28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

May 15, 2023
May 12, 2023
May 2, 2023
April 20, 2023
April 17, 2023
April 17, 2023
April 16, 2023
April 14, 2023
April 12, 2023
April 10, 2023

ആരും സഹായിച്ചില്ലെന്ന് ആവര്‍ത്തിച്ച് ഷാരൂഖ് സെയ്ഫി; ബാഗിലുണ്ടായിരുന്നത് വീട്ടിലുണ്ടാക്കിയ ഭക്ഷണമെന്ന് കണ്ടെത്തല്‍

Janayugom Webdesk
കോഴിക്കോട്
April 10, 2023 12:16 pm

എലത്തൂർ ട്രെയ്ൻ തീവെയ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്ക് സഹായി ഉണ്ടായിരുന്നോ എന്നു പൊലീസ് അന്വേഷിക്കുന്നു. ട്രെയ്നിൽ തന്നെ കൂട്ടാളികൾ ഉണ്ടാവാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഷൊർണൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമായി പുരോഗമിക്കുന്നത്. തീവയ്പിന് പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായിയെന്ന് നിഗമനം. പ്രതിയുടെ ബാഗില്‍നിന്ന് ലഭിച്ച ഭക്ഷണത്തിന് പഴക്കമുണ്ടായിരുന്നില്ല. അതിനാല്‍ ഭക്ഷണം ആരോ തയാറാക്കിയതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എലത്തൂർ ട്രെയിൻ തീവയ്പുമായി ബന്ധപ്പെട്ട് മൂന്നുപേർ ട്രെയിനിൽ നിന്ന് വീണ് മരിച്ചതിൽ തനിക്ക് പങ്കില്ലെന്ന് പ്രതി ഷാരൂഖ് സെയ്ഫി. താന്‍ ആരെയും തള്ളിയിട്ടിട്ടില്ലെന്നും ആരെങ്കിലും ചാടുന്നതോ വീഴുന്നതോ കണ്ടിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ പൊലീസിനോട് വ്യക്തമാക്കി.

പ്രതിയുടെ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. നിലവിൽ പ്രതിക്കെതിരെ റെയിൽവേ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെ മകൾ ചാലിയം കുന്നുമ്മൽ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുരയിൽ നൗഫീഖ് (38) എന്നിവരെയാണ് സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷം ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോഗിയിൽ തീ പടർന്നതോടെ ഇവർ മരണഭയത്താൽ വണ്ടിയിൽ നിന്നും ചാടുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാൽ പിന്നീട് മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയർന്നുവന്നു. പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ആദ്യ ദിവസം തന്നെ ഷാരൂഖിനോട് ഇക്കാര്യം ചോദിച്ചെങ്കിലും സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ആരെയും തള്ളിയിട്ട് കൊന്നിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അസുഖമാണെന്ന് അറിയിച്ചതിനെ തുടർന്ന് ഷാരൂഖ് സെയ്ഫിയെ ആദ്യ ദിവസം തന്നെ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഡോക്ടർമാർ പരിശോധിച്ചിരുന്നു. അതിന് ശേഷമാണ് പൊലീസ് ക്യാമ്പിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ പ്രതിയെ വീണ്ടും പരിശോധന നടത്തിയ ഡോക്ടർമാർ ഗുരുതര രോഗങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി. എഡിജിപി എം ആർ അജിത് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണവും ചോദ്യം ചെയ്യലും പുരോഗമിക്കുന്നത്. 

പെട്രോളൊഴിച്ച് തീവച്ചത് തന്റെ തോന്നലിന്റെ പുറത്ത് ചെയ്തതാണെന്ന് പ്രതി കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. കൂടുതൽ പേരുടെ സഹായം പ്രതിക്ക് ലഭിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്ക് ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിന് കൊണ്ടുപോകേണ്ടതുണ്ട്. തീവയ്പിന് പിന്നിൽ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്ന് എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന പൊലീസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ എൻഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. മഹാരാഷ്ട്ര എടിഎസുമായും ഡൽഹി പൊലീസുമായും എൻഐഎ സംഘം ആശയവിനിമയം നടത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 ഓടെയാണ് എലത്തൂരിൽ വച്ച് ആലപ്പുഴകണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ഡി1 കമ്പാർട്ട്മെന്റിൽ പ്രതി യാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 

Eng­lish Sum­ma­ry: Shahrukh Saifi reit­er­ates that no one helped; Find­ing that the bag con­tained home­made food

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.