30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 30, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025

കേരളത്തിലെ കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ശശി തരൂരിലേക്ക്

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം 
അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
August 22, 2023 10:25 pm

എഐസിസി പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിനെ കേരള രാഷ്ട്രീയത്തില്‍ പരീക്ഷിക്കാനൊരുങ്ങി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെക്കെതിരെ മത്സരിച്ച തരൂരിനെ കേരളത്തിലെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏല്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.
ദേശീയ തലത്തില്‍ നേതൃത്വത്തിലെയും അണികളിലെയും ഒരു വിഭാഗത്തിന്റെ പിന്തുണയാര്‍ജിച്ചതിലൂടെ പാര്‍ട്ടിയില്‍ താന്‍ കരുത്തനാണെന്ന് തരൂര്‍ തെളിയിച്ചു. വിമര്‍ശനങ്ങള്‍ നിലനില്‍ക്കെത്തന്നെയാണ് ശശി തരൂരിനെ എഐസിസി പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത്. തരൂരും അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ആനന്ദ് ശർമ്മ, മുകുൾ വാസ്നിക്ക് എന്നിവരും പാർട്ടിക്കുള്ളിൽ ജനാധിപത്യം ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയ ജി-23 നേതാക്കളാണ്. കെപിസിസി പ്രസിഡന്റായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയെ വരെ ക്ഷണിതാവാക്കി മാറ്റിനിര്‍ത്തിയപ്പോഴാണ് പാര്‍ട്ടിയില്‍ താരതമ്യേന പ്രവര്‍ത്തന പരിചയം കുറഞ്ഞ തരൂരിന് സ്ഥാനം ലഭിച്ചത്
കേരളത്തിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ മാത്രമേയുള്ളൂവെന്നും നേതൃത്വഗുണമുള്ള ഒരാള്‍പോലുമില്ലെന്നുവരെ എഐസിസിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് നേതൃത്വം ആലോചിക്കുന്നത്. തീരുമാനം കേരളത്തിലെ ഗ്രൂപ്പുകളെ ഏകോപിപ്പിക്കുമെന്നും അവരെല്ലാം ഒറ്റക്കെട്ടായി രംഗത്തെത്തുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. എന്നാല്‍ ഇനിയും പ്രതിപക്ഷത്തിരിക്കേണ്ടിവന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പരിതാപകരമാവുമെന്നും പാര്‍ട്ടിയിലെ പിളര്‍പ്പിനുതന്നെ അത് കാരണമാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നലകുന്നുമുണ്ട്.
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് എന്നപോലെ കേരളത്തില്‍ ശശി തരൂരും അണികള്‍ക്ക് പ്രിയങ്കരനാണെന്നും തീരുമാനം മറിച്ചായാല്‍ അത് പാര്‍ട്ടിയുടെ പതനത്തിനായിരിക്കും കാരണമാവുകയെന്നും നേതൃത്വം കരുതുന്നു. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇതുസംബന്ധിച്ച് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. സംസ്ഥാനത്ത് സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എഐസിസി നേതൃത്വം നേരിട്ട് ഇടപെട്ട് തീരുമാനം നടപ്പിലാക്കാനാണ് ആലോചന.
അതേസമയം എന്തുവന്നാലും ശശിതരൂരിന്റെ നേതൃത്വത്തെ അംഗീകരിക്കാനാവില്ലെന്നാണ് ഗ്രൂപ്പിനതീതമായി കേരള നേതാക്കളുടെ നിലപാട്.

Eng­lish sum­ma­ry; Sashi Tha­roor to take reins of Con­gress in Kerala

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.