24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024

കോണ്‍ഗ്രസ് പുനഃസംഘടന; തമാശയായി ഏഴംഗ സമിതി

ബേബി ആലുവ
കൊച്ചി
April 3, 2023 11:18 pm

കോൺഗ്രസ് ഡിസിസി-ബ്ലോക്ക്തല പുനഃസംഘടന ത്വരിതപ്പെടുത്താൻ രൂപവത്കരിച്ച ഏഴംഗ സമിതി തുടങ്ങിയേടത്ത് തന്നെ. സമിതി അന്തിമ പട്ടിക പത്ത് ദിവസത്തിനകം കെപിസിസിക്ക് കൈമാറണമെന്ന് അധ്യക്ഷൻ കെ സുധാകരൻ നിഷ്കർഷിച്ചിരുന്നെങ്കിലും പാലിക്കപ്പെടാതെ പതിവ് തമാശകളിലൊന്നായി മാറി.
പുനഃസംഘടന അടക്കമുള്ള കാര്യങ്ങളിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടക്കുന്നില്ല എന്ന പരാതി എ, ഐ വിഭാഗങ്ങളിൽ നിന്നും പാർലമെന്റ് അംഗങ്ങളിൽ നിന്നും ഉയര്‍ന്നതോടെയാണ് പൊറുതിമുട്ടിയ ഹൈക്കമാന്‍ഡ്, എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധിയായി ഉപസമിതിയെ നിർദ്ദേശിച്ചത്. കെപിസിസി പ്രതിനിധികളായി കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദീഖ്, എ, ഐ ഗ്രൂപ്പുകളിൽ നിന്ന് കെ സി ജോസഫ്, ജോസഫ് വാഴയ്ക്കൻ, കെ സുധാകരന്റെ വിശ്വസ്തരെന്ന നിലയിൽ കെ ജയന്ത്, എം ലിജു, കെ സി വേണുഗോപാലിന്റെ പ്രത്യേക പ്രതിനിധി കെ പി അനിൽകുമാർ- ഇങ്ങനെയായിരുന്നു ഏഴംഗ ഉപസമിതി രൂപവത്കരണം. 

ആദ്യം നിശ്ചയിച്ചത് മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയുള്ള സ്ക്രീനിങ് കമ്മിറ്റിയാണ്. കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവരെ അംഗങ്ങളായി തീരുമാനിക്കുകയും ചെയ്തിരുന്നു. മുതിർന്ന നേതാക്കളും മുൻ കെപിസിസി അധ്യക്ഷന്മാരുമായ വി എം സുധീരൻ, കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയൊക്കെ പകപോക്കലിന്റെ ഭാഗമായി തഴഞ്ഞു. എന്നാലും, കെപിസിസിയുടെ തലയ്ക്ക് മുകളിൽ ഇങ്ങനെയൊരു സംവിധാനം സുധാകരന് ദഹിക്കുന്നതായിരുന്നില്ല. സ്ക്രീനിങ് കമ്മിറ്റിയുടെ ഉദകക്രിയയും ഒപ്പം നടന്നു. പരാതി സംഘടിത രൂപത്തിൽ വീണ്ടും ഡൽഹിയിലെത്തിയപ്പോഴായിരുന്നു ഹൈ­ക്കമാന്റിന്റെ ഉപസമിതി നിർദേശം. ഉപസമിതിയോടും പൊരുത്തപ്പെടാനാവാത്ത സുധാകരൻ, ജില്ലാ പുനഃസംഘടനാ സമിതികൾ തയ്യാറാക്കുന്ന ഡിസിസി ബ്ലോക്ക് ഭാരവാഹി പട്ടികയിൽ നിന്ന് ഏഴംഗ സമിതി അന്തിമ പട്ടിക തയ്യാറാക്കി പത്ത് ദിവസത്തിനകം കെപിസിസിക്ക് കൈമാറണമെന്ന് നിർബന്ധം പിടിച്ചതോടെ, അങ്ങനെയെങ്കിൽ വരുന്നിടത്തുവച്ച് കാണാം എന്നായി സുധാകരന്റെ അനുയായികൾ ഒഴികെയുള്ള ഉപസമിതിയംഗങ്ങൾ. 

പുനഃസംഘടന പൂർത്തിയാക്കാൻ തീരുമാനിച്ച അവധികളൊക്കെ തെറ്റി മാസങ്ങൾ കഴിഞ്ഞിട്ടും വിഷയത്തിൽ ശുഷ്കാന്തി കാണിക്കാതിരുന്ന സുധാകരൻ, ഉപസമിതിക്ക് കൂടിയാലോചനയ്ക്കു പോലും സമയം നൽകാതെ പത്ത് ദിവസത്തെ പരിധി ഏകപക്ഷീയമായി നിശ്ചയിച്ചതിലായിരുന്നു അവർക്ക് കാലുഷ്യം. പ്രസിഡന്റ് നിശ്ചയിച്ച പത്ത് ദിവസം പിന്നിടുമ്പോഴും ഒരു യോഗം പോലും ചേരാത്ത അവസ്ഥയിലുമായി സമിതി. അതേസമയം പുനഃസംഘടന, വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനത്തിൽ കെ മുരളീധരന് വേദി നിഷേധിച്ചത്, തിരുവനന്തപുരം ഡിഡിഡി ഓഫീസിലെ കയ്യാങ്കളി എന്നിങ്ങനെ കുരുക്ക് മുറുകുന്ന പ്രശ്നങ്ങൾക്ക് നടുവിൽ, കെപിസിസി ഭാരവാഹികൾ, നിർവാഹക സമിതിയംഗങ്ങൾ, രാഷ്ട്രീയ കാര്യസമിതിയംഗങ്ങൾ, ക്ഷണിതാക്കൾ, എംപിമാർ, എംഎൽഎമാർ എന്നിവരുടെ യോഗം ഇന്ന് കൊച്ചിയിൽ ചേരുന്നുണ്ട്.

Eng­lish Summary;Seven-member com­mit­tee as Con­gress reor­ga­ni­za­tion joke
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.