15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024

ഏഴ് വര്‍ഷത്തെ മോഡി ഭരണം; കേന്ദ്ര ജോലികളില്‍ സംവരണനിയമനം കുറഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2023 9:51 pm

നരേന്ദ്ര മോഡിക്കു കീഴിലുള്ള ഏഴ് വര്‍ഷത്തെ ഭരണകാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള നേരിട്ട് നിയമനങ്ങളിലൂടെയും സ്ഥാനക്കയറ്റത്തിലൂടെയുമുള്ള പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തില്‍ വന്‍ ഇടിവ്. കേന്ദ്ര സര്‍ക്കാര്‍ ജോലികളിലേക്ക് നേരിട്ടുള്ള നിയമനങ്ങള്‍ പകുതിയായി കുറഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2014–2021 കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ തസ്തികകളില്‍ മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) ക്കാര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചുണ്ടോ എന്ന് പട്ടാളി മക്കള്‍ കക്ഷി എംപിയും മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായ അന്‍പുമണി രാംദാസ് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് സര്‍ക്കാര്‍ ഈ വിവരങ്ങള്‍ നല്‍കിയത്.

ഈ കാലയളവിലെ നേരിട്ടുള്ള നിയമനങ്ങളിലൂടെയുള്ള ഒബിസി വിഭാഗത്തിന്റെ പ്രാതിനിധ്യം 27 ശതമാനത്തിന് മുകളിലാണെന്നായിരുന്നു സാമൂഹിക നീതിയും ശാക്തീകരണവും സഹമന്ത്രി എ നാരായണ സ്വാമി നല്‍കിയ മറുപടി. 2014–15 വര്‍ഷം മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2014 മുതല്‍ 2021 വരെ നേരിട്ടുള്ള നിയമനങ്ങളിലെ പിന്നാക്ക വിഭാഗക്കാരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവുണ്ടായി. 2014ല്‍ ഈ നിരക്ക് 1,28,629 ആയിരുന്നെങ്കില്‍ 2021ല്‍ ഇത് 64,073 ആയി കുറഞ്ഞു. എസ്‌സി വിഭാഗക്കാരുടെ നിയമനം 21,673ല്‍ നിന്നും 10,200 ആയും എസ്‌ടി വിഭാഗത്തിന്റേത് 10,843ല്‍ നിന്ന് 4573 ആയും ഇടിഞ്ഞു. 40,513 (2014), 19,660 (2021) എന്നിങ്ങനെയാണ് ഒബിസി വിഭാഗത്തിന്റെ കണക്ക്.

സ്ഥാനക്കയറ്റത്തിലൂടെ നിയമനം 1,73,363ല്‍ നിന്നും 1,40,908 ആയും കുറഞ്ഞു. ഈ രണ്ട് സമ്പ്രദായത്തിലൂടെയും നടത്തിയ നിയമനങ്ങളില്‍ ഏകദേശം മൂന്നിലൊന്ന് കുറവ് രേഖപ്പെടുത്തി ഏഴു വർഷത്തിനിടെ 3,01,992ൽ നിന്ന് 2,04,981 ആയി. സ്ഥാനക്കയറ്റത്തിലൂടെയുള്ള എസ്‌സി വിഭാഗക്കാരുടെ നിയമനം 32,599ല്‍ നിന്നും 24,794 ആയി കുറഞ്ഞപ്പോള്‍ എസ്‌ടി വിഭാഗത്തിന്റേത് 14,122ല്‍ നിന്നും 10,938 ആയി.

നേരിട്ടുള്ള നിയമനങ്ങളിലൂടെയും സ്ഥാനക്കയറ്റത്തിലൂടെയും നടത്തിയ മൊത്തം നിയമനങ്ങള്‍ പരിഗണിക്കുമ്പോള്‍ എസ്‌സി വിഭാഗത്തിന്റെ പ്രാതിനിധ്യം 2014ല്‍ 17.97 ശതമാനം ആയിരുന്നത് 2021ൽ 17.07 ശതമാനമായി കുറഞ്ഞു. എസ്‌ടി വിഭാഗത്തിന്റേത് 8.26ല്‍ നിന്നും 7.57 ശതമാനമായും ചുരുങ്ങി. ഒബിസി വിഭാഗത്തിന്റെ മൊത്തം പ്രാതിനിധ്യം 31.50 ശതമാനത്തില്‍ നിന്നും 30.68 ആയും കുറഞ്ഞു. 2020ല്‍ ഇത് 29.21 ശതമാനത്തിലെത്തിയിരുന്നതായും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

Eng­lish Summary;Seven years of Modi rule; Reser­va­tion recruit­ment in cen­tral jobs has decreased

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.