23 January 2026, Friday

Related news

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026
January 11, 2026
January 11, 2026
January 11, 2026
January 8, 2026

ദേശവും കാലവും കടന്ന് ഒഴുകുന്ന എഴുത്തിലെ സ്ത്രീയെ അടയാളപ്പെടുത്തി ഷീല ടോമിയും തനൂജ ഭട്ടതിരിയും

Janayugom Webdesk
തിരുവനന്തപുരം
January 11, 2026 8:50 pm

നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കെഎൽഐബിഎഫ് ഡയലോഗിൽ ‘എഴുത്തിലെ സ്ത്രീ- ദേശവും കാലവും അതിരുകളും’ വിഷയത്തിൽ എഴുത്തുകാരി തനൂജ ഭട്ടതിരിയും ഷീല ടോമിയും സ്ത്രീ എഴുത്തുകാരുടെ യാത്രകളും അനുഭവങ്ങളും വഴി സാഹിത്യത്തിലും സമൂഹത്തിലും സ്വന്തമായൊരു ‘ഇടം’ കണ്ടെത്തുന്നതിനെക്കുറിച്ച് സംവദിച്ചു.

”വായനകളിലൂടെയും മറ്റുള്ളവരുടെ രചനകളിലൂടെയും തങ്ങളുടെ ചുറ്റുപാടിൽ നിന്നും കുറെ കാര്യങ്ങൾ മനസ്സിലാക്കിയാണ് പണ്ടുകാലത്തെ സ്ത്രീകൾ എഴുതിയിരുന്നത്. വീട്ടിനുള്ളിലെ ചെറിയ പ്രശ്നങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, മാതൃത്വം എന്നിവയിലേക്ക് മാത്രം സ്ത്രീകളുടെ എഴുത്തിനെ പലരും ചുരുക്കിക്കാണുന്നു. അത്തരം പ്രശ്നങ്ങളെല്ലാം സ്ത്രീയുടെയും പുരുഷന്റെയും ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ അതിനപ്പുറം ഒരു ലോകമുണ്ട്. അവിടെയാണിന്ന് കെ ആർ മീരയെ പോലുള്ള എഴുത്തുകാരികൾ എഴുതാൻ വേണ്ടി തന്നെ യാത്ര ചെയ്യുന്നത്. കൊൽക്കത്തയിൽ പോയി ഒരുപാട് നാളുകൾ അവിടെ ജീവിച്ചതിന്റെ ഫലമായാണ് ‘ആരാച്ചാർ’ രചിക്കപ്പെട്ടത്. സ്ത്രീകളിന്ന് ലോകത്തെയും മനുഷ്യാനുഭവങ്ങളെയുംക്കുറിച്ച് വിശാലമായി എഴുതുന്നു,” തനൂജ ഭട്ടതിരി പറഞ്ഞു.

‘മൺചായ’യെന്ന എന്റെ ചെറുകഥ രൂപപ്പെട്ടത് വയനാട് ദുരന്തത്തിന്റെ ദൃശ്യങ്ങൾ കണ്ടപ്പോഴാണ്. മണ്ണിൽ കലങ്ങിയ വെള്ളം കണ്ടപ്പോൾ തോന്നിയ ആ ചിന്ത, കോടി തലമുറകളിലെ സ്ത്രീകളുടെ ആത്മസംഘർഷങ്ങളെയും ജീവിതത്തെയും അടയാളപ്പെടുത്തിയെന്നും തനൂജ പറഞ്ഞു. 

പഴയ കാലത്ത് നിന്നും വ്യത്യസ്തമായി ഇന്ന് സ്ത്രീകൾ അവരുടേതായ ഇരിപ്പിടങ്ങളും ഇടങ്ങളും നേടിത്തുടങ്ങി. ‘ദേശം’ എന്നത് ഒരു ഭൂമിശാസ്ത്രപരമായ സ്ഥലം മാത്രമല്ല, ഞാൻ ഇരിക്കുന്നിടം എന്റെ ദേശമാണ്, എന്റെ സ്പേസ് ആണ്. ആ ഇടങ്ങളിലേക്ക് സ്ത്രീകളുടെ കഥകൾ ഒഴുകിയെത്തുകയാണ്. ഈ കാലം പൂർവകാലത്തിന്റെ തുടർച്ചയാണ്. പൂർവകാലമില്ലാതെ ഇന്നില്ല, ഇന്നില്ലാതെ നാളെയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

