
കാലംതെറ്റിച്ച് കാലവര്‍ഷം നേരത്തെ എത്തിയിട്ടും കേരളത്തില്‍ കാര്യമായി മഴ കനിഞ്ഞില്ല. ജൂണിലെ മഴയില്‍ ഏഴ് ശതമാനം കുറവുണ്ടായെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കില്‍ പറയുന്നത്. 672.3 മില്ലീമീറ്റര്‍ മഴയാണ് സാധാരണ പെയ്യേണ്ടത്. എന്നാല്‍ 627.3 മില്ലീമീറ്റര്‍ മഴയേ ജൂണില്‍ പെയ്തുള്ളു.
സാധാരണയെക്കാള്‍ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്ന ജില്ല വയനാടാണ്. 732.8 മില്ലീമീറ്റര്‍ മഴ സാധാരണ പെയ്യേണ്ടിടത്ത് ലഭിച്ചതാകട്ടെ 457.6 മില്ലീമീറ്റര്‍ മഴയാണ്. 38 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കിയില്‍ 20 ശതമാനം മഴയുടെ കുറവാണ്. 763 മില്ലീ മീറ്റര്‍ സാധാരണ പെയ്യേണ്ടിടത്ത് ജൂണില്‍ ലഭിച്ചത് 611.7 മില്ലീമീറ്റര്‍ മഴയാണ്. കോഴിക്കോട് 916.2 മില്ലീമീറ്റര്‍ മഴ പെയ്യേണ്ടിടത്ത് 764.8 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. മഴയില്‍ 17 ശതമാനം കുറവുണ്ടായി.
കാസര്‍കോട് ജില്ലയില്‍ 16 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. 1019 മില്ലീമീറ്റര്‍ മഴ സാധാരണ ലഭിക്കേണ്ടിടത്ത് 854.1 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് 649.3 മില്ലീമീറ്റര്‍ മഴ പെയ്യേണ്ടിടത്ത് 568.9 മില്ലീമീറ്റര്‍ മഴയേ പെയ്തുള്ളു. 17 ശതമാനം മഴ കുറവാണ് ലഭിച്ചത്. കോട്ടയം ജില്ലയില്‍ പത്ത് ശതമാനം മഴ കുറവാണ് ലഭിച്ചത്. 663.2 മില്ലീമീറ്റര്‍ സാധാരണ പെയ്യേണ്ടിടത്ത് 593.8 മില്ലീമീറ്റര്‍ മഴയേ ലഭിച്ചുള്ളു. തിരുവനന്തപുരത്തും കൊല്ലത്തും മൂന്ന് ശതമാനം കുറവാണ് ലഭിച്ചത്. തിരുവനന്തപുരത്ത് 321.8 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 311.4 മില്ലീമീറ്റര്‍ മഴയേ പെയ്തുള്ളു. കൊല്ലത്ത് 437.9 മില്ലീമീറ്റര്‍ മഴ സാധാരണ പെയ്യേണ്ടിടത്ത് 422.7 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. എറണാകുളത്തും മൂന്ന് ശതമാനം കുറവ് മഴയാണ് ലഭിച്ചത്. 724.9 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 701.4 മില്ലീമീറ്റര്‍ മഴയേ പെയ്തുള്ളു.
പത്തനംതിട്ടയില്‍ 11 ശതമാനം അധിക മഴ ലഭിച്ചു. 527 മില്ലീമീറ്റര്‍ മഴ സാധാരണ പെയ്യേണ്ടിടത്ത് 583.8 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. കണ്ണൂരില്‍ പത്ത് ശതമാനം അധിക മഴയാണ് ലഭിച്ചത്. 914.9 മില്ലീമീറ്റര്‍ സാധാരണ പെയ്യേണ്ടിടത്ത് 1005.2 മില്ലീമീറ്റര്‍ മഴ ഇവിടെ ലഭിച്ചു. പാലക്കാട് 527 മില്ലീമീറ്റര്‍ മഴ പെയ്യേണ്ടിടത്ത് 583.8 മില്ലീമീറ്റര്‍ മഴയാണ് ജൂണില്‍ പെയ്തത്. 11 ശതമാനം അധികമഴയാണ് ലഭിച്ചത്. ആലപ്പുഴയിലും മൂന്ന് ശതമാനം അധിക മഴ ലഭിച്ചു. 570.1 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 586.1 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്.
അതേസമയം, കാലവര്‍ഷം ആരംഭിച്ച മേയ് 24 മുതല്‍ ഇതുവരെയുള്ള കണക്കുപ്രകാരം 70 ശതമാനം അധിക മഴയാണ് കേരളത്തിന് ലഭിച്ചത്. ജലസേചന വകുപ്പിന്റെ കണക്കില്‍ ഇതിലും കൂടുതല്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. 729.7 മില്ലീമീറ്റര്‍ മഴയാണ് സാധാരണ ലഭിക്കേണ്ടത്. എന്നാല്‍ ഇക്കാലയളവില്‍ 1240.8 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വടക്കന്‍ ജില്ലകളിലാണ്. ഇത്തവണ എട്ടു ദിവസം നേരത്തെ വന്ന കാലവര്‍ഷം തുടക്കത്തില്‍ വളരെ ശക്തമായിരുന്നു. കാലവര്‍ഷം എത്തിയ മേയ് 24 മുതല്‍ ഇതുവരെ 20 ദിവസം സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചു. എന്നാല്‍ ജൂണ്‍ പകുതിയോടെ തീവ്ര മഴ കുറഞ്ഞു. സംസ്ഥാനത്ത് ജൂലൈ മാസവും സാധാരണ ലഭിക്കേണ്ട മഴയില്‍ കുറവുണ്ടാകാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.