21 January 2026, Wednesday

ശരദ്പവാറും മായാവതിയും പിന്‍വാങ്ങുന്നു; കേരളത്തില്‍ മൂന്നാമൂഴത്തിന് എല്‍ഡിഎഫ്

രഹിൽ നോറ ചോപ്ര
May 30, 2025 4:30 am

ബിസി വിഭാഗത്തില്‍ നിന്നുള്ള എൻസിപിയുടെ മുതിര്‍ന്ന നേതാവ് ഛഗൻ ഭുജ്ബൽ സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയതോടെ മഹാരാഷ്ട്രയുടെ രാഷ്ട്രീയ സാഹചര്യം കൗതുകകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഒബിസി വോട്ട് ബാങ്ക് ഏകീകരിക്കുന്നതിന് ധനഞ്ജയ് മുണ്ടെയ്ക്ക് പകരക്കാരനായി ശക്തമായ ഒബിസി മുഖമായാണ് മഹായുതി സർക്കാർ അദ്ദേഹത്തെ കാണുന്നത്. എൻസിപിയുടെ ഉന്നത നേതൃത്വത്തിൽ ചില വിമുഖതകളുണ്ടെങ്കിലും ഭുജ്ബലിന്റെ മന്ത്രിസഭാ പ്രവേശനത്തിന് ഫഡ്നാവിസ് കാത്തിരിക്കുകയായിരുന്നുവെന്ന് സ്രോതസുകൾ പറയുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമായ ഭുജ്ബൽ, ഒബിസി വിഭാഗത്തിലെ മാലി സമുദായത്തിൽ പെട്ടയാളാണ്. ഒബിസി അവകാശങ്ങൾക്കും പ്രാതിനിധ്യത്തിനും വേണ്ടി വളരെക്കാലമായി പ്രവര്‍ത്തിക്കുന്ന സ്വാധീനമുള്ള നേതാവുമാണ്. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മുൻ മഹായുതി മന്ത്രിസഭയിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയായിരുന്നു 77കാരനായ ഭുജ്ബൽ.
കഴിഞ്ഞ വർഷം ഫഡ്നാവിസ് സർക്കാർ അധികാരമേറ്റപ്പോൾ, എൻസിപി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ തന്റെ അനുയായി ധനഞ്ജയ് മുണ്ടെയ്ക്ക് സ്ഥാനക്കയറ്റം നൽകാനാണ് താല്പര്യമെടുത്തത്. മുണ്ടെയ്ക്ക് ഭക്ഷ്യ — സിവിൽ സപ്ലൈസ് വകുപ്പിന്റെ ചുമതല നൽകി. ഭുജ്ബലിന്റെ വരവ് എൻ‌സി‌പി സഖ്യത്തിലെ മന്ത്രിമാരുടെ ക്വാട്ട നിലനിർത്താൻ സഹായിക്കുക മാത്രമല്ല, സ്ഥാനം നിഷേധിക്കപ്പെട്ടതിൽ അസ്വസ്ഥനായ മുതിര്‍ന്ന നേതാവിനെ അനുനയിപ്പിക്കുകയും ചെയ്യും. ഒരു കൊലക്കേസിൽ തന്റെ സഹായിയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട സമ്മർദത്തെത്തുടര്‍ന്നാണ് മുണ്ടെ രാജിവച്ചത്. വിവാദങ്ങൾക്കിടയില്‍ വോട്ടർമാരെയും മഹാരാഷ്ട്രയുടെ ജാതി സമവാക്യങ്ങളെയും സ്വാധീനിക്കാന്‍ ഭുജ്ബാലിന്റെ നേതൃത്വം ഇപ്പോൾ മഹായുതിക്ക് വളരെ പ്രസക്തമാണ്.

