6 July 2024, Saturday
KSFE Galaxy Chits

Related news

July 5, 2024
July 4, 2024
July 3, 2024
July 3, 2024
June 14, 2024
June 14, 2024
June 12, 2024
June 12, 2024
June 8, 2024
June 7, 2024

മണിപ്പൂര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2024 10:52 pm

മണിപ്പൂരില്‍ സ്ഥിതി ശാന്തമായിക്കൊണ്ടിരിക്കുകയാണെന്ന കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ അവകാശവാദത്തിനിടെ മണിപ്പൂര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് തുറന്നടിച്ചു.

കുക്കി വിഭാഗത്തില്‍പ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ച വിഷയത്തിലാണ് സുപ്രീം കോടതി മണിപ്പൂര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കുക്കി വിഭാഗത്തില്‍പെട്ട വ്യക്തി ആയതുകൊണ്ടാണ് തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റാത്തതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശാരീരിക ബുദ്ധിമുട്ടുകളും അസുഖവും ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

മണിപ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാരനെ ഉടന്‍ തന്നെ ഗുവാഹട്ടി മെഡിക്കല്‍ കോളജിലേക്ക് മാറ്റാനും എല്ലാവിധ ചികിത്സയും നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഈ ചികിത്സയുടെ ചെലവ് പൂര്‍ണമായും മണിപ്പൂര്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജൂലൈ 15 നകം മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും ഉത്തരവിട്ടു.  അതേസമയം മണിപ്പൂരില്‍ കലാപം ഒരു വര്‍ഷം പിന്നിട്ടിട്ടും സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്ത ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കാനൊരുങ്ങുന്നതായി വിവരങ്ങള്‍ പുറത്തുവന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ അനുസൂയ ഉയ്കെ വ്യക്തമാക്കി.

രാഷ്ട്രപതി, കേന്ദ്ര ധന-ആഭ്യന്തര മന്ത്രിമാര്‍ എന്നിവരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് രാജ്ഭവനിലെത്തിയ, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി (സിഒസിഒഎംഐ), യുണൈറ്റഡ് നാഗാ കൗണ്‍സില്‍ (യുഎന്‍സി) എന്നീ സംഘടനകളോട് ഗവര്‍ണര്‍ പറഞ്ഞു.  അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി എന്‍ആര്‍സി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ മണിപ്പൂര്‍ നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
അതേസമയം എന്‍ആര്‍സി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കുക്കി സംഘടനകള്‍ രംഗത്തെത്തി. മേഖലയില്‍ വീണ്ടും പ്രതിഷേധം ശക്തമാകുന്നതിന് പുതിയ നീക്കം കാരണമായേക്കും.

കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചയെ തുടര്‍ന്നാണ് കലാപം രൂക്ഷമായതും 60,000ലധികം ആളുകള്‍ നാടും വീടും വിട്ടുപോയതും. 250തോളം പേര്‍ കൊല്ലപ്പെട്ടു. ലോക‍്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ട് സീറ്റുകളിലും ബിജെപി പരാജയപ്പെടുകയും ചെയ്തു.

Eng­lish sum­ma­ry: Severe crit­i­cism against the Manipur government

You may alson like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.