
ഇന്ത്യയിലെ 44 ശതമാനത്തോളം നഗരങ്ങൾ അതീവ ഗുരുതരമായ വായുമലിനീകരണത്തിന്റെ പിടിയിലാണെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു. 2019 മുതൽ 2024 വരെയുള്ള കാലയളവിലെ ഉപഗ്രഹ വിവരങ്ങൾ വിശകലനം ചെയ്ത റിപ്പോർട്ട് പ്രകാരം പരിശോധന നടത്തിയ 4,041 നഗരങ്ങളിൽ 1,787 എണ്ണത്തിലും വായുനിലവാരം നിശ്ചിത മാനദണ്ഡങ്ങളേക്കാൾ വളരെ താഴെയാണ്. ഇത് കേവലം താൽക്കാലികമായ പ്രതിഭാസമല്ലെന്നും മറിച്ച് സ്ഥിരമായ മലിനീകരണ സ്രോതസ്സുകൾ മൂലമുണ്ടാകുന്ന ഘടനാപരമായ പ്രശ്നമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.
രാജ്യത്തെ വായുമലിനീകരണം നേരിടാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിന്റെ പരിധിയിൽ വരുന്നത് ഇത്തരം നഗരങ്ങളുടെ വെറും 4 ശതമാനം മാത്രമാണെന്നത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ 130 നഗരങ്ങളെ മാത്രമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2025ലെ കണക്കുകൾ പ്രകാരം അസമിലെ ബൈർനിഹട്ട് ആണ് ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം. ഡൽഹിയും ഉത്തർപ്രദേശിലെ ഗാസിയാബാദും തൊട്ടുപിന്നാലെയുണ്ട്. നോയിഡ, ഗുരുഗ്രാം, ഗ്രേറ്റർ നോയിഡ, ഭിവാഡി തുടങ്ങിയ നഗരങ്ങളും പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചു.
മലിനമായ നഗരങ്ങളുടെ എണ്ണത്തിൽ ഉത്തർപ്രദേശാണ് രാജ്യത്ത് ഒന്നാമത്. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി സങ്കീർണ്ണമാണ്. പദ്ധതിക്കായി അനുവദിച്ച 13,415 കോടി രൂപയിൽ ഏറിയ പങ്കും റോഡിലെ പൊടി നിയന്ത്രിക്കാനാണ് ചിലവഴിച്ചത്. എന്നാൽ വ്യവസായങ്ങളിൽ നിന്നുള്ള പുകയോ ഗാർഹിക ഇന്ധന ഉപയോഗമോ കുറയ്ക്കുന്നതിനായി വളരെ കുറഞ്ഞ തുക മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ശക്തമായ വായുനിലവാര ഭരണസംവിധാനവും ശാസ്ത്രീയമായ പരിഷ്കാരങ്ങളും ഉണ്ടെങ്കിൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ കഴിയൂ എന്ന് ക്രിയയിലെ അനലിസ്റ്റ് മനോജ് കുമാർ അഭിപ്രായപ്പെടുന്നു. കേവലം പൊടിപടലങ്ങൾ നിയന്ത്രിക്കുന്നതിന് പകരം മാരകമായ സൂക്ഷ്മകണികകൾ, സൾഫർ ഡയോക്സൈഡ് തുടങ്ങിയ വാതകങ്ങൾ കുറയ്ക്കുന്നതിന് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വായുമലിനീകരണം യുവാക്കൾക്കിടയിൽ സൈനസൈറ്റിസ് പോലുള്ള രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് ഈ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.