
ഇൻഡോറിലെ ഭഗീരഥപുരയിൽ കുടിവെള്ളം മലിനമായതിനെത്തുടർന്ന് നിരവധി പേർ മരിച്ച സംഭവത്തിൽ നിർണ്ണായക ഇടപെടലുമായി മധ്യപ്രദേശ് ഹൈക്കോടതി. കുടിവെള്ള പൈപ്പ് ലൈൻ ടെൻഡർ രേഖകളും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അന്വേഷണ റിപ്പോർട്ടും ഉൾപ്പെടെയുള്ള അസൽ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. രേഖകളിൽ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരുടെ ആശങ്ക പരിഗണിച്ചാണ് ജസ്റ്റിസ് വിജയ് കുമാർ ശുക്ല, ജസ്റ്റിസ് അലോക് അവസ്തി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ ഉത്തരവ്.
മലിനജലം കുടിച്ച് വയറിളക്കവും ഛർദ്ദിയും ബാധിച്ചവർക്ക് സൗജന്യ ചികിത്സ നൽകാനും പ്രദേശത്ത് സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാനും കോടതി നിർദ്ദേശിച്ചു. ജനുവരി 27ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി അനുരാഗ് ജയിൻ ഓൺലൈനായി ഹാജരാകണം. സംഭവത്തിൽ അന്വേഷണം നടത്താനും ഉത്തരവാദികളെ കണ്ടെത്താനും സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും, ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കമാണിതെന്ന് ഹർജിക്കാർ ആരോപിച്ചു. കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ നിരീക്ഷണ സമിതി രൂപീകരിക്കാനും കോടതി തീരുമാനിച്ചു.
മലിനജലം മൂലം ഡിസംബർ മുതൽ 25 പേർ മരിച്ചതായി നാട്ടുകാർ അവകാശപ്പെടുമ്പോൾ, ഏഴ് മരണം മാത്രമാണ് സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ മെഡിക്കൽ കോളജ് നടത്തിയ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 15 മരണങ്ങൾ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ടതാണെന്ന് സൂചനയുണ്ട്. പരിശോധനയിൽ ഭഗീരഥപുരയിലെ 51 കുഴൽക്കിണറുകളിൽ മലിനജലം കണ്ടെത്തിയിട്ടുണ്ട്. ശൗചാലയത്തിൽ നിന്നുള്ള മലിനജലം കുടിവെള്ള പൈപ്പിൽ കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.