മനോഹരമായ ഇടംകൈ ബാറ്റിങ് കൊണ്ട് അമ്പരപ്പിച്ചിട്ടുള്ള ഇന്ത്യയുടെ ശിഖര്‍ ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് 38കാരനായ ധവാൻ പറഞ്ഞു. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളാണ് പാഡഴിക്കുന്നത്. 2010ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഡല്‍ഹിയില്‍ ജനിച്ച ധവാന്‍ ഓസ്ട്രേലിയക്കെതിരേയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. അരങ്ങേറ്റ ടെസ്റ്റിൽ അടക്കം 24 അന്താരാഷ്ട്ര സെഞ്ചുറികൾ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ശിഖര്‍ ധവാന്റെ പേരിലുണ്ട്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ധവാന്‍ പറഞ്ഞു. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ ഇന്ത്യക്കായി ഒടുവിൽ കളിക്കാനിറങ്ങിയത്.
ഇന്ത്യക്കായി 269 മത്സരങ്ങളിൽ ഇറങ്ങിയ ധവാൻ 10,867 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 24 സെഞ്ചുറികളും 44 അർധ സെഞ്ചുറികളും താരം ഇന്ത്യൻ ജേഴ്സിയിൽ അടിച്ചെടുത്തു. 167 ഏകദിനങ്ങളില്‍ നിന്നും 17 സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളുമടക്കം 6793 റണ്‍സാണ് ആരാധകര്‍ ഗബ്ബാറെന്നു വിശേഷിപ്പിക്കുന്ന ധവാന്റെ സമ്പാദ്യം. ഇന്ത്യ പുതിയ ഓപ്പണിങ് കൂട്ടുകെട്ടുകൾ തേടിപോയതോടെയാണ് ധവാന് അവസരങ്ങൾ കുറഞ്ഞത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ശുഭ്മാൻ ഗില്ലും ഇഷാൻ കിഷാനും യുവതാരം യശസ്വി ജയ്സ്വാളും വരെ ഇന്ത്യൻ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇതോടെ ധവാന്റെ വഴിയടഞ്ഞു.
ബൗണ്ടറികള്‍ നേടുന്നതില്‍ ബ്രാന്‍ഡ് അംബാസഡറായിരുന്നു ശിഖര്‍ ധവാന്‍.
ഭയമില്ലാതെ എതിരാളികള്‍ക്കെതിരെ ബൗണ്ടറി നേടാനുള്ള ധവാന്റെ മിടുക്ക് ശ്രദ്ധേയമാണ്. ഇന്ത്യന്‍ ടീമിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കു നന്ദിയെന്നും ആരാധകര്‍ കുറിക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 137 റണ്‍സടിച്ചതാണ് ധവാന്റെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന്. ഡെയ്ല്‍ സ്റ്റെയ്‌ന്‍, മോണി മോര്‍ക്കല്‍, വെയ്‌ന്‍ പാര്‍നല്‍, വെര്‍നോണ്‍ ഫിലാണ്ടര്‍ തുടങ്ങിയ പേസ് നിരയ്ക്കെതിരെയായിരുന്നു ഈ സെഞ്ചുറി. 2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ ധവാൻ നേടിയത് 338 റൺസ്. സച്ചിൻ ടെൻഡുൽക്കർ–സൗരവ് ഗാംഗുലി സഖ്യത്തിനു ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടായി വളരാൻ ധവാനും രോഹിത് ശർമ്മയ്ക്കും സാധിച്ചു. 2019 ലോകകപ്പിലും ഇതേ ഫോം തുടർന്ന ധവാന് പരിക്കാണ് വില്ലനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.