
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങും. വിജയം മാത്രം മുന്നില്‍ കണ്ടാണ് ശുഭ്മാന്‍ ഗില്ലും സംഘവും കളത്തിലെത്തുന്നത്. നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ട് മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചു. ഒരു മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ഇതോടെ ഇന്ന് ആരംഭിക്കുന്ന ടെസ്റ്റില്‍ വിജയം നേടിയാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര സമനിലയാക്കാന്‍ സാധിക്കൂ. വിജയമോ സമനിലയോ നേടിയാല്‍ പോലും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. നിലവില്‍ 2–1 എന്ന നിലയിലാണ് പരമ്പര. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ വിക്കറ്റ് കീപ്പറായി ധ്രുവ് ജൂറല്‍ എത്തും. ഓപ്പണിങ്ങില്‍ മാറ്റമില്ല. യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലുമിറങ്ങും. മൂന്നാം നമ്പറിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യക്ക് തലവേദന. മലയാളി താരം കരുണ്‍ നായരെ ഒഴിവാക്കിയാണ് കഴിഞ്ഞ മത്സരത്തില്‍ സായ് സുദര്‍ശനെ മൂന്നാം നമ്പറിലെത്തിച്ചത്. ആദ്യ ഇന്നിങ്സില്‍ സായ് 61 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ താരം ആദ്യ പന്തില്‍ പുറത്തായിരുന്നു. അവസാന ടെസ്റ്റിലും താരത്തെ തന്നെ നിലനിര്‍ത്തിയേക്കും. നാലാം നമ്പറില്‍ ഗില്‍ എത്തും. തോല്‍വിയിലേക്ക് വീഴുമായിരുന്ന നാലാം ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെയും സെഞ്ചുറിയാണ് സമനിലയിലെത്തിച്ചത്. ഇരുവരും പുറത്താകാതെ നിന്നു. അതിനാല്‍ തന്നെ ഓള്‍റൗണ്ടര്‍മാരായി ഇരുവരും ടീമുലുണ്ടാകും. ബൗളിങ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജസ്പ്രീത് ബുംറ കളിക്കുമോയെന്നതില്‍ വ്യക്തയില്ല.
പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമേ കളിക്കൂവെന്ന് പറഞ്ഞിരുന്ന ബുംറ ഇതിനോടകം തന്നെ മൂന്ന് മത്സരങ്ങളിലുമിറങ്ങി കഴിഞ്ഞു. ആകാശ് ദീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റതോടെയാണ് കഴിഞ്ഞ മത്സരത്തില്‍ ബുംറയ്ക്കിറങ്ങേണ്ടി വന്നത്. ബുംറയില്ലെങ്കില്‍ മുഹമ്മദ് സിറാജിനൊപ്പം അർഷ്ദീപ് സിങ്, ആകാശ് ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവരാകും പേസര്‍മാരായി ഉണ്ടാകുക. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ ആകാശ് കളിച്ചപ്പോൾ, അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ രണ്ട് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വീഴ്ത്തി. എന്നാല്‍ പരിക്ക് കാരണം നാലാം ടെസ്റ്റിൽ നിന്ന് താരം പുറത്തായി. അര്‍ഷ്ദീപ് സിങ് അരങ്ങേറ്റത്തിനാണ് കാത്തിരിക്കുന്നത്. അര്‍ഷ്ദീപ് എത്തുമ്പോള്‍ അന്‍ഷുല്‍ കംബോജ് പുറത്തിരിക്കും. കഴിഞ്ഞ മത്സരത്തില്‍ വിരലിന് പരിക്കേറ്റതോടെ ഷാര്‍ദുല്‍ ഠാക്കൂറാണ് പ്ലേയിങ് ഇലവനിലെത്തിയത്. സ്പിന്നര്‍ കുല്‍ദീപ് യാദവിനും അവസരമൊരുങ്ങിയേക്കും. ഓവലിലെ അവസാന 10 ടെസ്റ്റിൽ സ്പിന്നർമാർ 80 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. തുടക്കത്തില്‍ ബാറ്റിങ്ങിനനുകാലമായ പിച്ചാണെങ്കിലും പിന്നീട് സ്പിന്നര്‍മാരെ തുണയ്ക്കും. ഈ ഒരു സാധ്യത നില്‍ക്കുന്നതിനാലാണ് കുല്‍ദീപിനും ടീമിലിടം പിടിക്കാന്‍ സാധ്യതയുള്ളത്. അതേസമയം നേരത്തെ പ്രഖ്യാപിച്ച പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തി ഇംഗ്ലണ്ട്. വലതു തോളിനേറ്റ പരിക്കുമൂലം ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് പുറത്തായി. സ്റ്റോക്സിന് പകരം ജേക്കബ് ബേഥല്‍ ടീമിലെത്തി. ബെൻ സ്റ്റോക്സ് ആണ് പരമ്പരയിലെ വിക്കറ്റ് വേട്ടയിൽ മുൻപിൽ. 17 വിക്കറ്റുകളാണ് സ്റ്റോക്സ് വീഴ്ത്തിയത്. കഴിഞ്ഞ രണ്ട് ടെസ്റ്റിലും സ്റ്റോക്സ് ആയിരുന്നു കളിയിലെ താരം. പേസര്‍ ജോഫ്ര ആര്‍ച്ചര്‍, സ്പിന്നര്‍ ലിയാം ഡോവ്സണ്‍, ഓള്‍റൗണ്ടര്‍ ബ്രെയ്ഡന്‍ കാഴ്സ് എന്നിവരും പുറത്തായി. ജോഷ് ടങ്, ഗുസ് അറ്റ്കിന്‍സണ്‍, ജാമി ഓവര്‍ടണ്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തി. ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്(ക്യാപ്റ്റൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥൽ, ജേമി സ്മിത്, ഒവർടൻ, ക്രിസ് വോക്സ്, അറ്റ്സിൻസൻ, ജോഷ് ടങ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.