക് ഗുണം ചെയ്യും. അങ്ങനെ വന്നാൽ കെ എൽ രാഹുൽ അഞ്ചാം നമ്പറിൽ തന്നെ തുടരും. ബൗളിങ്ങിൽ ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ പേസ് നിരയിലും കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്പിൻ വിഭാഗത്തിലും സ്ഥാനം നിലനിർത്താനാണ് സാധ്യത. റായ്പൂരിലെ പിച്ച് പൊതുവെ ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണ്. എന്നാൽ മഞ്ഞുവീഴ്ച മത്സരഫലത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ടോസ് നിർണായകമാകും. ടോസ് ലഭിക്കുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഡിസംബർ ആറിന് വിശാഖപട്ടണത്താണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.