‘വല്ലി’ മുതൽ ‘ആ നദിയോട് പേര് ചോദിക്കരുത്’ വരെയുള്ള എഴുത്തുപാതയിൽ, വയനാടിന്റെയും ഗൾഫ്–മിഡിൽ ഈസ്റ്റ് പ്രവാസത്തിന്റെയും അനുഭവങ്ങളാണ് തന്നെ രൂപപ്പെടുത്തിയതെന്നും ജോർദാനിയൻ, പലസ്തീനി, സിറിയൻ സഹപ്രവർത്തകരുടെ കണ്ണീർകഥകളാണ് ‘ആ നദിയോട് പേര് ചോദിക്കരുത്’ നോവലിന്റെ ആത്മാവെന്നും ഷീല ടോമി പറഞ്ഞു. 

ജോലിക്കല്ല, വിനോദ സഞ്ചാരിയായിട്ടാണ് ഗൾഫിൽ പോയിരുന്നതെങ്കിൽ ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന, പലസ്തീൻ പ്രശ്നം കേന്ദ്ര പ്രമേയമാക്കിയ നോവൽ തനിക്കൊരിക്കലും എഴുതാൻ കഴിയുമായിരുന്നില്ലെന്നും തനിക്കൊപ്പം ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്ത മനുഷ്യരുടെ വേദനകളിൽ നിന്നാണ് കൃതി പിറന്നതെന്നും അവർ വ്യക്തമാക്കി. ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് വളരെ മുൻപേ തന്നെ ‘ജെറുസലേം പുകഞ്ഞുകൊണ്ടിരിക്കുന്നു’ എന്ന് എഴുതിയിരുന്നു. മാനവികതയുടെ പക്ഷത്തുനിന്ന് നോക്കുമ്പോൾ നൂറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരുന്ന സാധാരണക്കാരായ ചില മനുഷ്യരുടെ പ്രശ്നങ്ങൾ ആളിക്കത്താൻ അധികം സമയം വേണ്ടെന്ന് ബോധ്യമായി. അൽ–അക്‌സ മസ്ജിദിൽ ഇസ്രായേൽ സൈന്യം ഇടിച്ചു കയറി അവിടെ പ്രാർത്ഥിച്ചുകൊണ്ടിരുന്ന കുറെ മനുഷ്യർക്ക് നേരെ നടത്തിയ ആക്രമണങ്ങൾ നേരിട്ട് കണ്ടതിന്റെ പശ്ചാത്തലത്തിലാണ് അങ്ങനെ എഴുതിയതെന്നും ഷീല ടോമി പറഞ്ഞു

ഗൾഫിലെ വർഷങ്ങളായ പ്രവാസം കൊണ്ടാണ് അഭയാർഥികളുടെ ജീവിതം, ഭക്ഷണത്തിനായി വരി നിൽക്കുന്നവർ, ചെക്ക്‌പോസ്റ്റുകളിൽ മണിക്കൂറുകൾ കാത്തുനിൽക്കുന്നവർ തുടങ്ങിയവരുടെ യാഥാർഥ്യം അറിയാൻ കഴിഞ്ഞതെന്നും അതിനാലാണ് ഈ നോവൽ ദേശവും കാലവും കടന്ന് ഒഴുകുന്ന, മനുഷ്യസ്നേഹത്തിന്റെ ഒരു പേരില്ലാത്ത നദിയായി രൂപപ്പെട്ടതെന്നും അവർ വ്യക്തമാക്കി.

ദേശവും കാലവും പുറത്തല്ല, ഓരോ സ്ത്രീയുടെ ഉള്ളിലാണുള്ളതെന്നും വരും തലമുറ എഴുത്തിനായി ഉള്ളിലെ അതിരുകൾ തകർക്കണമെന്നും ഷീല ടോമി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.