24 June 2024, Monday

Related news

May 13, 2024
May 11, 2024
July 26, 2023
July 22, 2023
July 21, 2023
July 15, 2023
July 14, 2023
July 13, 2023
May 13, 2023
May 11, 2023

കളക്ടര്‍ക്കെതിരെ പ്രതികരിച്ച ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Janayugom Webdesk
തിരുവനന്തപുരം
May 11, 2024 10:26 pm

ജില്ലാ കളക്ടറുടെ അപക്വമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ച ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലിന് കാരണം കാണിക്കല്‍ നോട്ടീസ്. കുഴിനഖ ചികിത്സയ്ക്ക് സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടിയ്ക്കെതിരെ ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചതിനാണ് നോട്ടീസ്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കളക്ടറുടെ നടപടിയ്ക്കെതിരെ കെജിഎംഒഎ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ചാനല്‍ ചര്‍ച്ചയില്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ വിമര്‍ശിച്ചത്.

റവന്യു വകുപ്പില്‍ തഹസില്‍ദാര്‍ കൂടിയായ ജയശ്ചന്ദ്രന്‍ കല്ലിംഗലിന് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ കളക്ടറുടെ കുഴിനഖ ചികിത്സയെക്കുറിച്ച് നോട്ടീസില്‍ ഒരു വാക്ക് പോലും പരാമര്‍ശിച്ചിട്ടില്ല. വരണാധികാരി കൂടിയായ ജില്ലാ കളക്ടറെ വിമര്‍ശിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.
സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണെന്നും, റവന്യുവകുപ്പിന്റെയാകെ പ്രതിച്ഛായക്ക് കളങ്കമേറ്റെന്നും കളക്ടറുടെ പരിശുദ്ധിയെ മോശം വാക്കുപയോഗിച്ച് കളങ്കപ്പെടുത്തിയെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നതാണ് മറ്റൊരു കാരണമായി പറയുന്നത്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും അല്ലാത്തപക്ഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 

എന്നാല്‍ കളക്ടറുടെ വിഷയത്തില്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും അതനുസരിച്ചാണ് പ്രതികരിച്ചതെന്നും ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ പറഞ്ഞു. വ്യക്തിപരമായി കളക്ടറുടെ പേരെടുത്ത് ചര്‍ച്ചയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.
പതിറ്റാണ്ടുകളായുള്ള പോരാട്ടങ്ങളിലൂടെയാണ് സിവില്‍ സര്‍വീസ് സംഘടനാ ജീവനക്കാര്‍ അവകാശങ്ങള്‍ നേടിയെടുത്തത്. അതുകൊണ്ടുതന്നെ ചില ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കുമെന്നും ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ പറഞ്ഞു. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ പ്രകടനം നടത്തും. കഴിഞ്ഞ ശനിയാഴ്ചയാണ് കളക്ടര്‍ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. എന്നാല്‍ സംഭവം ബുധനാഴ്ചയാണ് പുറത്തറിയുന്നത്. കളക്ടറുടെ നടപടിയ്ക്കെതിരെ കെജിഎംഒഎ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക് പരാതി നല്‍കിയിരുന്നു.

Eng­lish Summary:Show cause notice to the Gen­er­al Sec­re­tary of the Joint Coun­cil who respond­ed against the Collector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.