
എൻ എം ഷറഫുദ്ദീൻ, സി വി വിനോദ് കുമാർ, വത്സൽ ഗോവിന്ദ്, റിയ ബഷീർ, കെ എ അരുൺ , ടി വി കൃഷ്ണകുമാർ, ആതിഫ് ബിൻ അഷ്റഫ്. പരിചയസമ്പന്നർക്കൊപ്പം യുവതാരങ്ങളും ചേരുന്ന നീണ്ടൊരു നിരയാണ് തൃശൂരിൽ നിന്ന് കെസിഎൽ രണ്ടാം സീസണിലേക്ക് ഉള്ളത്. കൊച്ചി ഒഴികെയുള്ള എല്ലാ ടീമുകളിലും ഇത്തവണ തൃശൂരിൽ നിന്നുള്ള താരങ്ങളുടെ സാന്നിധ്യമുണ്ട്. നിലവിൽ കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൌണ്ടർമാരിൽ ഒരാളാണ് ഷറഫുദ്ദീൻ. കഴിഞ്ഞ സീസണിൽ കൊല്ലം സെയിലേഴ്സിനായി മികച്ച ബൌളിങ് പ്രകടനമായിരുന്നു ഷറഫുദ്ദീൻ്റേത്. 12 കളികളിൽ നിന്ന് 19 വിക്കറ്റുകളുമായി ബൌളിങ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മികച്ച ബാറ്റിങ് പ്രകടനവും കണക്കിലെടുത്ത് ടൂർണ്ണമെൻ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഷറഫുദ്ദീനായിരുന്നു. സമീപ മാസങ്ങളിൽ നടന്ന എൻഎസ്കെ ട്രോഫിയിലും പ്ലെയർ ഓഫ് ദി ടൂർണ്ണമെൻ്റായി തെരഞ്ഞെടുഫക്കപ്പെട്ടു. തുടർന്ന് അഞ്ച് ലക്ഷം രൂപയ്ക്കാണ് കൊല്ലം ഷറഫുദ്ദീനെ നിലനിർത്തിയത്.
ഡൽഹിയിൽ കളിച്ച് വളർന്ന്, കുച്ച് ബിഹാർ ട്രോഫിയിലൂടെ താരമായി ഉയർന്ന ബാറ്ററാണ് വത്സൽ ഗോവിന്ദ്. 2018–19ലെ കൂച്ച് ബിഹാർ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് വത്സലായിരുന്നു. എട്ട് മല്സരങ്ങളിൽ നിന്ന് 1235 റൺസ്. ഈ പ്രകടനം ഇന്ത്യൻ അണ്ടർ 19 ടീമിലേക്കും കേരള രഞ്ജി ടീമിലേക്കും വഴി തുറന്നു. കഴിഞ്ഞ തവണയും കൊല്ലത്തിനായി കളിച്ച വത്സൽ ഗോവിന്ദിനെ ഒന്നര ലക്ഷം രൂപയ്ക്കാണ് ഇത്തവണയും ടീം ലേലത്തിലൂടെ നിലനിർത്തിയത്. ഒരു അർദ്ധസെഞ്ച്വറിയടക്കം 207 റൺസായിരുന്നു വത്സൽ കഴിഞ്ഞ സീസണിൽ നേടിയത്. ലീഗിലെ ഏറ്റവും മുതിർന്ന താരങ്ങളിലൊരാളായ സി വി വിനോദ് കുമാറിനെ 6.20 ലക്ഷത്തിലാണ് തൃശൂർ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ തിരുവനന്തപുരത്തിനായി ഇറങ്ങിയ വിനോദ് 13 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. നിർണ്ണായക ഘട്ടങ്ങളിൽ ബാറ്റ് കൊണ്ടും തിളങ്ങാൻ കഴിയുന്ന താരമാണ് വിനോദ് കുമാർ.
കഴിഞ്ഞ സീസണിൽ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന റിയ ബഷീറിനെ 1.6 ലക്ഷത്തിനാണ് ട്രിവാൺഡ്രം റോയൽസ് നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ ഗോവിന്ദ് ദേവ് പൈ കഴിഞ്ഞാൽ ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയത് റിയാ ബഷീറായിരുന്നു. എട്ട് മല്സരങ്ങളിൽ നിന്ന് രണ്ട് അർദ്ധ സെഞ്ച്വറികൾ അടക്കം 253 റൺസായിരുന്നു കഴിഞ്ഞ സീസണിൽ റിയ ബഷീർ നേടിയത്. ഈ സീസണിലും റോയൽസ് പ്രതീക്ഷ വയ്ക്കുന്നൊരു താരമായ റിയ ബഷീർ സമീപ കാലത്ത് കെസിഎ നടത്തിയ ടൂർണ്ണമെൻ്റുകളിലും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കഴിഞ്ഞ സീസണിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റോർസിനായി ഇറങ്ങിയ അരുൺ കെ എ ഇത്തവണ ആലപ്പുഴയ്ക്കൊപ്പമാണ്. 75000 രൂപയ്ക്കാണ് ആലപ്പുഴ അരുണിനെ ടീമിലെത്തിച്ചത്. കെസിഎല്ലിൽ ആദ്യമായി കളിക്കാനൊരുങ്ങുന്ന ടി വി കൃഷ്ണകുമാറിനെ 75000 രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും ആതിഫ് ബിൻ അഷ്റഫിനെ 1.25 ലക്ഷത്തിന് തൃശൂരുമാണ് സ്വന്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.