7 January 2026, Wednesday

Related news

December 28, 2025
December 10, 2025
December 4, 2025
August 20, 2025
July 28, 2025
June 28, 2025
June 26, 2025
June 26, 2025
May 28, 2025
May 18, 2025

തരൂരിനെ വെട്ടിലാക്കി ഹൈക്കമാൻഡ് ; ലോക്‌സഭ വേണ്ടെങ്കില്‍ നിയമസഭയിലേക്കും സീറ്റില്ല

കെ രംഗനാഥ്
തിരുവനന്തപുരം
January 19, 2023 11:01 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണുംനട്ട് കഴിയുന്ന ശശിതരൂരിനെയും കൂട്ടാളികളെയും വെട്ടിലാക്കി കോണ്‍ഗ്രസ് ഹെെക്കമാന്‍ഡിന്റെ തിട്ടൂരം. ലോക്‌സഭയിലേക്ക് മത്സരിക്കാത്തവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്കുമെന്ന് ഉറപ്പ് പറയാനാവില്ലെന്ന് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിലപാട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ മുഖേന ബന്ധപ്പെട്ടവരെ അറിയിച്ചു കഴിഞ്ഞതായി ഇന്ദിരാഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും മാറിനില്ക്കുന്നത് പാര്‍ട്ടിവിരുദ്ധ നിലപാടായി വ്യാഖ്യാനിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായും അറിയുന്നു. ലോക്‌സഭ വേണ്ടെന്ന് പറയുന്നത് നിയമസഭയിലേക്ക് മത്സരിക്കുന്നതിനുള്ള യോഗ്യതയായി അംഗീകരിക്കാനാവില്ല. മാത്രമല്ല പരാജയ ഭീതിമൂലമാണ് ലോക്‌സഭാ മത്സരത്തില്‍ നിന്ന് ഒഴിവാകുന്നതെന്ന പ്രതീതി വോട്ടര്‍മാരില്‍ സൃഷ്ടിക്കാനും ഇടയാക്കുമെന്ന് ഹെെക്കമാന്‍ഡിന് ആശങ്കയുണ്ട്.

ശശിതരൂരിന് പുറമെ ടി എന്‍ പ്രതാപന്‍, അടൂര്‍പ്രകാശ് തുടങ്ങി എട്ടോളം കോണ്‍ഗ്രസ് ലോക്‌സഭാംഗങ്ങളാണ് ഇനി ലോക്‌സഭയിലേക്കില്ലെന്ന് ഇതിനകം പരസ്യമായി വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്തുനിന്നും കോണ്‍ഗ്രസിന് 15 ലോക്‌സഭാംഗങ്ങളാണുള്ളത്. ഭാരത് ജോഡോ യാത്രയുടെ വിജയവും പ്രതിപക്ഷ നിരകളിലെ അഭൂതപൂര്‍വമായ ഐക്യവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിജയത്തിന്റെ നിലമൊരുക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി എംപിമാര്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്ക്കുന്നത് തെറ്റായ സന്ദേശമാണ് നല്കുന്നതെന്ന് ഹെെക്കമാന്‍ഡ് കരുതുന്നു. 20ല്‍ 19 സീറ്റും കഴിഞ്ഞതവണ നേടിയ യുഡിഎഫിന് ഇത്തവണ ആ സംഖ്യയില്‍ കാര്യമായ കുറവുണ്ടാകുമെന്നിരിക്കെ ലോക്‌സഭാ മത്സരത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കു കൂടിയാകുമ്പോള്‍ പരാജയം കനക്കുമെന്ന വിലയിരുത്തലും ഹെെക്കമാന്‍ഡിനുണ്ടെന്ന് താരിഖ് അന്‍വര്‍ വ്യക്തമാക്കിയതായും അറിയുന്നു.

