
ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശ സഹായം സ്വീകരിക്കുന്നത് നാണക്കേടാണെന്ന് പറഞ്ഞ് കേരളത്തെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്രയ്ക്ക് സഹായം സ്വീകരിക്കാന്‍ അനുമതി കൊടുത്തതില്‍ പ്രതിഷേധം. കേന്ദ്രത്തിന്റെ നിലപാടിനെതിരെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ സഹായം സ്വീകരിക്കാനാണ് വിദേശ സഹായ നിയന്ത്രണ നിയമ (എഫ‌്സിആര്‍എ) പ്രകാരം അനുമതി നല്‍കിയത്. വിദേശ സഹായം സ്വീകരിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് ചൂണ്ടിക്കാട്ടി 2018ല്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. യുഎഇ 700 കോടി രൂപയുടെ സഹായം അന്ന് കേരളത്തിന് വാഗ്ദാനം ചെയ്തിരുന്നു. ഖത്തര്‍, മാലിദ്വീപ്, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ധനസഹായം നല്‍കാമെന്ന് അറിയിച്ചിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്നും ഇത്തരം ദുരന്തങ്ങളെ ഒറ്റയ്ക്ക് നേരിടാന്‍ കരുത്തുണ്ടെന്നുമായിരുന്നു കേന്ദ്രം അന്ന് പറഞ്ഞത്.
ദുരന്തവും ദുരിതവുമല്ല രാഷ്ട്രീയമാണ് മാനദണ്ഡം എന്ന് വരുന്നത് ഭരണാധികാരികള്‍ക്ക് ചേരുന്നതല്ലെന്നും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന് ചേരുന്നതല്ലെന്നും മന്ത്രി ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ കേരളത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ ഇതേ സാഹചര്യത്തില്‍ മഹാരാഷ്ട്രയ്ക്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കുകയായിരുന്നു. ദുരന്തവും ദുരിതവും വരുമ്പോള്‍ എല്ലാ രാജ്യങ്ങളും പരസ്പരം സഹായിക്കും. ലോകത്ത് എല്ലായിടത്തുനിന്നും സഹായങ്ങള്‍ നല്‍കാറുണ്ട്. മഹാരാഷ്ട്രയ്ക്ക് അനുമതി കൊടുത്തത് പിന്തുണയ്ക്കുന്നു. ആവശ്യമുള്ളവര്‍ക്ക് സഹായം ലഭിക്കണം. ആ സഹായം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കണം. വിദേശ സഹായം സ്വീകരിക്കരുതെന്ന നിലപാട് രാജ്യത്തിനില്ല എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഏതൊരു സംസ്ഥാനത്തിനും അങ്ങനെയൊരു ദുരിതാവസ്ഥയില്‍ സഹായം കിട്ടുന്നതും അതിനുള്ള അനുമതി കൊടുക്കുന്നതും നല്ല കാര്യമാണ്. പക്ഷെ രാഷ്ട്രീയമായ വിവേചനത്തോടുകൂടിയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാകുകയാണ്.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനോട് ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ടാണോ ഇത്തരത്തിലുള്ള തീരുമാനമുണ്ടായത് എന്ന സംശയം സ്വാഭാവികമായും ഉണ്ടാകും. ഇത്തരം നിലപാടുകള്‍ രാജ്യത്തിന്റെ ഐക്യത്തിനും വിവിധ സംസ്ഥാനങ്ങളോട് തുല്യമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന തോന്നലിനും തടസം സൃഷ്ടിക്കുന്നതാണ്. ചൂരല്‍മല ദുരന്തത്തില്‍ ഇതുവരെയും കേന്ദ്രത്തിന്റെ ഒരു സഹായവും വന്നിട്ടില്ല. പ്രധാനമന്ത്രി നേരിട്ട് വന്നപ്പോഴും പ്രഖ്യാപനമുണ്ടായില്ല. പിന്നീട് ഉണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനചടങ്ങില്‍ വിഴിഞ്ഞം വിജിഎഫ് വായ്പയുടെ കാര്യത്തിലും ചൂരല്‍മല ദുരന്തത്തിലെ കേന്ദ്ര സഹായത്തിന്റെ കാര്യത്തിലും പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഉണ്ടായില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ കാണമെന്നും കേരളത്തോടുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്നും സിപിഐ രാജ്യസഭാ കക്ഷി നേതാവ് പി സന്തോഷ് കുമാര്‍. മഹാരാഷ്ട്ര സര്‍ക്കാരിന് വിദേശ സഹായം തേടുന്നതിന് അനുമതി നല്‍കിയ കേന്ദ്ര നടപടി കടുത്ത അനീതിയാണ്. 2018ല്‍ പ്രളയമുണ്ടായപ്പോള്‍ കേരളത്തിന് സഹായം വാങ്ങുന്നതിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ബിജെപിയുടെ കേരളത്തോടുള്ള നഗ്നമായ വിവേചനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. കേന്ദ്രസർക്കാർ അവരുടെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി കേരളത്തെ ശിക്ഷിക്കുകയാണെന്നും ഇത് പ്രതികാര മനോഭാവത്തില്‍ കുറഞ്ഞ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.