പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാർഥിന്റെ മരണത്തിൽ ശാസ്ത്രീയ പരിശോധനയുമായി സിബിഐ. ഹോസ്റ്റൽ ഡോർമെറ്ററിയിലെ ശുചിമുറിയിൽ മൃതദേഹം കണ്ട സാഹചര്യം ഹോസ്റ്റലിൽ ഡമ്മിയുടെ സഹായത്താൽ പുനരാവിഷ്കരിച്ചായിരുന്നു പരിശോധന. സിദ്ധാർഥന്റെ മരണം കൊലപാതകം ആണെന്ന ബന്ധുക്കളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. സിബിഐ ഡിഐജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഹോസ്റ്റലിൽ എത്തിയത് രാവിലെ 9.30ഓടെയാണ്.
ഉച്ചയോടെ പരിശോധന പൂർത്തിയാക്കിയ സംഘം മടങ്ങി. സംസ്ഥാന പൊലിസിന് കീഴിലെ ഫോറൻസിക് ടീമും, സിബിഐയിലെ വിദഗ്ധരും സംഘത്തിൽ ഉണ്ടായിരുന്നു. സിദ്ധാർഥനെ മർദിച്ച ഹോസ്റ്റലിന്റെ നടുത്തളം 21ാം നമ്പർ മുറി എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇതിനുശേഷം ഡോർമെറ്ററിയിലെ ശുചിമുറിയിൽ ശാസ്ത്രീയ പരിശോധന നടത്തി. ശുചിമുറിയിൽ ജനലിലാണ് അടിവസ്ത്രത്തിൽ സിദ്ധാർഥനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും സംഘം തെളിവുകൾ ശേഖരിച്ചു. 11.30ഓടെയാണ് മൃതദേഹത്തിന് സമാനമായ ഡമ്മി ഉപയോഗിച്ച് പരിശോധന തുടങ്ങിയത്.
മൃതദേഹത്തിന്റെ ഭാരവും ഉയരവുമുള്ള ഡമ്മിയാണ് ഇതിനായി ഉപയോഗിച്ചത്. മൃതദേഹം ആദ്യമായി കണ്ട വിദ്യാര്‍ത്ഥികളോട് ഉൾപ്പെടെ മൊഴിയെടുപ്പിന് ഹാജരാകാനുള്ള നിർദേശം സിബിഐ നൽകിയിട്ടുണ്ട്. കോളജ് മുൻ ഡീൻ, അസിസ്റ്റന്റ് വാർഡൻ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. സിബിഐ എസ്പിമാരായ എ കെ ഉപാധ്യായ, സുന്ദർവേൽ എന്നിവർക്കൊപ്പം നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പി എൻ കെ സജീവനും സംഘത്തിൽ ഉണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ പ്രധാന പ്രതികൾക്കായി സിബിഐ കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് സൂചന.
English Summary: Siddharth’s death: CBI with dummy test
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.