കോഴിക്കോട് മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ ആരോപണ വിധേയരായ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച നടപടിയില്‍ പ്രതിഷേധവുമായി അതിജീവിത. അഞ്ച് ജീവനക്കാരെയാണ് തിരികെയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് അതിജീവിത അറിയിച്ചു.
തൈറോയിഡ് ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയുവിൽ പ്രവേശിപ്പിച്ച അതിജീവിതയെ മാർച്ച് 18നാണ് അറ്റൻഡർ എം എം ശശീന്ദ്രൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. അർധമയക്കത്തിലായിരുന്ന തന്റെ സ്വകാര്യഭാഗത്ത് പ്രതി സ്പർശിച്ചുവെന്നായിരുന്നു പരാതി. പരാതിപ്പെട്ടിട്ടും അതു മൂടിവയ്ക്കുകയും പരാതിയിൽനിന്നു പിൻമാറാൻ പ്രേരിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് അഞ്ച് പേരെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പ്രതികൾക്കെതിരെ തെളിവില്ലെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ തെളിവെടുപ്പ് സമയത്ത് താൻ പ്രതികളെ തിരിച്ചറിഞ്ഞതാണെന്നും ഇവർ കുറ്റം സമ്മതിച്ചിരുന്നുവെന്നും അതിജീവിത പറയുന്നു.
അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ചു ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ ഇവരെ തിരിച്ചെടുക്കാനായി റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ പൊലീസിനോടുപോലും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആക്ഷേപം. ജീവനക്കാർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിലും നിയമനടപടികൾ തുടരുന്നതിനാലും സസ്പെൻഷൻ പിൻവലിക്കുന്നതായാണ് ജീവനക്കാരെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിൽ പറയുന്നത്. അന്വേഷണക്കമ്മിറ്റി തന്നിൽനിന്ന് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പരാതിക്കാരി പരാതിപ്പെടുന്നത്.
English Summary: sexual assault in kozhikode medical college case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.