ദുല്‍ഖറിന്റെ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രം സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനും സ്‌നേഹനിധിയായ അനുജനുമായി മാറിയ ‘സല്യൂട്ട്’ പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയില്‍ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളും അതിന്റെ സമ്മര്‍ദ്ദവും പ്രശ്‌നങ്ങളുമെല്ലാം സധൈര്യം സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പുകളടുക്കുമ്പോള്‍ ഭരണകക്ഷികളുടെ പാവകളായി മാറേണ്ടി വരുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ നിസ്സഹായതയും കുറ്റബോധവുമെല്ലാം തെളിഞ്ഞു നില്‍ക്കുന്ന ചിത്രം. മാനസിക സമ്മര്‍ദ്ദത്താല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന കേരളത്തില്‍ അവരുടെ കാക്കിക്കു പിന്നിലെ ജീവിതത്തിന്റെ ഒരേടാണ് സല്യൂട്ടിലൂടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്ര്യൂസ് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. ബോബിയും സഞ്ജയും കഥയെ വരച്ചു വെച്ചത് സ്ലോ പേസില്‍ നീങ്ങുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണെങ്കിലും അവിടവിടെ നല്‍കിയ യാഥാര്‍ത്ഥ്യങ്ങളുടെ തനിപ്പകര്‍പ്പുകള്‍ കഥയിലേക്കലിയാന്‍ പ്രേക്ഷകര്‍ക്ക് പ്രേരകമാകുന്നു.
നിരപരാധിയായ പ്രതിക്കുവേണ്ടി നടത്തുന്ന ഒറ്റയാള്‍ പോരാട്ടമെന്ന നിലയില്‍ നീങ്ങുന്ന സിനിമ പിന്നീട് കര്‍മ്മ നിരതനായ ഉദ്യോഗസ്ഥന്‍ തന്റെ ടീമിനോട് പുലര്‍ത്തുന്ന സത്യസന്ധവും ആത്മാര്‍ത്ഥവുമായ അര്‍പ്പണ ബോധത്തിലേക്കാണെത്തുന്നത്. അതിനിടയില്‍ വരച്ചു വെച്ച കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ഊഷ്മളതയും ഏട്ടനെ മാതൃകയാക്കുന്ന, തന്റെ ഹീറോയാക്കുന്ന ഏതൊരനിയന്റെയും കാഴ്ചപ്പാടും റിയലിസത്തിന്റെ മേമ്പൊടികൂടി വിതറുകയാണ്. വിധിയും ഭാഗ്യവുമെല്ലാം സ്വാധീനിച്ചൊരു അന്വേഷണത്തില്‍ തന്റെ നിലപാടുകളിലുറച്ചു നിന്ന് അനീതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന നായകന് വീടും നാടും ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ ലിവ് ഇന്‍ റിലേഷനിലെത്തുന്ന നായികാ കഥാപാത്രം ബോളിവുഡ് താരമായ ഡയാനപെന്റിയുടെ കൈകളില്‍ ഭദ്രമായിരുന്നു. സാധാരണ പൊലീസ് ചിത്രങ്ങളില്‍ കാണുന്ന ഭീകരമായ ഫൈറ്റ് സീനുകളും കോരിത്തരിപ്പിക്കുന്ന രംഗങ്ങളുമൊന്നുമില്ലാതെ ഒരു പാട്ടിന്റെ പോലും അകമ്പടിയില്ലാതെ നീങ്ങുന്ന സിനിമയില്‍ അജ്ഞാതനായ കൊലയാളിയെ തേടുന്ന പൊലീസ് ഉദ്യോഗസ്ഥനൊപ്പം കാക്കിയണിയാതെ പ്രേക്ഷകരും ചേരുന്നു. മനോജ് കെ ജയന്‍, സായ്കുമാര്‍, അലന്‍സിയര്‍, ബിനു പപ്പു, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായെത്തുന്നത്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.