22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 20, 2024
November 25, 2023
October 28, 2023
October 25, 2023
October 23, 2023
September 19, 2023
January 13, 2023
January 12, 2023
January 9, 2023

വീണ്ടും വില്ലനായി ഷവർമ; ഭക്ഷ്യവിഷബാധയേറ്റവര്‍ 13

രണ്ട് പേർക്ക് കൂടി സാൾമണൈസ് ബാക്ടീരിയ
സ്വന്തം ലേഖിക
ആലപ്പുഴ
October 28, 2023 9:04 am

ചിക്കൻ വിഭവങ്ങളുടെ രുചിപിടിച്ച മലയാളിക്ക് മുന്നിൽ ഷവർമ വീണ്ടും അപകടകാരിയാകുന്നു. എറണാകുളത്ത് പാലാ സ്വദേശി ഷവർമ കഴിച്ചതിനെ തുടർന്ന് മരിച്ചത് വീണ്ടും ഷവർമയ്ക്ക് വില്ലൻ വേഷം നൽകുന്നത്. പ്രശ്നമുണ്ടാകുമ്പോൾ മാത്രം പരിശോധന കർശനമാക്കുകയും പിന്നീട് വീണ്ടും പഴയപടിയാവുകയുമാണ്. 

കോവിഡിന് ശേഷം ജില്ലയിൽ നൂറിലേറെ ഷവർമ സ്ഥാപനങ്ങൾ പുതുതായി തുടങ്ങി. അത്രയ്ക്കുണ്ട് ജനപ്രീതി. 2012ൽ തിരുവനന്തപുരത്ത് നിന്ന് ഷവർമ കഴിച്ച യുവാവ് ബംഗളൂരുവിൽ മരിച്ചതിന് ശേഷമാണ് ഈ അറേബിയൻ വിഭവം നോട്ടപ്പുള്ളിയായത്. കഴിഞ്ഞ വർഷം കോഴിക്കോട് വീണ്ടും ദുരന്തം ആവർത്തിച്ചു. ഇപ്പോൾ കൊച്ചിയിലും. എല്ലുനീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്പിയിൽ കോർത്ത് ഗ്രിൽ അടുപ്പിന് മുന്നിൽ വച്ചു വേവിച്ചെടുക്കുന്നതാണ് ഷവർമ. ആട്, പോത്ത് ഇറച്ചികളെല്ലാം ഷവർമയ്ക്ക് കൊള്ളാമെങ്കിലും ഇവിടെ ചിക്കനോടാണ് പ്രിയം. ബോട്ടുലിനം എന്ന വിഷാംശമാണ് ഷവർമയെ വില്ലനാക്കുന്നത്. പൂർണമായും വേവിക്കാത്തതോ പഴകിയതോ വൃത്തിയില്ലാത്തതോ ആയ ഇറച്ചിയിൽ പതിയിരിക്കുന്ന ക്ലോസ്ട്രിഡിയം ബാക്ടീരിയയാണ് ബോട്ടുലിനം ടോക്സിൻ നിർമിക്കുന്നത്. പഴകിയ മാംസം ഉപയോഗിക്കുകയോ വൃത്തിയില്ലാത്ത പരിസരത്ത് ഉണ്ടാക്കുകയോ ചെയ്താൽ പണിയുറപ്പ്.
ഷവർമയുണ്ടാക്കുന്ന സ്ഥലം ചില്ലിട്ട് സൂക്ഷിക്കണം. മാംസം ലൈസൻസുള്ള കടകളിൽ നിന്ന് വാങ്ങണം. മാംസം ഫ്രീസറിൽ 18 ഡിഗ്രിയിൽ സൂക്ഷിക്കണം. വെള്ളം അംഗീകൃത ലാബുകളിൽ പരിശോധിക്കണം. ജീവനക്കാർ വ്യക്തി, പരിസര ശുചിത്വം പാലിക്കണം. 

