
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് നിയമപോരാട്ടത്തിൽ നിർണ്ണായക വിജയം. ഡൽഹിയിലെ പാട്യാല ഹൗസ് കോടതി, ധവാന്റെ മുൻഭാര്യ ആയിഷ മുഖർജിക്ക് സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ലഭിച്ച ഏകദേശം 5.7 കോടി രൂപ തിരികെ നൽകാൻ ഉത്തരവിട്ടു. ഭീഷണിപ്പെടുത്തിയും വഞ്ചനയിലൂടെയുമാണ് ഈ തുക കൈക്കലാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ദേവേന്ദ്ര കുമാർ ഗാർഗിന്റെ ഉത്തരവ്. ധവാൻ സോഫി ഷൈനിനെ വിവാഹം കഴിച്ചതിന് (ഫെബ്രുവരി 21) തൊട്ടുപിന്നാലെയാണ് ഈ കോടതി വിധി വരുന്നത്.
ഓസ്‌ട്രേലിയയിലെ രണ്ട് വസ്തുവകകൾ വിറ്റതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയൻ ഫാമിലി കോടതിയുടെ ഉത്തരവുപ്രകാരം ആയിഷയ്ക്ക് ഏകദേശം 8.9 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ ലഭിച്ചിരുന്നു. കൂടാതെ ധവാന്റെ ഇന്ത്യയിലെ സ്വത്തുക്കളിലടക്കം വിഹിതം ചോദിച്ചുകൊണ്ട് മൊത്തം 3.6 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ ആയിഷയ്ക്ക് അനുകൂലമായി വിദേശ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഓസ്‌ട്രേലിയൻ ഫാമിലി ലോ ആക്ട് ഇന്ത്യയിൽ ബാധകമല്ലെന്നും, ഇന്ത്യൻ നിയമപ്രകാരം ഈ തുക ആവശ്യപ്പെടാൻ ആയിഷയ്ക്ക് അവകാശമില്ലെന്നും ഡൽഹി കോടതി വ്യക്തമാക്കി.
തന്റെ കരിയറും സൽപ്പേരും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വസ്തുവകകൾ ആയിഷ സ്വന്തം പേരിലോ സംയുക്തമായോ രജിസ്റ്റർ ചെയ്യിപ്പിച്ചതെന്ന് ധവാൻ കോടതിയെ അറിയിച്ചു. തന്റെ പണം കൊണ്ട് വാങ്ങിയ ഒരു വസ്തുവിന്റെ 99 ശതമാനം ഉടമസ്ഥാവകാശവും അവർ അവകാശപ്പെട്ടിരുന്നു. ഓസ്‌ട്രേലിയൻ കോടതിയുടെ വിധി ഹിന്ദു വിവാഹ നിയമത്തിന് വിരുദ്ധമാണെന്നും ആ കോടതിക്ക് ഈ കേസിൽ അധികാരപരിധിയില്ലെന്നും ഡൽഹി കോടതി നിരീക്ഷിച്ചു. കൈപ്പറ്റിയ തുക ഒൻപത് ശതമാനം പലിശ സഹിതം തിരികെ നൽകാനാണ് കോടതിയുടെ നിർദ്ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.