21 December 2024, Saturday
KSFE Galaxy Chits Banner 2

തീണ്ടാരിക്കുളം- സാജിത അയിരൂരിന്റെ കഥ.…

സാജിത അയിരൂർ
April 28, 2023 4:07 pm

“അച്ഛാ.… അച്ഛാ.… എഴുന്നേൽക്കൂ… ഇന്നലെ രാത്രിതുടങ്ങിയ ഒറക്കാണ്. തിരുപ്പൂരുന്നു വണ്ടിയിൽ കയറിയപ്പോ തുടങ്ങിയ തള്ളുകളാണ്. ഉത്സവത്തിന് കൊടികയറ്റത്തിനു പോയാൽ എല്ലാം കഴിഞ് ആറാട്ടു മുങ്ങീട്ടേ വീട്ടിൽ കേറുള്ളൂ… എന്തൊക്കെയായിരുന്നു. കൊടികയറാൻ സമയമായീന്നു തോന്നുണു. ഒന്ന് വേഗം പോയി കുളിക്കച്ചാ”.… തങ്കം അച്ഛനെ കുത്തിപൊക്കാൻ തുടങ്ങീട്ട് നേരം കുറെയായി.

“എടാ രാവുണ്ണീ നീ വേഗംപോയി കുളിച്ചുവരൂ. സുധയും കുട്ട്യോളും കുളിയും കഴിഞ്ഞു ഒരുങ്ങി നിൽക്കുന്നു “ചായയുമായി വന്ന ഓപ്പോളാണ് പറയുന്നത്.“അവർക്ക് ദേഷ്യം വന്നു തുടങ്ങീട്ടോ.…. നീ എന്താ രാവുണ്ണി ആലോചിക്കണത്. എന്തുപറ്റി നിനക്ക്.”.
“ഒന്നൂല്യ ഓപ്പോളേ?
“പിന്നെ സുധയുമായി വല്ല ലോഹ്യക്കെടുണ്ടോ ”
“ആ… അച്ഛൻപെങ്ങളെ ഈ അച്ഛൻ മടിപിടിചിരിക്യാണ്. “തങ്കം അച്ഛൻ പെങ്ങളെ പിന്താങ്ങി.
“നിങ്ങളെന്താ ആലോചിച്ചുകെടക്കണത്. ദാ കുട്യോൾ വാശിപിടിച്ചു തുടങ്ങീരിക്ക്ണു.“സുധ ഒച്ച വെക്കാൻ തുടങ്ങി.
“എടീ ഞാൻ ഓരോന്ന് ആലോചിച്ചു പോയി എന്റെ ചെറുപ്പകാലത്തുനടന്ന ഒരു സംഭവം ഓർത്തുപോയി “രാമനുണ്ണി ഭാര്യയോടും കുട്ടികളോടുമായി പറഞ്ഞു. “ഓപ്പോളേ… ഒരുകൊല്ലം ഉത്സവത്തിന് ഞാൻ തീണ്ടാരിക്കുളത്തിൽ വീണതും ഉത്സവത്തിന് പോകാൻപറ്റാതിരുന്നതും ഓപ്പോൾക്ക് ഓർമ്മയില്ലേ? അതൊന്ന് പറഞ്ഞുകൊടുക്കു എന്റെ സഹധർമ്മിണിക്കും സന്താനങ്ങൾക്കും.”
രാമനുണ്ണി കട്ടിലിൽ ചാരിയിരുന്നു.

