24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 2, 2024
September 30, 2024
September 5, 2024
July 10, 2024
May 27, 2024
April 24, 2024
April 5, 2024
January 26, 2024
January 1, 2024

ലോകയാത്രകളിലെ കാഴ്ച കഥകൾ

അനിൽകുമാർ പി വൈ
December 25, 2023 10:16 am

രിത്രാന്വേഷിയായും കാഴ്ചക്കാരനായും കണ്ടും കേട്ടും മനസിൽ പതിഞ്ഞ ചെറുതും വലുതുമായ 135 ലോക രാജ്യങ്ങളിലെ യാത്രാനുഭവം വായനയുടെ വഴിലെത്തിക്കുകയാണ് ജെ എസ് അടൂർ എഴുതിയ ‘മാപ്പുയ് മിങ്ങായ് ദംറോ’-ലോകയാത്രകളിലെ കാഴ്ച കഥകൾ എന്ന പുസ്തകം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ആഗോള തലത്തിൽ ഐക്യരാഷ്ട്രസഭ ഉൾപ്പെടെ വിവിധ സർക്കാർ‑സർക്കാർ ഇതര ഏജൻസികളിൽ സാമൂഹിക വികസനം, പൊതുനയ കാര്യങ്ങളിൽ ലഭിച്ച അറിവും കാഴ്ചപ്പാടും അനുഭവവുമാണ് ഈ യാത്രാ പുസ്തകത്തിന്റെ ഉള്ളടക്കം. ഗ്രന്ഥകാരൻ എത്തപ്പെട്ട ഓരോ രാജ്യത്തേയും കാഴ്ചകൾക്കപ്പുറം അവിടത്തെ ചരിത്രം, സമൂഹം, സംസ്കാരം, രാഷ്ട്രീയം, ഭക്ഷണം, പ്രത്യയശാസ്ത്രം എന്നിങ്ങനെ ഒരു സഞ്ചാര സാഹിത്യകൃതിക്കപ്പുറം അറിവിന്റെ വാതിലാണ് ഈ പുസ്തകം. 

പഠനത്തിനും, അധ്യാപകനായും ഗവേഷകനുമായി ഇന്ത്യയിലെ മിസോറാമിലെത്തിയ ജെ എസ് അടൂരിന്റെ ആദ്യ യാത്രാനുഭവ ഓർമ്മകൾ വിവരിക്കുന്ന ആദ്യ അധ്യായമാണ് മീസോ ഭാഷയിലെ മാപ്പുയ് മിങ്ങായ് ദം റോ. ചന്തമുള്ള പെണ്ണേ, നീയൊന്ന് ക്ഷമിക്ക് എന്ന് അർത്ഥം വരുന്ന വാക്കാണ് പുസ്തകത്തിന്റെയും പേരായി പരിണമിച്ചത്. മിസോറാമിലെ ഗ്രാമങ്ങളിൽ നെല്ല് വാറ്റിക്കുടിച്ചു കിട്ടുന്ന ലഹരിയിൽ, നാട്ടിൽ പണിയെടുക്കുന്ന സുന്ദരികളായ പെൺകുട്ടികളെ കാണുമ്പോൾ നാടൻപാട്ടിന്റെ വരികളായി അറിയാതെ ഈണമിടുന്നത് പുസ്തകത്തിന്റെ പേരായി മാറി. കല്യാണത്തിന് മുമ്പ് കാമുകരിൽ ജനിക്കുന്ന കുട്ടികളുമായി പഠിക്കാൻ വരുന്ന കോളജ്കുമാരിമാരുടെ കുഞ്ഞുങ്ങൾ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ്(ലാൽ പഫ). അങ്ങനെ പുസ്തകത്തിന്റെ ആദ്യ അധ്യായംതന്നെ ഏറെ കൗതുകം. തുടർന്നുള്ള 34 അദ്ധ്യായങ്ങൾ നാലു ഭാഗങ്ങളായി വായനയുടെ രസച്ചരട് നഷ്ടമാക്കാതെ മനുഷ്യർ എന്ന ഒന്നാം ഭാഗത്തിൽ ജെ എസ് അടൂർ കണ്ടുമുട്ടിയ മനസിൽ തട്ടിയ വ്യക്തികളെ ഏഴ് അധ്യായങ്ങളിൽ വിവരിക്കുന്നു. ബാങ്കോക്കിലെ ഒരു കോഫീ ഷോപ്പിൽ കണ്ടും മിണ്ടിയും അടുത്ത് കാണുമ്പോൾ പേര് ചോദിക്കാൻ നിൽക്കാതെ മണ്മറഞ്ഞുപോയ പേരറിയാത്ത ആ കൂട്ടുകാരിയെക്കുറിച്ചുള്ള കുറിപ്പും യാത്രക്കിടയിലെ മറക്കാനാകാത്ത ഓർമ്മകളാണ്. അതിവിടെ ജെ എസ് കാവ്യാത്മകമായി അവതരിപ്പിക്കുന്നു.
രുചികളും രുചിഭേദങ്ങളും എന്ന രണ്ടാം ഭാഗം ഭാഷയും ഭക്ഷണവും വന്നവഴികളിൽ കാബേജും കോണ്ടാവും എന്ന അധ്യായത്തിൽ ഗർഭനിരോധന ഉറ ഒരു വിഭവമായി തീൻമേശയിൽ ലഭിക്കുന്ന ബാങ്കോക്കിലെ ഒരു റെസ്റ്റോറന്റ്. നാട്ടിൽ മെഡിക്കൽ ഷോപ്പിൽ പോയി രഹസ്യമായി വാങ്ങുന്നിടത്ത് ഭക്ഷണം കഴിഞ്ഞ് സൗജന്യമായി കിട്ടുന്ന കോണ്ടവുമായി മടങ്ങാം. കൊല്ലവും ശ്രീലങ്കയിലെ ഹമ്പൻ തോട്ടയിലെ പഴയ തുറമുഖവുമായി ബന്ധപ്പെട്ടതാണ് ഭക്ഷണവഴികൾ. ഇതെല്ലാം അറിവുകളായി പുസ്തകത്തിൽ രേഖപ്പെടുത്തുന്നു.
യാത്രകൾ എന്ന മൂന്നാം ഭാഗം, പാകിസ്ഥാനിൽ നിരവധി തവണ യാത്ര ചെയ്തപ്പോൾ നമ്മുടെ അയൽപക്ക രാജ്യത്തെ അടുത്ത ബന്ധുവിനെ സന്ദർശിക്കുന്ന തോന്നലുളവാക്കുന്ന വായനയാണ് നൽകുന്നത്. 

