19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 27, 2024
October 14, 2024
May 9, 2024
March 29, 2024
February 25, 2024
January 17, 2024
January 10, 2024
January 10, 2024
January 9, 2024

ശിവസേന: പേരും ചിഹ്നവും ഷിൻഡെ പക്ഷം: വിലയ്ക്കു വാങ്ങി

Janayugom Webdesk
മുംബൈ/ ന്യൂഡല്‍ഹി
February 19, 2023 10:53 pm

ശിവസേനയെന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചത് 2000 കോടിയുടെ ഇടപാടാണെന്ന് ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ശിവസേന എന്ന പേരും പാർട്ടി ചിഹ്നവും ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെള്ളിയാഴ്ച ഉത്തരവിറക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും ടാഗ് ചെയ്താണ് ട്വിറ്ററില്‍ റാവത്ത് ആരോപണം ഉന്നയിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും താമസിയാതെ പല കാര്യങ്ങളും വെളിപ്പെടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എംഎല്‍എമാര്‍ക്ക് 50 കോടി വീതവും എംപിയെ വാങ്ങാന്‍ 100 കോടിയും ഷിന്‍ഡെപക്ഷം മുടക്കി. കൗണ്‍സിലര്‍മാരെ 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നല്‍കിയാണ് ഒപ്പം നിര്‍ത്തിയതെന്നും റാവത്ത് ആരോപിച്ചു. ഭരണകക്ഷിയുമായി അടുപ്പമുള്ള ഒരു ബിൽഡറില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. തെളിവുകള്‍ ഉടനെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആരോപണങ്ങള്‍ ഷിന്‍ഡെ പക്ഷം തള്ളി. റാവത്ത് എന്താ കാഷ്യര്‍ ആണോ എന്ന് ഷിന്‍ഡെ വിഭാഗം എംഎല്‍എയായ സഡാ സര്‍വങ്കര്‍ പരിഹസിച്ചു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമാണ് ബിജെപിയുമായുള്ള സഖ്യം ശിവസേന ഉപേക്ഷിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരിലായിരുന്നു വിയോജിപ്പ്. പിന്നാലെ ഉദ്ധവ് താക്കറെ മഹാവികാസ് അഘാഡി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി. ഇതിനിടെ 2022 ജൂണിലാണ് ഏകനാഥ് ഷിന്‍ഡെ ശിവസേന പിളര്‍ത്തിയത്. ബിജെപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുകയും ഷിന്‍ഡെ മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു.

എട്ടുമാസത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുകയായിരുന്നു. പാര്‍ട്ടിയുടെ 56 എംഎല്‍എമാരില്‍ 40 പേര്‍ ഷിന്‍ഡെ വിഭാഗത്തോടൊപ്പം ചേര്‍ന്നു. 19 എംപിമാരില്‍ 13 പേരും ഷിന്‍ഡെയോടൊപ്പമാണ്.

അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് താക്കറെ വിഭാഗം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഷിന്‍ഡെ വിഭാഗം സുപ്രീം കോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ഷിന്‍ഡെ വിഭാഗം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അതിനിടെ ഉദ്ധവ് താക്കറെയോട് കൂറുപുലര്‍ത്തുന്നവരടക്കം എല്ലാ എംഎല്‍എമാരും പാര്‍ട്ടി വിപ്പ് അനുസരിക്കണമെന്ന് ഷിന്‍ഡെ വിഭാഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അവര്‍ അയോഗ്യരാക്കപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കി. ഉദ്ധവ് താക്കറെയുടെ പുത്രന്‍ ആദിത്യ താക്കറെയ്ക്കും ഇത് ബാധകമാണെന്നും ശിവസേന ചീഫ് വിപ്പ് ഭരത് ഗോഗവലെ പറഞ്ഞു.

Eng­lish Sum­ma­ry: Shiv Sena: Name and sym­bol Shinde side: bought at a price

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.