
ജീവിത പ്രതിസന്ധികളിൽ പകച്ചുനിൽക്കാതെ, ഇച്ഛാശക്തികൊണ്ട് കാലം സമ്മാനിച്ച പരിമിതികളെ എഴുത്തിലൂടെയും യാത്രയിലൂടെയും മറികടക്കുകയാണ് ഷാജി തലോറ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ ഷാജി തലോറ, ഭിന്നശേഷിയുള്ള കേരളത്തിലെ ഏക പുസ്തക പ്രസാധകനാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഒറ്റപ്പെട്ടുപോയ ഷാജി, വിരസത മാറ്റാൻ വായന തുടങ്ങുകയും പിന്നീട് ‘ഇതൾ ബുക്സ്’ പബ്ലിക്കേഷൻ എന്ന സ്ഥാപനം തുടങ്ങുകയുമായിരുന്നു. പുതിയ സംരഭം വഴി കഴിഞ്ഞ രണ്ടുവർഷത്തിനിടെ പതിനഞ്ച് പുസ്തകങ്ങൾ ഇതൾ ബുക്സ് പ്രസിദ്ധീകരിച്ചു. ഇതിനിടെ, ഷാജിയുടേതായി അമ്പതിൽപരം ലേഖനങ്ങളും നൂറ്റി അമ്പതിൽപരം കവിതകളും അഞ്ച് കഥകളും ഒട്ടേറെ യാത്ര വിവരണങ്ങളും മറ്റ് പുസ്കങ്ങളിലൊക്കെയായി പ്രസിദ്ധീകരിച്ചു. നിലവിൽ ഒരു യാത്ര വിവരണവും, കവിതാ സമാഹാരവും വായനക്കാർക്കായി ഒരുക്കുന്ന തിരക്കിലാണ് ഷാജി.
പി പി നാരായൺ, പി പി ജാനകി ദമ്പതികളുടെ മകനായി തളിപ്പറമ്പിലെ തലോറ എന്ന ഗ്രാമത്തിലായിരുന്ന ഷാജിയുടെ ജനനം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവരോഗം ഷാജിയുടെ ജീവിതത്തിലേക്ക് വെല്ലുവിളിയായി കടന്നുവരികയായിരുന്നു. പിന്നീടങ്ങോട്ട് ആശുപത്രിയും മരുന്നും ചികിത്സയുമായുള്ള മൽപിടുത്തമായിരുന്നു. നീണ്ടകാലം ചികിത്സ ചെയ്തെങ്കിലും ഒന്നിലും ഫലം കണ്ടില്ല. ഇതോടെ ജീവിതത്തിന്റെ വിരസത മാറ്റാൻ വായന തുടങ്ങുകയായിരുന്നു. പതിയെ എഴുത്തിലേക്കും ചുവടുവെച്ചു. ആദ്യമായി വായിച്ച പുസ്തകം ഷാജി ഇപ്പോഴുമോർക്കുന്നുണ്ട്, അത് പി പത്മരാജന്റെ പ്രതിമയും രാജകുമാരിയും എന്ന നോവലായിരുന്നു. പിന്നീട് ഷാജിയുടെ ഏകാന്തതയിൽ കൂട്ടിനായ് എത്തിയത് പൊറ്റെക്കാടും തകഴിയും ഒവി വിജയനും എം ടിയും കാരൂരും എം മുകുന്ദനും ദസ്തേവ്സ്കിയും, പൗലോ കൊയ്‌ലോയുമൊക്കെയായിരുന്നു. സാമൂഹിക വിമർശനം, സ്വത്വാനേഷണം, ഫിലോസഫി, സമകാലിക ചിന്തകൾ തുടങ്ങിയ വിഷയങ്ങളിൽ അധിഷ്ഠിതമായാണ് ഷാജി കൂടുതലും എഴുതിയിട്ടുള്ളത്. ‘കാറ്റ് കേൾക്കാത്തതും തിരമാലകൾ മായ്ച്ചതും’ എന്ന പേരിൽ ഒരു കവിതാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. ഷാജി തലോറയുടെ പത്തോളം കവിതകൾ ഇതിനോടകം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തിട്ടുമുണ്ട്.
