
ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഇന്ത്യയിലെ ടെക് സ്റ്റാർട്ടപ്പ് മേഖലയിലെ ധനസമാഹരണത്തിൽ വന്‍ ഇടിവ്. 2025‑ൽ ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകൾ ആകെ സമാഹരിച്ചത് 10.5 ബില്യൺ ഡോളറാണ്. ഇത് മുൻവർഷത്തെ (12.7 ബില്യൺ ഡോളർ) അപേക്ഷിച്ച് 17 % കുറവാണെന്ന് മാർക്കറ്റ് ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോമായ ‘ട്രാക്സൺ’ പുറത്തുവിട്ട വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിക്ഷേപത്തിൽ കുറവുണ്ടായെങ്കിലും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് സൗഹൃദ രാജ്യം എന്ന പദവി ഇന്ത്യ നിലനിർത്തി. ചൈനയെയും ജർമ്മനിയെയും പിന്നിലാക്കിയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. പട്ടികയിൽ അമേരിക്കയും ബ്രിട്ടനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
തുടക്കക്കാരായ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന സീഡ് സ്റ്റേജ് നിക്ഷേപത്തിൽ 30 ശതമാനത്തിന്റെ കുറവുണ്ടായി (1.1 ബില്യൺ ഡോളർ). മികച്ച വളർച്ചാ സാധ്യതയുള്ള കമ്പനികൾക്ക് ലഭിക്കുന്ന ഏർലി സ്റ്റേജ് നിക്ഷേപം 7 % വര്‍ധിച്ച് 3.9 ബില്യൺ ഡോളറിലെത്തി. വലിയ സ്റ്റാർട്ടപ്പുകളുടെ ലേറ്റ് സ്റ്റേജ് നിക്ഷേപത്തിൽ 26 % ഇടിവുണ്ടായി. 2024‑ലെ 7.5 ബില്യണിൽ നിന്നും ഇത് 5.5 ബില്യണിലേക്ക് താഴ്ന്നു.
ബംഗളൂരുവാണ് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് തലസ്ഥാനമായി തുടരുന്നത്. ആകെ നിക്ഷേപത്തിന്റെ 32 ശതമാനവും ഈ നഗരത്തിലേക്കാണ് ഒഴുകിയത്. മുംബൈ (18 %), ഡൽഹി എന്നിവയാണ് പിന്നാലെയുള്ള നഗരങ്ങൾ.
എന്റർപ്രൈസ് ആപ്ലിക്കേഷനുകൾ (2.6 ബില്യൺ ഡോളർ), റീട്ടെയിൽ (2.4 ബില്യൺ ഡോളർ), ഫിൻടെക് (2.2 ബില്യൺ ഡോളർ) എന്നീ മേഖലകളാണ് നിക്ഷേപകരെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. കൂടാതെ ട്രാൻസ്പോർട്ടേഷൻ, ലോജിസ്റ്റിക്സ്, എൻവയോൺമെന്റ് ടെക് തുടങ്ങിയ മേഖലകളിൽ വലിയ ഇടപാടുകൾ നടന്നു.
സ്ത്രീകൾ സഹസ്ഥാപകരായ ടെക് സ്റ്റാർട്ടപ്പുകൾ 2025‑ൽ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം സ്വന്തമാക്കി. ഗിവ, അംനെക്സ് തുടങ്ങിയ കമ്പനികൾ വലിയ തുകകൾ സമാഹരിച്ചു. വനിതാ സംരംഭകർ നയിക്കുന്ന കമ്പനികളുടെ കാര്യത്തിൽ ലോകത്ത് അമേരിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നിക്ഷേപം കുറഞ്ഞെങ്കിലും ഐപിഒ രംഗത്ത് ഉണർവ് പ്രകടമാണ്. മീഷോ, ഏക്വസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടെ 42 സ്റ്റാർട്ടപ്പുകളാണ് ഈ വർഷം ഓഹരി വിപണിയിലേക്ക് പ്രവേശിച്ചത്. കൂടാതെ അഞ്ച് പുതിയ ‘യൂണികോണുകളും’ (ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള കമ്പനികൾ) ഈ വർഷം പിറന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.