21 January 2026, Wednesday

Related news

January 21, 2026
January 15, 2026
January 15, 2026
January 8, 2026
January 5, 2026
December 27, 2025
December 24, 2025
December 8, 2025
December 3, 2025
December 1, 2025

കുറ്റപത്രത്തില്‍ ഗുരുതര വീഴ്ച: കൊലക്കേസ് വിചാരണ നിര്‍ത്തിവച്ചു

Janayugom Webdesk
തിരുവനന്തപുരം
June 27, 2023 11:20 pm

വിചാരണ നടക്കുന്ന കേസിലെ കുറ്റപത്രത്തില്‍ വന്ന ഗുരുതര വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം കൊലപാതക കേസ് വിചാരണ കോടതി നിര്‍ത്തിവച്ചു. കേസിലെ നാലാം പ്രതിയെ മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചതില്‍ വന്ന വീഴ്ച ചൂണ്ടിക്കാണിച്ച് പ്രോസിക്യൂഷനാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ആറാം അഡീഷണല്‍ ജില്ലാ സെന്‍സ് ജഡ്ജി കെ വിഷ്ണുവാണ് ഇതുവരെ ഏഴ് സാക്ഷികളെ വിസ്തരിച്ച കേസിന്റെ വിചാരണ നിര്‍ത്തി വച്ചത്.
കാമുകിക്കായി കാമുകനും കൂട്ടാളികളും സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ മാപ്പ് സാക്ഷിയാക്കിയതില്‍ വന്ന സാങ്കേതിക പിഴവ് ചൂണ്ടിക്കാണിച്ചാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീന്‍ വിചാരണ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് കേസിലെ നാലാം പ്രതിയും കമലേശ്വരം കൊഞ്ചിറവിള നൂര്‍ജി മന്‍സില്‍ സ്വദേശിയുമായ സജു കേസിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും തന്നെ മാപ്പ് സാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണ സംഘത്തെ സമീപിച്ചിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥനായ പാലോട് സിഐ എസ് ജയകുമാര്‍ ഇതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സിജിമോള്‍ കുരുവിളയ്ക്ക് ഹര്‍ജി നല്‍കി. സിജെഎം പ്രതി സജുവിനെ മാപ്പ് സാക്ഷിയാക്കിയിരുന്നുവെങ്കിലും കുറ്റപത്രം ഫയലിൽ സ്വീകരിച്ച മജിസ്ട്രേറ്റ് എഫ് മിനിമോള്‍ മാപ്പ്സാക്ഷിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിരുന്നില്ല.
ചട്ടപ്രകാരം പ്രസ്തുത കോടതി മാപ്പ് സാക്ഷിയെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേണം കുറ്റപത്രം വിചാരണ കോടതിയിലേക്ക് അയക്കേണ്ടത്. ഈ നടപടി ക്രമം പാലിക്കപ്പെട്ടിരുന്നില്ല. ഇക്കാര്യം തുടര്‍ന്ന് അന്വേഷണ ഉ ദ്യോഗസ്ഥനായി എത്തിയ എം സുരേഷ് കുമാറും ശ്രദ്ധിച്ചിരുന്നില്ല. സുരേഷ് കുമാര്‍ അപൂര്‍ണമായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കേസിലെ നിര്‍ണായക സാക്ഷിയായ മാപ്പുസാക്ഷിയെ വിസ്തരിക്കാന്‍ തുടങ്ങുമ്പോഴാണ് നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവ് പ്രോസിക്യൂഷന്റെ ശ്രദ്ധയില്‍പ്പെട്ടത്. നിലവിലെ കുറ്റപത്രവുമായി വിചാരണ പൂര്‍ത്തിയായാല്‍ പ്രതികള്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂട്ടര്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുളളത്. ക്രിമിനല്‍ കേസില്‍ കൂട്ടു പ്രതിയായ ആള്‍ കോടതിയോടോ അന്വേഷണ ഉദ്യോഗസ്ഥനോടോ താന്‍ കൂടി കൂട്ടാളിയായ കുറ്റകൃത്യത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ തയ്യാറാകുകയും കോടതിയുടെ അനുമതിയോടെ പ്രസ്തുത കുറ്റവാളിക്ക് നിയമപരമായി ലഭിക്കുന്നതാണ് മാപ്പു സാക്ഷി പട്ടം. മാപ്പ് സാക്ഷിയാകുന്ന ആള്‍ കേസിന്റെ വിചാരണയില്‍ ഈ നിലപാടില്‍ നിന്ന് വ്യതിചലിച്ച് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കി കൂറുമാറിയാല്‍ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ഇയാളെ വീണ്ടും പ്രതിയാക്കും എന്നതാണ് നിയമപരമായ വസ്തുത.
മാപ്പ് സാക്ഷിയായി പ്രഖ്യാപിക്കുന്നതിലെ സാങ്കേതിക പിഴവ് തിരുത്താന്‍ വിചാരണ കോടതിക്ക് അധികാരമില്ല. ഹൈക്കോടതിയെ ഇക്കാര്യം ധരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ജനറലിനും കത്ത് നല്‍കി. ഹൈക്കോടതി സാങ്കേതിക പിഴവ് തിരുത്താന്‍ കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും വിചാരണ പുനരാരംഭിയ്ക്കുക.

2017 സെപ്റ്റംബര്‍ 27ന് രാത്രി ഒമ്പത് മണിക്കാണ് നെടുമങ്ങാട് പഴകുറ്റി ഇളവട്ടം കാര്‍ത്തിക വീട് സ്വദേശി മോഹനന്‍ നായര്‍ കൊല്ലപ്പെടുന്നത്. മണക്കാട് കമലേശ്വരം ആര്യങ്കുഴി സ്വദേശി ഇറച്ചി ഷാജി എന്ന ഷാജഹാന്‍, നെടുമങ്ങാട് ആനാട് ഇളവട്ടം ആശാഭവനില്‍ സീമാ വില്‍ഫ്രഡ്, ബീമാപളളി മില്‍ക്ക് കോളനി സ്വദേശി മുഹമ്മദ് സുബൈര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സീമാ വില്‍ഫ്രഡിന് മോഹനന്‍ നായര്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ മടക്കി ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

Eng­lish Sum­ma­ry: Seri­ous lapse in the charge sheet: The tri­al of the mur­der case was put on hold

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.