
സിക്കിൾസെൽ അനീമിയ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും കുടുംബശ്രീ മിഷനുമായി ചേർന്ന് പട്ടികവർഗ വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ അരിവാൾ രോഗികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി മുൻസിപ്പൽ ഹാളിൽ ബത്തേരി മുൻസിപ്പാലിറ്റി ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു. ഗോത്ര മേഖലകളിൽ രോഗം വ്യാപകമായി കാണപ്പെടുന്നതിനാൽ സ്ഥിരമായ രോഗബാധ ക്യാമ്പുകളും ജനസമ്പർക്ക പരിപാടികളും നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച. ജില്ലയിൽ നിലവിൽ 1276 രോഗബാധിതരുണ്ട്. ഇതിൽ 703 സ്ത്രീകളും 576 പുരുഷന്മാരും ഉൾപ്പെടുന്നു. രോഗകാരണം ജനിതകപരമായതിനാൽ വിവാഹത്തിന് മുൻപുള്ള രക്തപരിശോധനയും രോഗബോധവത്കരണവും അനിവാര്യമാണ്.
സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ട്രൈബൽ ജൻഡർ റിസോഴ്സ് സെന്റർ ബത്തേരി താലൂക്കിലെ ഉന്നതികളിൽ നിരവധി പ്രവർത്തനങ്ങൾ രോഗ പ്രതിരോധത്തിനായി നടപ്പാക്കുന്നുണ്ട്. ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ അരിവാൾ രോഗത്തിന് സ്ക്രീനിങ് നടത്തുന്നു.
രോഗബാധിതർ അരിവാൾ കോശങ്ങളുടെ എണ്ണവും വേദനയും കുറയ്ക്കാൻ സഹായിക്കുന്ന ഹൈഡ്രോക്സിയൂറിയ, പുതിയ അരുണ രക്താണുക്കളുടെ നിർമ്മാണത്തിന് സഹായിക്കുന്ന ഫോളിക് ആസിഡ് തുടങ്ങി ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുകയും പോഷക സമൃദ്ധമായ ഭക്ഷണരീതി സ്വീകരിക്കുകയും വേണം. ധാരളം വെള്ളം കുടിക്കുക, അമിതമായ തണുപ്പിൽ നിന്നും ചൂടിൽ നിന്നും ശരീരത്തെ സംരക്ഷിക്കുക, യോഗ, നടത്തം പോലുള്ള ലഘുവായ വ്യായമങ്ങൾ ചെയ്യുക, ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക തുടങ്ങിയവയും ശ്രദ്ധിക്കണം. പരിപാടിയിൽ വിവിധ വകുപ്പുകളുടെ യോജിച്ച പ്രവർത്തനം അരിവാൾ രോഗത്തെ പ്രതിരോധിക്കാൻ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് കുടുംബശ്രീ ഡിപിഎം ആശ പോൾ വിശദീകരിച്ചു. ദുരിതത്തിലായ സ്ത്രീകൾക്കും കുട്ടികൾക്കും സഹായവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ റിസോഴ്സ് സെന്ററുകളിലൂടെ അരിവാൾ രോഗം മൂലം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് കൗൺസിലിങ് മുതലായ സേവനങ്ങൾ ലഭ്യമാക്കും.
കുടുംബശ്രീയുടെ എഫ്എൻഎച്ച്ഡബ്യു സംവിധാനം ഉപയോഗപ്പെടുത്തി ഉന്നതികളിൽ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ ഉൾപ്പെടെയുള്ള സംയോജിത പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. പരിപാടിയിൽ സുൽത്താൻ ബത്തേരി താലൂക്കിലെ 300 ഓളം അരിവാൾ രോഗികൾ പങ്കെടുത്തു. സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ എം മജീദ്, സുൽത്താൻബത്തേരി ബ്ലോക്ക് പ്രസിഡന്റ് സി അസൈനാർ, സുൽത്താൻബത്തേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ, ജില്ലാ സിക്കിൾ സെൽ കോർഡിനേറ്റർ ഡോ. ഷിജി, സോഷ്യൽ വർക്കർ ദിൽ സെബാസ്റ്റ്യൻ, ട്രൈബൽ ജിആർസി കൗൺസിലർ കെ പി ബബിത, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.