തങ്കവും ആമിയും ഓപ്പോൾടെ ചുറ്റും കൂടി കഥകേൾക്കാൻ.ഓപ്പോൾ ചായപ്പാത്രം കുനിഞ്ഞു മേശയിൽ മേശയിൽ വെച്ചുകൊണ്ട് പറഞ്ഞു തുടങ്ങി.
“വീട്ടിൽ പാടവും പറമ്പും സ്വത്തുക്കളുണ്ടെങ്കിലും ഞങ്ങൾ കുട്ടികൾക്ക് കാശ് കിട്ടാൻ വല്ലാത്ത ബുദ്ധിമുട്ടാണ്. അച്ഛനും വല്ലിച്ചനും മദ്രാസിൽനിന്ന്‌ അയക്കുന്ന മണിയോർഡർ വീട്ടിലെ പണിക്കാർക്കും വീട്ടുച്ചിലവിനും രക്ഷസിനുള്ള പൂജക്കും അമ്പലങ്ങളിലേക്കുള്ള വഴിപാടിനും തികയില്ല. ബാക്കി തേങ്ങക്കാരന്റെ കയ്യീന്ന് വാങ്ങീട്ടുണ്ടാവും മുത്തശ്ശി.അന്നൊക്കെ ഞങ്ങൾ കുട്ടികൾ ഉത്സവത്തിനൊക്കെ പോകണമെങ്കിൽ പറമ്പിലെ കശുമാവിൽനിന്ന് കാക്കകൊത്തിയിടുന്ന കശുവണ്ടി പറക്കി സൂക്ഷിച്ചു വെച്ചിട്ടുവേണം. മുത്തശ്ശി കാണാതെ വേണം. അത് വിറ്റു ഞങ്ങൾ പെൺകുട്ടികൾ വളയും സാധനങ്ങളും ആൺകുട്യോൾ കൊത്തുപമ്പരം പീപ്പി ഒക്കെ വാങ്ങും… പിന്നെ അമ്പലപറമ്പിൽ കിട്ടുന്ന പൊരി.. മധുരസേവ.. എല്ലാം വാങ്ങി തിന്നും.”
ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് ഓപ്പോൾ തുടർന്നു..