തലോറ എഎൽപി സ്കൂൾ, തളിപ്പറമ്പ് മൂത്തേടത്ത് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നീണ്ട പതിനേഴു വർഷക്കാലമാണ് വീട്ടിൽനിന്ന് പുറത്ത് പോകാതെ നാലു ചുമരുകൾക്കുള്ളിൽ ഷാജി ജീവിതം തള്ളി നീക്കിയത്. 2008 ൽ തളിപ്പറമ്പിലെ സഞ്ജീവനി പാലിയേറ്റീവ് പ്രവർത്തകരുടെ ഇടപെടലുകളാണ് ഷാജിക്ക് പുറം ലോകത്തിലേക്കുള്ള വഴിതുറന്നത്. 2009 ൽ ഫ്ലെെ (fly) എന്ന സംഘടയിൽ വന്നതോടെ ജീവിതം മാറി മറിയുകയായിരുന്നു. കണ്ണൂർ പയ്യന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്ലെെ സംഘടനയിൽ നിലവിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്നശേഷിക്കാർ അംഗങ്ങളാണ്. ഫ്ലെെയിലെ സമാന മനസുള്ള സുഹൃത്തുക്കളുടെ കൂടെ ഒട്ടേറെ യാത്രകൾ ചെയ്തിട്ടുണ്ട്. പതിമൂന്ന് വർഷമായി ഫ്ലെെ ചാരിറ്റിബിൾ ട്രസ്റ്റിന്റെ മുഖ പ്രസിദ്ധീകരണമായ ചിറക് മാഗസിന്റെ എഡിറ്ററാണ് ഷാജി.
വീൽചെയറിലാണെങ്കിലും ഗബ്രിയേൽ ഗർസിയ മാർക്വേസ്, അമിതാബ് ബച്ചൻ, ലത മങ്കേഷ്ക്കർ, ശ്രീയ ഘോഷാൽ സുനീതി ചൗഹാൻ, ആഷാ ബോസ്‌ലെ, സാധന സർഗം തുടങ്ങിയ സാഹിത്യ, സിനിമാ, സംഗീത ലോകത്തെ പ്രഗത്ഭരെക്കുറിച്ച് ഫീച്ചറുകളും ചെയ്തിട്ടുണ്ട്. ഇതിനിടെ, ആകാശവാണിയിൽ കവിത അവതരിപ്പിച്ച് ശ്രദ്ധേയമായിരുന്നു.
എഴുത്തും വായനയും ഏറെ ഇഷ്ടപ്പെടുന്ന ഷാജി തലോറയ്ക്ക് വീട്ടിൽ സ്വന്തമായി ഒരു ലൈബ്രറി തന്നെയുണ്ട്. ജീവിത വഴിത്തിരിവിൽ വായനാലോകത്തേക്ക് എത്തപ്പെട്ട ഷാജിയുടെ വളരെ കാലമായുള്ള ആഗ്രഹമായിരുന്നു ഒരു ലിറ്റിൽ മാസിക ഇറക്കുകയെന്നത്. 96‑ൽ അതിനുവേണ്ടുന്ന ശ്രമം നടത്തിയിരുന്നു. പക്ഷെ സാമ്പത്തിക പ്രശ്നം കാരണം അന്ന് അത് തുടങ്ങാൻ പറ്റിയില്ല. പിന്നീട് അതിനെക്കുറിച്ചുള്ള ചിന്തകൾ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ലോക്ക്ഡൗൺ സമയത്താണ് മാസിക എന്ന ആഗ്രഹം വീണ്ടുമുണർന്നത്. അങ്ങനെ ഡിജിറ്റൽ മാസിക ചെയ്യാൻ തീരുമാനിച്ചു. യൂട്യൂബിൽ നിന്ന് ലേ ഔട്ട് കണ്ടു പഠിച്ചു. 2020‑ൽ ജൂലൈയിൽ ‘ഇതൾ’ ഡിജിറ്റൽ മാസിക പുറത്തിറക്കി. ഇപ്പോൾ എല്ലാ മാസവും അയ്യായിരത്തിൽപ്പരം വാട്സ്ആപ് നമ്പറിൽ മാസിക അയച്ചു കൊടുക്കുന്നു. വായനക്കാരിൽ നിന്നും എഴുത്തുകാരിൽ നിന്നും മികച്ച പ്രോത്സാഹനമാണ് ലഭിക്കുന്നത്.