അതിനാലാണ് ലോക്‌സഭയിലേക്ക് മത്സരിക്കാത്തവര്‍ക്ക് നിയമസഭയിലേക്ക് സീറ്റില്ലെന്ന കര്‍ക്കശ നിലപാടിലേക്ക് ഹെെക്കമാന്‍ഡ് നീങ്ങുന്നത്. ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചവര്‍ നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോള്‍ ലോക്‌സഭാംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാനും വിലക്കുണ്ടാവും. വടകര നിന്നും വീണ്ടും മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ കെ മുരളീധരന് സീറ്റ് ഉറപ്പാണ്. എറണാകുളത്ത് ഹെെബി ഈഡനും ആലത്തൂരില്‍ രമ്യാ ഹരിദാസിനും പാലക്കാട് വി കെ ശ്രീകണ്ഠനും നറുക്ക് വീഴും. എന്നാല്‍ ശശിതരൂരിന്റെ മുഖ്യമന്ത്രിപദ മോഹത്തെ തുടക്കത്തില്‍ മുരളീധരന്‍ പിന്തുണച്ചത് തിരുവനന്തപുരം സീറ്റില്‍ കണ്ണുംനട്ടായിരുന്നു. ഹെെക്കമാന്‍ഡിന്റെ പുതിയ നിലപാടോടെ മുരളീധരനെ വടകരയില്‍ത്തന്നെ തളച്ചിടാനാണ് സാധ്യത.

ഇതോടെ തകരുന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകര സീറ്റ് മോഹമായിരിക്കും. ഇത്തവണ കണ്ണൂരില്‍ മത്സരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. പകരം സതീശന്‍ പാച്ചേനിയെയാണ് കണ്ടുവച്ചിരുന്നത്. അദ്ദേഹം അകാലത്തില്‍ വിടചൊല്ലി. പകരം കെപിസിസി ജനറല്‍ സെക്രട്ടറി റിജില്‍ മാക്കുറ്റിയുടെ പേരാണ് ഉയര്‍ന്ന് കേട്ടിരുന്നതെങ്കിലും റിജില്‍ ശശിതരൂരിന്റെ ക്യാമ്പിലേക്ക് ചേക്കേറിയതോടെ ആ സാധ്യതയും അടഞ്ഞു. കോട്ടയത്ത് കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച കേരള കോണ്‍ഗ്രസിലെ തോമസ് ചാഴിക്കാടന്‍ ഇപ്പോള്‍ എല്‍ഡിഎഫിലാണ്. അവിടെ ഉമ്മന്‍ചാണ്ടിയുടെ വലംകെെയായ കെ സി ജോസഫിനായിരിക്കും നറുക്ക് വീഴുക.

ആലപ്പുഴയില്‍ കെ സി വേണുഗോപാലിന് നോട്ടമുണ്ടെങ്കിലും രാജ്യസഭാംഗമായതിനാല്‍ പരിഗണിക്കില്ലെന്നാണ് കെപിസിസി വൃത്തങ്ങള്‍ നല്കുന്ന സൂചന. പത്തനംതിട്ടയില്‍ ഇത്തവണ ആന്റോ ആന്റണിയെ മാറ്റി പകരം യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെ പരീക്ഷിച്ചേക്കും. അതല്ലെങ്കില്‍ നിയമസഭയിലേക്ക് ജില്ലയില്‍ നിന്നും ഒരു സീറ്റ് മാങ്കൂട്ടത്തിന് നല്‍കിയേക്കും. സീറ്റ് നിര്‍ണയത്തിലേക്ക് കടക്കുമ്പോഴേക്കും കോണ്‍ഗ്രസിന്റെ സര്‍ഗവാസനകളായ പാരവയ്പും കാലുവാരലും കൂട്ടയടിയും ഉണ്ടാകുമെന്ന് ഉറപ്പാണ്.

Eng­lish Sum­ma­ry: Shashi Tha­roor will not be giv­en a seat to con­test the assem­bly elections
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.