ലൈംഗികാരോപണ പരാതിയിൽ സംവിധായകൻ വി കെ പ്രകാശിനെതിരെ യുവതി നല്‍കിയ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 2022 ഏപ്രിൽ നാലിന് കൊല്ലം ബീച്ച് റോഡിലെ സ്വകാര്യ ഹോട്ടലില്‍ വി കെ പ്രകാശ് എത്തിയതായി വ്യക്തമായിട്ടുണ്ട്. പ്രകാശിനും യുവതിക്കുമായി മുറിയെടുത്തതിന്റെയും ഹോട്ടൽ രേഖകള്‍ പൊലീസിന് ലഭിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംവിധായകൻ വി കെ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി യുവ കഥാകൃത്ത് രംഗത്തെത്തിയത്. ആദ്യ സിനിമയുടെ കഥ പറയാൻ ചെന്നപ്പോൾ മോശമായി പെരുമാറിയെന്നാണ് യുവ കഥാകൃത്ത് പറഞ്ഞിരുന്നത്. ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
രണ്ട് വർഷം മുമ്പ് സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് വി കെ പ്രകാശ് എന്ന സംവിധായാകനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രഡ് അയച്ചപ്പോൾ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരാനും ആവശ്യപ്പെട്ടു. സിനിമയാക്കുമെന്ന ഉറപ്പിന്റെ പുറത്താണ് അദ്ദേഹത്തെ കാണാമെന്ന് തീരുമാനിച്ചത്. അദ്ദേഹം പറഞ്ഞ സമയത്ത് തന്നെ കൊല്ലത്തെത്തി. കൊല്ലത്ത് ഹോട്ടലിൽ അദ്ദേഹം രണ്ട് മുറികളെടുത്തിരുന്നു. തന്റെ മുറിയിൽ വന്ന ശേഷം കഥ പറയാൻ അദ്ദേഹം പറഞ്ഞു. കഥ പറഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോൾ അത് നിർത്തിവെക്കാൻ പറയുകയും തനിക്ക് മദ്യം ഓഫർ ചെയ്യുകയും ചെയ്തു. തുടർന്ന് കഥ പറയുന്നത് തുടരട്ടേയെന്ന് ചോദിച്ചപ്പോൾ നമുക്ക് അഭിനയത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ്, ഇന്റിമേറ്റായും വൾഗറായിട്ടും അഭിനയിക്കേണ്ട സീൻ തന്നു.
എനിക്ക് അഭിനയത്തോട് താല്പര്യമില്ലെന്നും താന്‍ എഴുതിയ കഥ സിനിമയാക്കാനാണ് താല്പര്യമെന്നും പറഞ്ഞപ്പോൾ അഭിനയിക്കാൻ പറ്റുമെന്ന് പറഞ്ഞിട്ട് അതിന് നിർബന്ധിച്ചു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞാൻ ചെയ്ത് കാണിച്ചു തരാമെന്നും അതുപോലെ ചെയ്താൽ മതിയെന്നും പറഞ്ഞ് ദേഹത്ത് സ്പർശിക്കാനും ചുംബിക്കാനും ശ്രമിച്ചു. കിടക്കയിലേക്ക് കിടത്താനും ശ്രമിച്ചു. കഥ കേൾക്കാനല്ല വിളിപ്പിച്ചതെന്ന് അപ്പോൾ തന്നെ തനിക്ക് തോന്നി. സർ മുറിയിലേക്ക് പൊക്കോളൂ, കൊച്ചിയിലേക്ക് വരുമ്പോൾ താൻ വന്ന് കഥ പറയാമെന്നും അദ്ദേഹത്തോട് പറഞ്ഞു എന്നാണ് യുവതി മൊഴി നല്‍കിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.