
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക പീഡനം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 പ്രകാരം ഇന്റേണൽ കമ്മിറ്റികളിലൂടെ ഇതുവരെ ലഭിച്ചത് 45 പരാതികൾ. വിവിധ ജില്ലകളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണിത്.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമമോ അതിനുള്ള ശ്രമങ്ങളോ ഉണ്ടായാൽ പോഷ് ആക്ട് പ്രകാരം പരാതിപ്പെടാനുള്ള സംവിധാനമാണിത്. കേന്ദ്ര നിയമമാണെങ്കിലും ഇതിന് സംസ്ഥാനത്ത് മേൽനോട്ടം വഹിക്കുന്നത് വനിതാ ശിശു വികസന വകുപ്പാണ്. 2013ലാണ് നിയമം വന്നതെങ്കിലും ഇത് മോണിറ്റർ ചെയ്യുന്നതിനുള്ള പോർട്ട് ആരംഭിച്ചത് 2023 ജനുവരി 24 നാണ്. ഇതിന്റെ പ്രവർത്തനം പൂർണതോതിലായിട്ടില്ല. 45ൽ 18 പരാതികൾ ഈ നടപ്പുവർഷത്തേതാണ്.
സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ചേർന്നു നില്‍ക്കുക, സ്പർശിക്കുക, ലൈംഗികാവശ്യങ്ങൾ അഭ്യർത്ഥിക്കുക, ലൈംഗിക ചുവയോടെയുള്ള സംസാരങ്ങളും തമാശകളും, ദ്വയാർത്ഥ പ്രയോഗങ്ങളോ ചേഷ്ടകളോ കാണിക്കുക, ഇത്തരം ചിത്രങ്ങൾ കമ്പ്യൂട്ടറിലോ മറ്റോ കാണിക്കുക തുടങ്ങിയവയെല്ലാമാണ് പരാതിപ്പെടാൻ കഴിയുന്നത്. ഇത് പോഷ് ആക്ട് പ്രകാരമുള്ള തൊഴിലിടങ്ങളിലെ ഇന്റേണൽ കമ്മിറ്റിക്കോ (ഐസി) അതില്ലാത്ത ഇടങ്ങളിൽ പ്രസ്തുത തൊഴിലിടം സ്ഥിതി ചെയ്യുന്ന ജില്ലയിലെ ലോക്കൽ കമ്മിറ്റിക്കോ (എൽസി) നൽകാം. അതുമല്ലെങ്കിൽ ഷീബോക്സ് പോർട്ടലിലോ നേരിട്ട് പരാതി നൽകാം. ഏറ്റവും കൂടുതൽ പരാതി കൊല്ലം ജില്ലയിലാണ്. ആകെ 17 എണ്ണം. അതിൽ അഞ്ചെണ്ണം ഈ വർഷത്തേത്താണ്.
പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽനിന്ന് എട്ടുവീതം പരാതികളുണ്ടായിട്ടുണ്ട്. ഇതിൽ ഈ വർഷത്തേത് യഥാക്രമം നാലും അഞ്ചും. മറ്റ് ജില്ലകളിലെ ആകെ തിരുവനന്തപുരം-ഒന്ന്, കോട്ടയം-രണ്ട്, ഇടുക്കി-രണ്ട്, എറണാകുളം-മൂന്ന്, പാലക്കാട്-രണ്ട്, മലപ്പുറം-ഒന്ന്, കാസർകോട്-ഒന്ന് എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം. പത്തോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥലത്ത് ഐസി ഉണ്ടാകണമെന്നാണ് നിയമം. പത്ത് പേര്‍ സ്ത്രീകളാവണമെന്നില്ല. പത്ത് പുരുഷന്മാർ മാത്രമുള്ള ഓഫിസുകളിലാണെങ്കിലും പുറത്തുനിന്ന് വരുന്ന സ്ത്രീക്ക് ബുദ്ധിമുട്ടുകൾ നേരിട്ടാൽ പറയാനും ഐസി ഉണ്ടാവണം. ഐസി ഇല്ലെങ്കിൽ ജില്ലാ തലത്തിൽ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള എൽസിയിൽ പരാതിപ്പെടാം.
പരാതി രേഖാമൂലമാണ് നൽകേണ്ടത്. കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ മാത്രമാകും നടപടിക്ക് ശുപാർശ ചെയ്യുക. ശുപാർശ മേലധികാരിക്ക് നല്‍കുക മാത്രമാണ് കമ്മിറ്റി ചെയ്യുന്നത്. ക്രിമിനൽ സ്വഭാവമുള്ള കേസുകളിൽ പരാതിക്കാരിക്ക് പൊലീസിൽ പരാതി നൽകാൻ കമ്മിറ്റിക്ക് ശുപാർശ ചെയ്യാം. പരാതിക്കാരി നേരിട്ടോ മറ്റ് ബന്ധുക്കളോ ആയിരിക്കും പൊലീസിനെ സമീപിക്കേണ്ടത്. സംഭവം നടന്ന് മൂന്നു മാസത്തിനുള്ളിൽ പരാതി ഐസിക്ക് നൽകിയിരിക്കണം. പരാതി കിട്ടി 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കി സ്ഥാപന മേധാവിക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ നൽകണം. പരാതി ലോക്കൽ കമ്മിറ്റികൾക്കാണ് നൽകുന്നതെങ്കിൽ പരാതിക്കാരിക്ക് ശിശു വികസന പദ്ധതി ഓഫിസർമാരുടെ സഹായം തേടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.