
സുപ്രീം കോടതി നിര്‍ദേശം മറികടന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാർത്ഥ് വരദരാജനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്. ‘ദ വയറി’ന്റെ സ്ഥാപക പത്രാധിപരും മുതിർന്ന മാധ്യമ പ്രവർത്തകനുമാണ് സിദ്ധാർത്ഥ് വരദരാജന്‍. ഇരുവര്‍ക്കും പൊലീസ് സമൻസ് അയച്ചു. ഓഗസ്റ്റ് 22 ന് ഗുവാഹട്ടി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഓപ്പറേഷൻ സിന്ദൂറിലെ പിഴവുകളെക്കുറിച്ച് ദി വയറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിലാണ് ആദ്യം കേസെടുത്തിരുന്നത്. കേസിലെ തുടര്‍ നടപടികൾ കോടതി തടഞ്ഞിരുന്നു. മാധ്യമറിപ്പോർട്ടുകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സമന്‍സ് അയച്ചിരിക്കുന്നത്. സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി എഡിറ്റേഴ്സ് ഗില്‍ഡ് അടക്കം മാധ്യമസംഘടനകള്‍ രംഗത്തെത്തി.
ഭാരതീയ ന്യായ് സന്‍ഹിത പ്രകാരം ക്രൈം ബ്രാഞ്ച് പൊലീസ് ഇന്‍സ്പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് പുറപ്പെടുവിച്ചത്. എന്നാല്‍ എഫ്ഐആറിട്ട തീയതി പരാമര്‍ശിച്ചിട്ടില്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കാരണം ഉണ്ടെന്നും അതിനാല്‍ അന്വേഷണവുമായി സഹകരിക്കണമെന്നുമാണ് പൊലീസിന്റെ ഭാഷ്യം. 22ന് ഹാജരാകാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും സമന്‍സില്‍ പറയുന്നു.
സുപ്രീംകോടതി നിര്‍ദേശപ്രകാരം എഫ്ഐആറുകള്‍ പരസ്യപ്പെടുത്തണമെന്ന് കരണ്‍ ഥാപ്പറും സിദ്ധാര്‍ത്ഥ് വരദരാജനും ആവശ്യപ്പെട്ടു. എഫ്ഐആര്‍ പകര്‍പ്പില്ലാതെ സമന്‍സ് അയയ്ക്കുന്നത് അസാധുവാണെന്ന കര്‍ണാടക ഹൈക്കോടതി വിധിയും ചൂണ്ടിക്കാട്ടി. ഏത് അന്വേഷണവുമായും സഹകരിക്കാമെന്നും എഫ്ഐആറിന്റെ ഉള്ളടക്കം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.