അതതു ദിവസത്തേയ്ക്കുള്ള ഷവർമ മാത്രം ഉണ്ടാക്കണംഷവർമ, ബാർബിക്യൂ, ഷവായി, അൽഫാം, കുഴിമന്തി തുടങ്ങിയ അറേബ്യൻ വിഭവങ്ങൾക്കൊപ്പം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മയോണൈസ്. ഭക്ഷ്യവിഷബാധയിൽ പലപ്പോഴും വില്ലനാകുന്നതും ഈ മയോണൈസാണ്. ന്യൂജൻ റെസ്റ്റോറന്റുകളിലെ തീൻമേശയിൽ എത്തുന്ന യുവാക്കളുടെ ഇഷ്ടവിഭവമായ മയോണൈസ് പാതി വെന്ത മുട്ടയിലാണ് ഉണ്ടാക്കേണ്ടത്. എന്നാൽ, എളുപ്പത്തിന് മിക്ക ഹോട്ടലുകളിലും പച്ചമുട്ട ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് ‘സാൽമൊണല്ല’ വൈറസുകൾക്ക് കാരണമാകും. സാധാരണ ഊഷ്മാവിൽ അധികസമയം തുറന്നു വയ്ക്കുമ്പോഴുണ്ടാകുന്ന പൂപ്പലാണ് മയോണൈസിനെ വില്ലനാക്കുന്നത്. ഇത് മാരക അസുഖങ്ങൾക്കിടയാക്കും. രണ്ടുമണിക്കൂറാണ് പരമാവധി മയോണൈസിന്റെ ആയുസ്സ്. എന്നാൽ, കടകളിൽ ഇത് പത്തും പന്ത്രണ്ടും മണിക്കൂറാണ് തുറന്നുവച്ച് ഉപഭോക്താക്കൾക്ക് വിളമ്പുന്നത്. ഉപ്പിലിട്ടത് വേഗത്തിൽ തയ്യാറാക്കാൻ ചില കടകൾ ബാറ്ററി വെള്ളം ചേർക്കുന്നതും അപകടകരമാണ്
.
വൈകുന്നേരങ്ങളിൽ വെളിച്ചം വിതറുന്ന ലൈറ്റുകൾക്കൊപ്പം കടകളിൽ കാണുന്ന പതിവുകാഴ്ചയാണ് വൈക്കോൽ കൂനപോലെ അടുക്കിവച്ച മാംസം നിറച്ച ഷവർമ തട്ടുകൾ. ഒപ്പം കനലിൽ ചുട്ടെടുക്കുന്ന അൽഫാം എന്ന അറേബ്യൻ വിഭവവും. ശ്രദ്ധയോടെയും വൃത്തിയോടെയും പാചകം ചെയ്യണ്ടതാണ് ഇവ. എന്നാൽ, പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല. ഹോട്ടലുകളിലെ ഫ്രിഡ്ജുകളിൽ പച്ചക്കറിയും വേവിച്ച ഇറച്ചിയും ഒരുമിച്ച് സൂക്ഷിക്കരുത്, ഇറച്ചി തൂക്കിയിടുന്ന കമ്പിയും അൽഫാം വേവിക്കുന്ന ഇരുമ്പ് നെറ്റും എല്ലാദിവസവും വൃത്തിയാക്കണം, ഇറച്ചി നന്നായി വെന്തില്ലെങ്കിൽ ബാക്ടീരിയകൾ നശിക്കില്ല. ഷവർമയിൽ എല്ലാവശത്തും തീ കൃത്യമായി എത്തി മാംസം നല്ലപോലെ വേവണം, ബാക്കിവരുന്ന ഇറച്ചി അടുത്ത ദിവസത്തേക്ക് ഉപയോഗിക്കുന്നതും അപകടം. ഷവർമയ്ക്കും അൽഫാമിനും ഒപ്പം നൽകുന്ന സാലഡിലെ പച്ചക്കറികൾ കേടാകാത്തത് ആണെന്ന് ഉറപ്പാക്കണം എന്നീകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ഷവര്‍മ: ഭക്ഷ്യവിഷബാധയേറ്റവര്‍ 13

തൃക്കാക്കര: ഷവർമ കഴിച്ച് യുവാവ് മരിച്ച ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം പതിമൂന്നായി. അതേസമയം മരിച്ച കോട്ടയം സ്വദേശി രാഹുലിന് പുറമേ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചികിത്സതേടിയ രണ്ട് പേർക്ക് കൂടി അതീവ ഗുരുതരമായ സാൾമണൈസ് ബാക്ടീരിയ സാന്നിധ്യം രക്ത പരിശോധയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ നടത്തിയ രക്ത പരിശോധനയിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്.
കാക്കനാട് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയ രാഹുലിന്റെ രക്തസാമ്പിൾ പരിശോധനയിൽ സാൾമണൈസ് ബാക്ടീരിയ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. യുവാവിന്റെ ഹൃദയത്തിൽ നിന്നുള്ള രക്തസാമ്പിൾ പരിശോധനയിലാണ് സാൾമണൈസ് കണ്ടെത്തിയത്. ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിക്കഴിച്ച ഷവർമയിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റുവെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിനു പിന്നാലെ രാഹുലിന്റെ ആന്തരികാവയങ്ങൾ വിദഗ്ധ പരിശോധനക്കായി അയച്ചിരിക്കുകയാണ്. ആന്തരികാവയവ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു. 

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സയന്റിഫിക് വിഭാഗം ഷവർമ വാങ്ങിയ കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിലും രാഹുലിന്റെ ചിറ്റേത്തുകരയിലെ താമസ സ്ഥലത്തും വിദഗ്ധ പരിശോധന നടത്തിയതിന്റെ ഫലം പുറത്തുവന്നിട്ടില്ല. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനി ജീവനക്കാരനായ രാഹുൽ ഡി നായർ ഇക്കഴിഞ്ഞ 18ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയപ്പോഴാണ് ഹോട്ടലിൽ നിന്ന് ഓൺലൈനായി ഷവർമ വാങ്ങി കഴിച്ചത്. 

അതേസമയം ചികിത്സ തേടിയ അഞ്ച് പേർക്ക് കൂടി ഇന്നലെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. ഇൻഫോപാർക്ക് ജീവനക്കാരും കണ്ണൂർ സ്വദേശികളുമായ നിഖിൽ, ശ്രീനീഷ്, തൊടുപുഴ സ്വദേശിനിയും വിദ്യാർത്ഥിനിയുമായ മീനാക്ഷി, പെരിന്തല്‍മണ്ണ സ്വദേശിയും കാക്കനാട് മൊബൈൽ ഷോപ്പ് ജീവനക്കാരനുമായ ഫാരീസ്, വാഴക്കാല സ്വദേശിനി ലിമ ബാബു എന്നിവർ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയതായി മുനിസിപ്പൽ ആരോഗ്യ വിഭാഗം ജില്ലാ മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകി. വ്യാഴാഴ്ച എട്ടു പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. കൂടുതൽ പേർ വിഷബാധയേറ്റതായി തൃക്കാക്കര മുനിസിപ്പൽ ഓഫിസിൽ ഫോണിൽ വിളിച്ച് അറിയിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Shawar­ma as the vil­lain again; Food poi­son­ing vic­tims 13

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.