“ഒരു ഉത്സവകാലം.…. എഴുദിവസം നീണ്ടുനിക്കുന്ന ഉത്സവമാണ്. രണ്ടാം ഉത്സവം നമ്മുടെ തറവാട്ടു വകയാണ്. ഉച്ചവരെയുള്ള പറയെടുപ്പ് കഴിഞ്ഞു. എല്ലാവരും അമ്പലത്തിൽനിന്ന് സദ്യയുണ്ട്‌ വീട്ടിലെത്തിയതും ക്ഷീണത്തിൽ ഉറങ്ങിപ്പോയി. ഞാൻ ഒരു ആഴ്ചപതിപ്പ് വായിച്ചുകിടക്കുന്നു.… പെട്ടെന്ന് ഒരു കരച്ചിൽ… കരച്ചിൽ അടുത്തേക്ക് വരുന്നു.…. അമ്മാളുവമ്മേ… അമ്മാളുവമ്മേ എന്ന് .… മുത്തശ്ശിയെവിളിച്ചാണ് കരച്ചിൽ. ഞാൻ അടുക്കളപ്പുറത്തേക്ക് ചെന്നു… വടക്കേ പറമ്പിലെ മമ്മുമാപ്ല കരഞ്ഞു കൊണ്ടു പറയാണ് “രാവുണ്ണി തീണ്ടാരി കൊളത്തിൽ വീണ്.”.. “അയ്യോ എങ്ങിനെവീണത് മമ്മുമാപ്ലെ”… ഞാൻ ഉച്ചത്തിൽ അലറി കരയാൻ തുടങ്ങി.. എന്റെ കരച്ചിൽ കേട്ട് എല്ലാവരും ഉണർന്നു ഓടി വന്നു.…. എങ്ങിനെയാണാവോ വീണത്… എല്ലാവരും കൂടി ഓടി ചെല്ലുമ്പോൾ കൊളത്തിന്റെ നടുവിൽ മുങ്ങിതാഴുന്ന രാവുണ്ണിയെയാണ് കാണുന്നത്. മുത്തശ്ശിയും അമ്മേം വല്യമ്മേം തളർന്നു കുളക്കടവിൽ കിടപ്പായി. നീന്താൻ വശമുള്ള ഏട്ടന്മാർ ആരും കുളത്തിലേക്കു ചാടുന്നില്ല. തീണ്ടാരിക്കുളമായതോണ്ടാണ് അവർ ഇറങ്ങാത്തത്. നളിനിയൊപ്പോൾ നീന്തിയെങ്കിലും തളർന്നു പോയി. രാവുണ്ണി ചളിയിലേക്ക് ആണ്ടു പൊക്കൊണ്ടിരുന്നു. പെട്ടെന്ന് മമ്മു മാപ്ലതന്നെ ചാടി. മുങ്ങാൻ തുടങ്ങിയ രാവുണ്ണിയെ വലിച്ചു ഒരുവിധത്തിൽ കരയിലെത്തിച്ചു
വയർ നല്ലോണം വീർത്തിട്ടുണ്ട്. തീണ്ടാരിക്കുളത്തിലെ വെള്ളം ഇഷ്ടംപോലെ അകത്തായിട്ടുണ്ട്. മമ്മുമാപ്ല, തലയിൽ ഇവന്റെ വയർ അമർത്തി കിടത്തി വീടിന്റ നാലുചുറ്റും ഓടാൻതുടങ്ങി. ഓട്ടത്തിൽ അകത്തുചെന്ന വെള്ളം മുഴുവനും ഛർദിച്ചു.… തറയിൽ നിവർത്തി കിടത്തി. ചൂടുവെള്ളത്തിൽ തുടച്ചു. അപ്പോഴേക്കും ആരോപോയി ഡോക്ടറെ കൊണ്ടന്നു. കുഴപ്പം ഒന്നൂല്യ. കണ്ണ് തുറന്നു എല്ലാവരെയും നോക്കി.…. മരണത്തെ എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നിട്ടും രക്ഷപെട്ടു. ഉത്സവത്തിന് പോകാൻ പറ്റില്ലല്ലോന്നുള്ള സങ്കടമുണ്ടെങ്കിലും ചങ്ങാതിക്ക് കാവലിരുന്നു… മധുവും കരീമും.. ഷിഹാബും…
മൂന്നാളുകൂടി അണ്ടി പൊട്ടിക്കാൻ മാവിൽ കേറീതാണല്ലോ. മരം കേറ്റം അറിയാത്തതുകൊണ്ട് രാവുണ്ണിയോട് കേറണ്ടാന്ന് പറഞ്ഞതാണ്. എന്നാലും ഒരാവേശത്തിന് കേറി. മുകളിലെത്തിപ്പോൾ പേടിയായി.. പിടിവിട്ടു..അന്ന് ഉണ്ണാതെ ഉറങ്ങാതെ ഉത്സവത്തിന് പോകാതെ മൂന്നുപേരും വടക്കേ ഇറയത്തുകാവലിരുന്നു.“ഓപ്പോൾ പറഞ്ഞു നിർത്തിയതും ആമിയുടെ സംശയം പെട്ടെന്നായിരുന്നു.“അച്ഛാ.. എന്താ തീണ്ടാരിക്കുളം?”
രാമുണ്ണി പറഞ്ഞു “അച്ഛനും അന്ന് അറിയില്ലായിരുന്നു കുട്ടീ. തറവാട്ടിലുള്ള പെണ്ണുങ്ങൾമാത്രം കുളിക്കുന്നത് കാണാം
ഒരീസം ഞാനും കുളിക്കാനായി വരണു ന്ന്‌ പറഞ്ഞപ്പോ അമ്പികേടത്തിയമ്മയാണ് പറഞ്ഞത് ““അത് തീണ്ടാരി പെണ്ണുങ്ങൾ കുളിക്കുന്ന കുളമാണ്. ആണുങ്ങളും തീണ്ടാരിയില്ലാത്തവരും അതിൽ കുളിക്കില്യാന്ന്. അപ്പോഴും തീണ്ടാരിയെന്താന്ന് അറിയില്ലായിരുന്നു. അതിനു കുറേസമയമെടുത്തു. “ഇപ്പൊ “തീണ്ടാരി ക്കുളം ഇല്ലേ അച്ഛാ? “തങ്കമാണ് ചോദിച്ചത്. ഇല്ല കുട്ടി.. റെയിൽവേയിൽ ജോലിക്ക് കയറിറ്റ് ആദ്യമായി ചെയ്തു തീർത്തത് തീണ്ടാരിക്കുളം മൂടിയതായിരുന്നു.
കുളിക്കാൻ കയറിയ രാമനുണ്ണിടെ ചിന്തമുഴുവനും മരണത്തിൽനിന്നും വലിച്ചു കരക്കിട്ട ദരിദ്രനായ മമ്മുമാപ്ലക്കു നൂറുറുപ്പിക കൊടുക്കാതെ..“തേവർക്ക് പട്ടുപാവാടയും പള്ളിയിൽ ഭഗവതിക്കു ചുറ്റുവിളക്കും “വഴിപാടാക്കിയ മുത്തശ്ശിയെ കുറിച്ചായിരുന്നു .അപ്പോൾ രാമനുണ്ണി അറിയാതെ ചിരിച്ചു
പോയി..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.