മാസിക നൽകിയ സ്വീകാര്യതയിൽ നിന്നാണ് ‘ഇതൾ ബുക്സ്’ പബ്ലിക്കേഷനിലേക്ക് ചുവടുവെച്ചതെന്ന് ഷാജി പറയുന്നു. സോമൻ കടലൂർ, കെ പി സുധീര, എസ് ജോസഫ്, കാരൂർ സോമൻ, പി കെ ഗോപി എം കെ ഹരികുമാർ തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങൾ ഇതൾ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ കമ്പോസിങ് മുതൽ പ്രിന്റ് ചെയ്ത് കെയ്യിൽ കിട്ടുന്നതുവരെയുള്ള എല്ലാ ജോലികളും ഷാജി തന്നെയാണ് ചെയ്യുത്. രണ്ട് വർഷമായി വിവിധ ജില്ലകളിലായി ജില്ലാ ലെെബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവങ്ങളിൽ ഷാജിയുടെ ഇതൾ ബുക്സിന്റെ സാന്നിധ്യമുണ്ട്. ഇതിനിടെ, എം എൻ കാരശേരി, തിരക്കഥകൃത്ത് ജോൻപോൾ, പി കെ ഗോപി, കഥാകൃത്ത് വി ആർ സുധീഷ്, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, ഇന്ദു മേനോൻ, സാഹിത്യ നിരൂപകൻ എം കെ ഹരികുമാർ,
ഗായിക വൈക്കം വിജയ ലക്ഷ്മി, കഥാകൃത്ത് ഹരിദാസ് കരിവെള്ളൂർ തുടങ്ങിയവരെ ഇതര പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്നത്തിന്റെ ഭാഗമായി പന്ത്രണ്ടിലധികം സംസ്ഥാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇനിയും രാജ്യത്തിന് അകത്തും പുറത്തുമായി ഒരുപാട് ദൂരം യാത്ര ചെയ്യണമെന്നാണ് ഷാജി തലോറയുടെ ആഗ്രഹം. യാത്രാനുഭവങ്ങൾ വിവിധ പുസ്കങ്ങളിലൂടെയും മറ്റും പ്രസിദ്ധീകരിച്ചപ്പോൾ തന്നെപ്പോലെ ശാരീരിക പരിമിതിയുള്ളവർക്ക് യാത്ര ചെയ്യാൻ പ്രചോദനമായിട്ടുണ്ടെന്നും ഷാജി പറയുന്നു. Fly (Freedom for Limitated Youth), Mind (Mobility In Dystrophy) തുടങ്ങിയ സംഘനകളിൽ പ്രവർത്തിക്കുന്ന ഷാജി തലോറ മൈൻഡിന്റെ മുഖ മാസിക ‘ഇടം’ മാസികയുടെ സ്ഥാപക എഡിറ്റർ കൂടിയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ പ്രധാനപ്പെട്ട ബീച്ചുകളും മറ്റിടങ്ങളും കൂടുതൽ വീൽചെയർ സൗഹൃദമാക്കുക, റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള റാമ്പ് കൂടുതൽ സൗകര്യപ്രദമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഷാജി ഉന്നയിക്കുന്നത്. നിലവിൽ സഹോദരി ഇന്ദിരയോടൊപ്പം തലോറയിലാണ് താമസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.