21 January 2026, Wednesday

കലാപത്തിന് മുന്നേ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറിയിരുന്നതായി ഷര്‍ജീല്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2026 12:06 pm

2020 ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ആക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് വളരെ മുമ്പ് താന്‍ പൗരത്വം ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറിയിരുന്നുവെന്ന വിദ്യാര്‍ത്ഥി ആകടിവിസ്റ്റ് ഷര്‍ജീല്‍ ഇമാം കോടതിയെ അറിയിച്ചു. തന്റെ പ്രസംഗങ്ങൾ പ്രതിഷേധ പ്രസ്ഥാനത്തിന് വർഗീയ നിറംനൽകുന്നുവെന്നും അത് ദോഷം ചെയ്യുമെന്നും കൂടെയുള്ളവർ പറഞ്ഞതിനെത്തുടർന്നാണ് താൻ പിന്മാറിയതെന്നും അദ്ദേഹം വാദിച്ചു. 

കാർക്കർദൂമ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സമീർ ബാജ്പായ്ക്ക് മുമ്പാകെ ഹാജരായ ഷർജീൽ ഇമാമിന്റെ അഭിഭാഷകൻ താലിബ് മുസ്തഫയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. പ്രക്ഷോഭത്തിനിടെ ഷർജീലിനെ മാറ്റിനിർത്തിയിരുന്നു. 2020 ഫെബ്രുവരിയിലെ കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ ഷർജീലിന് പങ്കില്ലെന്നും അദ്ദേഹം വാദിച്ചു. പ്രതിഷേധം വർഗീയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, അതിന് കാരണം താനാണെന്നുമാണ് അവർ കരുതിയത്. അതുകൊണ്ട്, ജനുവരി 2‑ഓടെ ഞാൻ സമരത്തിൽ നിന്ന് പിന്മാറി. അതുവരെ അക്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല ഷർജീൽ ഇമാമിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

ഷർജീൽ ഇമാന്റെ ഈ വാദങ്ങൾ കേസിനെ ഒരു വലിയ വഴിത്തിരിവിലേക്കെത്തിച്ചിരിക്കുകയാണ്. ആദ്യമായിട്ടാണ് മറ്റു പ്രതികളിൽനിന്ന് ഷർജീൽ മാറ്റിനിർത്തപ്പെട്ടെന്ന വാദം ഉയരുന്നത്. കലാപത്തിലേക്ക് നയിച്ച ഗൂഢാലോചനയ്ക്ക് പ്രധാന പങ്കുവഹിച്ചത് ഷർജീലും സഹപ്രതി ഉമർ ഖാലിദും ആണെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടിരുന്നപ്പോഴും ഷർജീൽവ ഇമാം ആക്രമണങ്ങളെ പിന്തുണച്ചിരുന്നില്ലെന്നും അഭിഭാഷകൻ അവകാശപ്പെട്ടു. ഷർജീൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതുവരെ അക്രമങ്ങളുണ്ടായില്ല, പ്രതിഷേധ സ്ഥലങ്ങളിൽ പ്രാസംഗികരെ ഏകോപിപ്പിക്കുക എന്നതായിരുന്നു ഷർജീൽ ഇമാമിന്റെ പങ്ക് അദ്ദേഹം കൂട്ടിച്ചേർത്തു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനായി മുസ്ലീം സ്റ്റുഡന്റ്‌സ് ഓഫ് ജാമിയ എന്ന പേരിൽ ഒരു പ്രത്യേക ഗ്രൂപ്പ് അദ്ദേഹം സൃഷ്ടിച്ചിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. ഡോണാൾഡ് ട്രംപിന്റെ 2020 ഫെബ്രുവരിയിലെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചാണ് പ്രതിഷേധങ്ങൾ നടന്നതെന്ന പ്രോസിക്യൂഷന്റെ വാദവും ഇമാം നിരസിച്ചു. ട്രംപിന്റെ യാത്രാ ഷെഡ്യൂൾ ജനുവരി 28‑ന് ഷർജീൽ അറസ്റ്റിലായതിന് ശേഷമാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതെന്നും, പ്രതിഷേധങ്ങളുടെ ദിശ മാറിയതായി ആരോപിക്കപ്പെട്ട സമയത്ത് ഷർജീൽ പോലീസ് കസ്റ്റഡിയിലായിരുന്നു’ അഭിഭാഷകൻ വ്യക്തമാക്കി. ഉമർ ഖാലിദാണ് ഷർജീലിന് നയിച്ചതെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. അത് തെളിയിക്കുന്നതിനുള്ള കോൾരേഖകളോ കൂടിക്കാഴ്ചയുടെ തെളിവുകളോ ഇല്ല. കാമ്പസിൽ ഇരുവരും ആറ് വർഷമായി സംസാരിച്ചിട്ടില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.