പോക്‌സോ കേസില്‍ ഇരയായി കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഫറോക്ക് സിഐക്കെതിരെ ഗുരുതര ആരോപണങ്ങള്‍. പെണ്‍കുട്ടി ഇതിന് മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആ സമയത്ത് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വിവാഹാലോചനയുമായി സമീപിച്ച യുവാവിനോടാണ് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ നിരന്തരം പീഡിപ്പിച്ചുവെന്ന വിവരം പെണ്‍കുട്ടി ആദ്യമായി തുറന്നുപറയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ബന്ധുക്കളടക്കം ആറു പേര്‍ക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ പ്രതിശ്രുത വരനെ സിഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും താന്‍ മോശം പെണ്‍കുട്ടിയാണെന്നും വിവാഹം കഴിക്കേണ്ടെന്നും പറഞ്ഞതായാണ് പെണ്‍കുട്ടിയുടെ കുറിപ്പിലുള്ളത്. കേസിന്റെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ അവിടെയുണ്ടായിരുന്ന നാട്ടുകാരോടെല്ലാം പീഡനവിവരം പറഞ്ഞ് തന്നെ അപമാനിച്ചു. ഇതുകാരണം പുറത്തിറങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് കാരണം കേസിലെ പ്രതികളും കേസ് അന്വേഷിച്ച സിഐയുമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പെണ്‍കുട്ടി ആരോപിക്കുന്നു.
അതേസമയം, പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസ് അതിന് തയാറായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു. പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ മകള്‍ ഇത്തരം മാനസികാവസ്ഥയിലേക്ക് പോകില്ലായിരുന്നു. കേസ് അന്വേഷിക്കാനെല്ലാം പൊലീസ് വേഷത്തില്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍ വന്നത്. എല്ലായിടത്തും തങ്ങളെ അപമാനിച്ചുവെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു.മകള്‍ ജീവനൊടുക്കാനുള്ള കാരണം പ്രതിശ്രുത വരനുമായുള്ള പ്രശ്‌നങ്ങളാണെന്നാണ് കരുതുന്നതെന്നും മാതാവ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് എഴുതിയോ എന്ന് അറിയില്ല. പലതും പുസ്തകങ്ങളിലെല്ലാം കുറിച്ചിട്ടിരുന്നു. യുവാവും മകളും തമ്മില്‍ ഫോണിലൂടെ നിരന്തരം വഴക്കിട്ടിരുന്നു. അയാള്‍ പത്തുമിനിറ്റ് നല്ലതുപോലെ സംസാരിച്ചിരുന്നെങ്കില്‍ മകള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നും മാതാവ് പറഞ്ഞു.
english summary;Serious allegation against CI in tortured girl committed suicide
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.