2026ലെ തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ വരാമെന്ന സ്വപ്നമാണ് സിപിഐ(എം)ഉം മുഖ്യമന്ത്രി പിണറായി വിജയനും കാണുന്നത്. പ്രതിപക്ഷമായ കോൺഗ്രസ് നയിക്കുന്ന യുഡിഎഫുമായി ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് എൽഡിഎഫ്. തന്റെ സർക്കാരിന്റെ വിവിധ പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ച് വിശദീകരിച്ചുകൊണ്ട് സംസ്ഥാനത്തെ 14 ജില്ലകളിലും മുഖ്യമന്ത്രി സന്ദർശനം നടത്തിവരികയാണ്. 2021ൽ രണ്ടാം തവണയും വിജയിച്ചതിലൂടെ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) ഐക്യ ജനാധിപത്യ മുന്നണിയും (യുഡിഎഫ്) മാറിമാറിയുള്ള കേരളഭരണം പഴങ്കഥയായി. ഭരണവിരുദ്ധ വികാരത്തെ മറികടന്ന് എൽഡിഎഫ് 140 അംഗ നിയമസഭയിൽ 99 സീറ്റുകളിൽ വൻ ഭൂരിപക്ഷം നേടി. നാല് പതിറ്റാണ്ടിനിടെ സംസ്ഥാനം തുടർച്ചയായി ഭരണ സഖ്യത്തിന് വോട്ട് ചെയ്തത് ഇതാദ്യമായാണ്. വികസന വിഷയമാണ് ഇടതുപക്ഷം തങ്ങളുടെ പ്രധാന മുദ്രാവാക്യമായി ഉയർത്തിക്കാട്ടുന്നത്. ഇടതുപക്ഷത്തിന്റെ ഈ ഗെയിംപ്ലാനിൽ, ബിജെപിയുടെ തെരഞ്ഞെടുപ്പ് വളര്‍ച്ച തടയുക എന്നതാണ് പ്രധാന വെല്ലുവിളി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, എൽഡിഎഫിന്റെ സ്വാധീനം ഭേദിക്കാനുള്ള ശ്രമത്തിനിടെ വിഭാഗീയത നിറഞ്ഞ സ്വന്തം സഖ്യത്തെ ഒരുമിച്ച് നിർത്താനുമുള്ള തീവ്രമായ പോരാട്ടമായിരിക്കും 2026ല്‍ നടക്കുക. 

മഹാരാഷ്ട്രയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ ശരദ് പവാറിന്റെയും അജിത് പവാറിന്റെയും വിഭാഗങ്ങൾ ലയിക്കുമെന്ന അഭ്യൂഹങ്ങൾ നിലനില്‍ക്കെ കിംവദന്തികള്‍ നിയന്ത്രിക്കാൻ ഇരുപക്ഷവും മെല്ലെപ്പോക്കാണ് സ്വീകരിക്കുന്നത്. അതേസമയം, ശരദ് പവാര്‍ വിഭാഗത്തിൽ അനിശ്ചിതത്വവും വളരുകയാണ്. അവിടെനിന്ന് ചില എംഎൽഎമാർ അജിത് പവാര്‍ പക്ഷവുമായി ലയിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തന്റെ വിഭാഗത്തിൽ നിന്നുള്ള കാെഴിഞ്ഞുപോക്ക് തടയാൻ ശരദ് പവാർ ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അനുമാനിക്കപ്പെടുന്നു. 288 അംഗ നിയമസഭയിൽ ശരദ് പവാര്‍ വിഭാഗത്തിന് 10 എംഎൽഎമാർ മാത്രമേയുള്ളു. എന്നാല്‍ 2024ൽ സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളിൽ എട്ടെണ്ണം അവർ നേടി.
ലയനത്തെക്കുറിച്ചുള്ള ശരദ് പവാറിന്റെ പരാമർശങ്ങൾ പിൻവാങ്ങലിന്റെ സൂചനയായും കണക്കാക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ മകളും പാര്‍ട്ടി വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെയും അജിത് പവാറും ലയനകാര്യം തീരുമാനിക്കുമെന്ന് ശരദ് പവാർ പറഞ്ഞിരുന്നു. ലയനത്തിനായുള്ള അത്തരമൊരു നീക്കത്തെ സുപ്രിയ സുലെ തള്ളിക്കളഞ്ഞെങ്കിലും, പാർട്ടികളെ തകർക്കുന്നതിൽ വിദഗ്ധരായ ബിജെപി അപ്പുറത്ത് കാത്തിരിക്കുകയും, എൻസിപിക്ക് ക്ഷയം സംഭവിക്കുമെന്ന ആശങ്ക വർധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിൽ പവാറിന് ലയനം ആവശ്യമാണെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയുണ്ട്. ഇപ്പോൾ എല്ലാ കണ്ണുകളും ശരദ് പവാറിലാണ്. അദ്ദേഹത്തിന്റെ നീക്കം എൻസിപിയുടെ ഭാവി പുനർനിർണയിക്കുകയും സംസ്ഥാനത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റുകയും ചെയ്യും. 

