കനത്ത മഴയിൽ ഒഴുകിയെത്തിയ മലിനജലം സ്കൂളിനകത്തും മുറ്റത്തും നിറഞ്ഞതോടെ സ്കൂളിന് വലിയ നാശനഷ്ടം സംഭവിച്ചു. പന്തീരാങ്കാവിന് സമീപം ഇരിങ്ങല്ലൂർ കൂടത്തുംപാറ ഗവൺമെന്റ് എൽപി സ്കൂളിലാണ് വലിയ നാശനഷ്ടം ഉണ്ടായത്. ഞായറാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിൽ ഈ ഭാഗത്തെ ഉയർന്ന പ്രദേശങ്ങളിലെ മുഴുവൻ മലിനജലവും ഒഴുകിയെത്തിയത് സ്കൂൾ വളപ്പിലേക്കാണ്. നേരത്തെ നാഷണൽ ഹൈവേ 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തൊട്ടു താഴെ ഉള്ള തോട് സർവീസ് റോഡിനു വേണ്ടി നികത്തിയതാണ് സ്കൂളിന്റെ ഈ ദുരവസ്ഥക്ക് കാരണം. ഇന്നലെ രാവിലെ അധ്യാപകർ സ്കൂളിൽ എത്തിയപ്പോഴാണ് സ്കൂൾ മുഴുവൻ മലിനജലം നിറഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രധാന അധ്യാപിക സ്കൂളിന് അവധി പ്രഖ്യാപിച്ചു. സ്കൂളിൽ ഉണ്ടായിരുന്ന നിരവധി ഉപകരണങ്ങളും രേഖകളും സൗണ്ട് സിസ്റ്റവും വെള്ളത്തിൽ മുങ്ങി നശിച്ചു പോയിട്ടുണ്ട്. കൂടാതെ കുട്ടികളും അധ്യാപകരും ഉപയോഗിച്ചിരുന്ന ബാത്റൂമുകളും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
നിരവധി തവണ അധികൃതർക്ക് സ്കൂൾ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രശ്നം മുൻകൂട്ടി കണ്ട് മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ പരാതി പരിശോധിക്കുന്നതിനോ പരിഹരിക്കുന്നതിനോ ആരും തയ്യാറായിരുന്നില്ല. അതാണ് കടുത്ത വേനലിൽ അപ്രതീക്ഷിതമായി മഴ പെയ്തതോടെ സ്കൂളിന് കനത്ത നാശനഷ്ടം സംഭവിക്കാൻ കാരണമായത്. ഇനിയും മഴ തുടരുകയാണെങ്കിൽ ഇതേ അവസ്ഥ തന്നെ വീണ്ടും വരും എന്ന കാര്യം ഉറപ്പാണ്. ദേശീയപാത നിർമ്മാണ കമ്പനി അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരനടപടികൾ കൈക്കൊണ്ടില്ലെങ്കിൽ സ്കൂളിന്റെ പ്രവർത്തനം തന്നെ അസാധ്യമാകും എന്നാണ് അധ്യാപകരും പിടിഎ കമ്മറ്റിയും പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.