
രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗുരുതര ശ്വാസകോശ രോഗം (എആര്‍ഐ) ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുന്നതായി കേന്ദ്രം. 2022–24 കാലയളവില്‍ രോഗബാധിതരായ രണ്ട് ലക്ഷം പേര്‍ ചികിത്സ തേടുകയും ഇതില്‍ 30,000 പേരെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതായി വന്നുവെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ തലസ്ഥാന മേഖല (എന്‍സിടി) പരിധിയിലുള്ള ആറ് പ്രധാന സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ വിവരങ്ങളിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകളുള്ളത്. രാജ്യസഭാ എംപി ഡോ. വിക്രംജിത് സിങ് സഹ്നെയുടെ ചോദ്യത്തിന് ആരോഗ്യ സഹമന്ത്രി പ്രതാപറാവു ജാദവ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
2022ല്‍ മാത്രം 67,054 എആര്‍ഐ കേസുകളാണ് എന്‍സിടിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 9,787 പേര്‍ക്ക് കിടത്തി ചികിത്സ ആവശ്യമായിവന്നു. 2023ല്‍ രോഗം ബാധിച്ചവരുടെ എണ്ണം 69,293 ആയി ഉയരുകയും 9,727 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായും വന്നു. കഴിഞ്ഞ വര്‍ഷം രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വര്‍ധിച്ചു. 68,411 പേര്‍ രോഗബാധയുമായി ചികിത്സ തേടി. ഇതില്‍ 10,819 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരമേഖലയില്‍ വായുമലിനീകരണം രൂക്ഷമാകുന്നതിന് അനുസരിച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ വര്‍ധനയുണ്ടാകുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ മന്ത്രാലയം നടത്തുന്നുണ്ടോയെന്നായിരുന്നു എംപി സഹ്നെയുടെ ചോദ്യം. ഡല്‍ഹിയിലും മറ്റ് മെട്രോ നഗരങ്ങളിലും ആസ്മ, സിഒപിഡി, ശ്വാസകോശ അണുബാധ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് ചികിത്സതേടിയവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നവരുടെ വിവരങ്ങളും എംപി ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.