
സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങളിൽ കുത്തനെ വര്‍ധനവുണ്ടായതായി ഐക്യരാഷ്ട്ര സഭ (യുഎന്‍) റിപ്പോര്‍ട്ട്. 21 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 2024ല്‍ സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങളില്‍ 25% വര്‍ധനവാണുണ്ടായത്. ബലാത്സംഗം, ലൈംഗിക അടിമത്തം, നിർബന്ധിത വേശ്യാവൃത്തി, നിർബന്ധിത ഗർഭധാരണം, ഗർഭഛിദ്രം, വന്ധ്യംകരണം, നിർബന്ധിത വിവാഹം, മറ്റ് തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള “സംഘർഷവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമം” എന്ന തലക്കെട്ടിലുള്ള 34 പേജുള്ള റിപ്പോർട്ടില്‍ പറയുന്നത്. പ്രദേശങ്ങളുടെയും പ്രകൃതിവിഭവങ്ങളുടെയും മേൽ നിയന്ത്രണം നേടുന്നതിനുള്ള തന്ത്രമായാണ് ലെെംഗിക അതിക്രമത്തെ ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടത്തുന്നത് സായുധ സംഘങ്ങളാണെന്നും യുഎന്‍ വ്യക്തമാക്കുന്നു.
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഹെയ്തി, സൊമാലിയ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. പീഢനം നേരിട്ടവരില്‍ ഭൂരിഭാഗവും (92%) സ്ത്രീകളാണെങ്കിലും പെണ്‍കുട്ടികളും ആണ്‍കുട്ടികളും പുരുഷന്മാരും അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ട്. പുരുഷന്മാർക്കും ആൺകുട്ടികൾക്കുമെതിരായ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ ഭൂരിഭാഗവും തടങ്കല്‍ കേന്ദ്രത്തില്‍ വച്ചാണ് നടന്നത്. ഒരു വയസ് മുതൽ 75 വയസ് വരെ പ്രായമുള്ളവരാണ് ഇരകൾ.
കോംഗോയിലും മ്യാൻമറിലും ബലാത്സംഗത്തിന് ശേഷം ഇരകളെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നതായും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. കോംഗോയിലെ കിവുവിൽ മാത്രം, അഞ്ച് മാസത്തിനുള്ളിൽ ലെെംഗികാതിക്രമം നേരിട്ട 17,000ത്തിലധികം പേര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ചികിത്സ നല്‍കി. ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ 147 പെൺകുട്ടികൾക്കും 74 ആൺകുട്ടികൾക്കുമെതിരെ 221 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിജീവിച്ച 16% പേരും അഞ്ച് വയസിന് താഴെയുള്ളവരാണ്. ഒരു വയസുകാരായ നാല് പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ബലാത്സംഗത്തിനും മറ്റ് തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്കും ഉത്തരവാദികളാണെന്ന് സംശയിക്കുന്ന 63 സർക്കാർ, സർക്കാരിതര പാർട്ടികളുടെ പേരുകൾ റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹമാസിനെയും കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇസ്രയേല്‍ സെെന്യത്തേയും റഷ്യന്‍ സായുധ സംഘങ്ങളെയും അടുത്ത വർഷത്തെ കരിമ്പട്ടികയിൽ ഉൾപ്പെത്തുമെന്ന് സെക്രട്ടറി ജനറലിന്റെ ഓഫിസ് വക്താവ് പറഞ്ഞു.
English summary: Sexuality in conflict zones Violence on the rise: UN
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.