
ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്കുനേരെ കോടതി മുറിയില്‍ ഷൂ വലിച്ചെറിഞ്ഞ സംഭവത്തില്‍ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി നിഷേധിച്ചു. കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതി നല്‍കുക വഴി മറ്റൊരു എപ്പിസോഡിന് തുടക്കമിടാന്‍ കോടതിക്ക് താല്പര്യമില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസിന് നേര്‍ക്ക് ഷൂ വലിച്ചെറിഞ്ഞ അഭിഭാഷകനായ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിന് അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് തുടര്‍നടപടി സ്വീകരിക്കേണ്ടതില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു. ഹര്‍ജിക്ക് അനുമതി നല്‍കുന്ന പക്ഷം വരും ആഴ്ചകളില്‍ സോഷ്യല്‍ മീഡിയ ഇത് മാര്‍ക്കറ്റ് ചെയ്യുമെന്നും ധനം സമ്പാദിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു. കോടതിയലക്ഷ്യ ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഡിവിഷന്‍ ബെഞ്ച് തുടര്‍ നടപടികള്‍ റദ്ദാക്കിയിരിക്കുന്നത്.
ഈമാസം ആറിനാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ കോടതിമുറിയില്‍ രാകേഷ് കിഷോര്‍ ഷൂ വലിച്ചെറിഞ്ഞത്. സനാതന ധര്‍മ്മത്തെ സുപ്രീം കോടതി അവഹേളിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഭിഭാഷകൻ ഒരു പശ്ചാത്താപവും പ്രകടിപ്പിക്കാത്തതിനാലും തന്റെ പ്രവൃത്തിയെ ന്യായീകരിച്ചതും ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വികാസ് സിങ്ങാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. രാകേഷ് കിഷോറിനെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.