5 February 2026, Thursday

എപ്‍സ്റ്റീന്‍ ഫയലുകളില്‍ ഗുരുതര പിഴവ്; പുറത്തുവിട്ട രേഖകളില്‍ ഇരകളുടെ സ്വകാര്യ വിവരങ്ങള്‍

Janayugom Webdesk
വാഷിങ്ടണ്‍
February 5, 2026 8:48 pm

സൂക്ഷ്മപരിശോധനകള്‍ നടത്തിയിട്ടും പുറത്തുവിട്ട എപ്‍സ്റ്റീന്‍ ഫയലുകളില്‍ ഇരകളുടെ പേരുകളും മുഖങ്ങളും. ജെഫ്രി എപ്‍സ്റ്റീനെക്കുറിച്ചുള്ള അന്വേഷണ ഫയലുകൾ പുറത്തുവിടണമെന്ന് അനുശാസിക്കുന്ന നിയമപ്രകാരം യുഎസ് നീതിന്യായ വകുപ്പ് പുറത്തിറക്കിയ രേഖകളിലാണ് ഇരകളുടെ ബാങ്ക് അക്കൗണ്ടും സോഷ്യൽ സെക്യൂരിറ്റി നമ്പറുകളും ഉള്‍പ്പെടെയുള്ളവ പ്രത്യക്ഷപ്പെട്ടത്. എപ്സ്റ്റീന്റെ ഇരകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് നിയമത്തില്‍ കര്‍ശന വ്യവസ്ഥ നിലനില്‍ക്കെ, പേരുകളും മുഖങ്ങളും പുറത്തുവന്നത് ഗുരുതര പിഴവായാണ് വിലയിരുത്തുന്നത്. 

പരാതി നല്‍കാനോ പൊതുസമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടാനോ താല്പര്യമില്ലാത്തവരുടെ പേരുവിവരങ്ങള്‍ പോലും പുതിയ രേഖകളിലുണ്ട്. നിരവധി ഇരകളുടെ പേരുകൾ അടങ്ങിയ പൊലീസ് റിപ്പോർട്ടുകളും തിരിത്തുലുകള്‍ കൂടാതെ പുറത്തുവിട്ടിട്ടുണ്ട്. സാങ്കേതികമോ മാനുഷികമോ ആയ പിഴവുകളാണ് സംഭവത്തിന് പിന്നിലെന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം. പ്രശ്‌നകരമായ നിരവധി രേഖകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ശരിയായി എഡിറ്റ് ചെയ്‌ത പതിപ്പുകൾ പുനഃപ്രസിദ്ധീകരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.

നവംബർ 19നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രേഖകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിൽ ഒപ്പുവച്ചത്. ഫയലുകൾ പുറത്തുവിടാൻ 30 ദിവസമായിരുന്നു നീതിന്യായ വകുപ്പിന് നല്‍കിയ സമയപരിധി. സ്വകാര്യതാ സംരക്ഷണങ്ങൾ പാലിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നിശ്ചിത സമയപരിധിയും കഴിഞ്ഞാണ് രേഖകള്‍ പുറത്തുവിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.