ബിഎസ്‌പി ദേശീയ പ്രസിഡന്റ് മായാവതി, ഒരു സുപ്രധാന നീക്കത്തിൽ, അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടിയുടെ ചീഫ് നാഷണൽ കോ ഓർഡിനേറ്ററായി നിയമിച്ചു. സംഘടനാപരമായ പുനഃസംഘടനയുടെ ഭാഗമായി, ദേശീയ കോ ഓർഡിനേറ്ററുടെ നേതൃത്വത്തിൽ രാജ്യത്തെ മൂന്ന് സോണുകളായി വിഭജിച്ച് സംഘങ്ങള്‍ രൂപീകരിക്കാൻ മായാവതി നിർദേശിച്ചു. രാജ്യത്തുടനീളം പാർട്ടി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തമാണ് ആകാശ് ആനന്ദിനെ ഏല്പിച്ചിരിക്കുന്നത്. മൂന്ന് സോണൽ കോ ഓർഡിനേറ്റർമാർ കാര്യങ്ങള്‍ നേരിട്ട് റിപ്പോർട്ട് ചെയ്യും. വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ തന്നെ ചിലർ ഇതിനെ മായാവതിയുടെ നിശബ്ദമായ പിന്മാറ്റമായും ആനന്ദിനെ അവരുടെ അപ്രഖ്യാപിത പിൻഗാമിയായും കാണുന്നു. ആനന്ദ് യുവമുഖത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് ദളിത് യുവാക്കളെ ആകർഷിക്കാൻ സഹായിക്കും. നിലവില്‍ അവരിൽ പലരും ചന്ദ്രശേഖർ ആസാദിനെപ്പോലുള്ള നേതാക്കളിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. ആനന്ദിന്റെ വരവ് ബിഎസ്‌പിയിലെ വിഭാഗീയത പരിഹരിക്കാനും മായാവതിയുടെ അധികാരം ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് പാര്‍ട്ടി പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുകയും പുതിയ ദിശാബോധം നൽകുകയും ചെയ്യുമെങ്കിലും, ബിഎസ്‌പിയുടെ സംഘടനാ ശക്തി പുനർനിർമ്മിക്കുകയും അതിന്റെ അടിത്തറ വീണ്ടും ഒന്നിപ്പിക്കുകയും ചെയ്യുക എന്നതാണ് യഥാർത്ഥ വെല്ലുവിളി. 

ഈ വർഷാവസാനം നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാർ രാഷ്ട്രീയം തിരക്കിലാണ്. ആർജെഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയുടെ പട്നയിലെ വസതിക്ക് സമീപമുള്ള ഒരു പോസ്റ്റർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവിനെ ‘യഥാർത്ഥ (ശുദ്ധദേശി) ബിഹാറി’ യെന്ന് പ്രഖ്യാപിക്കുകയും എൽജെപി (ആർവി) മേധാവിയും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനെ ‘പുറത്തുള്ളയാള്‍’ എന്ന് മുദ്രകുത്തുകയും ചെയ്തത് വിവാദത്തിന് തിരികൊളുത്തി. ആർജെഡിയുടെ ഒരു വനിതാ പ്രവർത്തക സ്ഥാപിച്ച പോസ്റ്ററിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയെയും പരിഹസിക്കുകയും ചിരാഗിന്റെ തലയിൽ ഒരു കിരീടം ചാര്‍ത്തുന്നതായി ചിത്രീകരിക്കുകയും ചെയ്യുന്നു.
മറുവശത്താകട്ടെ മുൻ കേന്ദ്രമന്ത്രി ആര്‍ സി പി സിങ്, തന്റെ ചിരകാലവിരോധിയായ പ്രശാന്ത് കിഷോറുമായി കൈകോർത്തു. സിങ്, തന്റെ ആപ് സബ്കി ആവാസ് പാർട്ടി (അസാപ്) യെ കിഷോറിന്റെ ജൻ സൂരജ് പാർട്ടി (ജെഎസ്‌പി) യിൽ ലയിപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ (യുണൈറ്റഡ്) പാർട്ടിയിലായിരിക്കെ സിങ്ങും കിഷോറും കടുത്ത എതിരാളികളായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.