നാലാം ഭാഗത്താണ് ഒരു സഞ്ചാരിയുടെ ഗൗരവകരമായ കാഴ്ചകളും കാഴ്ചപ്പാടുകളും കാണുന്നത്. കാഴ്ചക്കപ്പുറമുള്ള ഓരോ രാജ്യവും അവിടത്തെ സമൂഹം, സംസ്കാരം, ചരിത്ര, രാഷ്ട്രീയം എന്നിവയിലൂടെ വായനക്കാരനെ ചരിത്രാന്വേഷിയാക്കുന്ന അധ്യായങ്ങൾ. അതിൽ ഇന്തോനേഷ്യയിൽ ഗണപതി ചിരിക്കുന്നു എന്ന അധ്യായം ഇന്ത്യയുടെ ബഹുസ്വരത നേരിടുന്ന വെല്ലുവിളിക്കൊരു മറുപടികൂടിയാണ്.
എല്ലാവർക്കും അറിയുന്നപോലെ ലോകത്തെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിൽ ഹിന്ദു, ബുദ്ധ ദേവാലയങ്ങളുടെയും സാംസ്കാരിക പൈതൃകത്തിന്റെ മികച്ച മാതൃകകളും ജെ എസ് അടയാളപ്പെടുത്തുന്നു. ഏറ്റവും മികച്ച രാമായണ അവതരണം അരങ്ങേറുന്നത് ഇന്തോനേഷ്യയിലാണെന്നും അത് അവതരിപ്പിക്കുന്നത് യോഗ്യകൽത്തറയിലെ പ്രംബാന ക്ഷേത്രത്തിലാണെന്നും അവർ മുസ്ലിംങ്ങളാണെന്നും എത്ര പേർക്കറിയുമെന്നതാണ് കൗതുകം. 

ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും ഓരോ വിഭവങ്ങളായിട്ടാണ് തോന്നുക. വായനക്കാരന്റെ രുചിക്കനുസരിച്ച് ഉള്ളടക്കം നോക്കി ആ അധ്യായം മാത്രമായും വായിക്കാനും കഴിയുമെന്നതാണ് പ്രത്യേകത.
ഇതൊരു കാഴ്ച കഥകളാണെങ്കിലും എല്ലാ യാത്രകളും അവസാനിക്കുന്നത് അവനവനിൽ തന്നെയാണ്. ഓരോ യാത്രകളിലും മറ്റുള്ളവരെ കണ്ടെത്തി തിരിച്ചറിയുമ്പോൾ നമ്മൾ സ്വയം കണ്ടെത്തി നമ്മളെ തിരിച്ചറിയും. അതാണ് ജെ എസിന്റെ ഓരോ യാത്രകളും. ആ ഒരു സന്ദേശവുമാണ് പുസ്തകം നൽകുന്നത്. 

മാപ്പുയ് മിങ്ങായ് ദം റോ
ജെ എസ് അടൂര്‍
(യാത്ര)
ബോധി ബുക്സ്
വില: 350 രൂപ

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.