29 December 2025, Monday

Related news

December 22, 2025
December 22, 2025
December 21, 2025
November 29, 2025
November 5, 2025
November 3, 2025
October 30, 2025
October 6, 2025
September 27, 2025
September 21, 2025

റെയിൽവേയിൽ സിഗ്നൽ തകരാറുകൾ വർധിക്കുന്നു

*സുരക്ഷാ വീഴ്ചയിൽ മുന്നറിയിപ്പുമായി സിഎജി റിപ്പോർട്ട് 
*അഞ്ചു വർഷത്തിനിടെ 14,808 തകരാറുകൾ 
Janayugom Webdesk
ന്യൂഡൽഹി
December 22, 2025 10:16 pm

ഇന്ത്യൻ റെയിൽവേയിലെ സിഗ്നൽ സംവിധാനങ്ങളിലുണ്ടാകുന്ന നിരന്തരമായ തകരാറുകൾ ട്രെയിൻ ഗതാഗതത്തിന്റെ വിശ്വാസ്യതയെയും സുരക്ഷയെയും സാരമായി ബാധിക്കുന്നതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. സൗത്ത് വെസ്റ്റേൺ റെയിൽവേ മേഖലയിൽ മാത്രം പ്രതിവർഷം ശരാശരി മൂവായിരത്തിനടുത്ത് സിഗ്നൽ തകരാറുകൾ സംഭവിക്കുന്നുണ്ടെന്ന് പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
2018–19 മുതൽ 2022–23 വരെയുള്ള കാലയളവിൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ മാത്രം 14,808 സിഗ്നൽ തകരാറുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ ബംഗളൂരു, മൈസൂരു, ഹബ്ബുള്ളി എന്നീ മൂന്ന് പ്രധാന ഡിവിഷനുകളിലെ സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ സിഎജി വിശദമായി പരിശോധിച്ചു. തകരാറുകളിൽ 8,547 എണ്ണം സാങ്കേതിക വിഭാഗവുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. ബാക്കിയുള്ളവ എൻജിനീയറിങ്, ഇലക്ട്രിക്കൽ തുടങ്ങിയ മറ്റ് വിഭാഗങ്ങളിലെ വീഴ്ചകൾ മൂലം സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റെയിൽവേയിലെ സുരക്ഷാ കാര്യങ്ങളിൽ ഗുരുതരമായ വെല്ലുവിളികൾ നിലനിൽക്കുന്നതായും സിഎജി വിലയിരുത്തി. റെഡ് സിഗ്നൽ മറികടന്നു ട്രെയിൻ മുന്നോട്ട് പോകുന്ന ‘സിഗ്നൽ പാസിങ് അറ്റാ ഡേയ്ഞ്ചർ’ (എസ്‌പിഎഡി), സിഗ്നൽ പോയിന്റുകളിലെ തെറ്റായ ഇന്റർലോക്കിങ് എന്നിവ ട്രെയിൻ അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാങ്കേതിക പിഴവുകൾ പലപ്പോഴും വൻ ദുരന്തങ്ങൾക്ക് വഴിവെച്ചേക്കാമെന്നും സിഎജി മുന്നറിയിപ്പ് നൽകുന്നു.
സിഗ്നൽ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. സുരക്ഷാ വകുപ്പ് നടത്തേണ്ട പരിശോധനകളിലും വിവിധ വകുപ്പുകൾ സംയുക്തമായി നടത്തേണ്ട പരിശോധനകളിലും വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. പഴയ സാങ്കേതികവിദ്യകൾ മാറ്റുന്നതിലെ കാലതാമസവും ജീവനക്കാരുടെ അശ്രദ്ധയും പ്രതിസന്ധി രൂക്ഷമാക്കുന്നു.
റെയിൽവേ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സിഎജി ആവശ്യപ്പെട്ടു. സിഗ്നൽ അറ്റകുറ്റപ്പണി നടപടിക്രമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുക, ആധുനിക സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി നടപ്പിലാക്കുക, സിഗ്നൽ പോയിന്റുകളുടെയും ഇന്റർലോക്കിങ് സംവിധാനങ്ങളുടെയും ഗുണനിലവാരം വർധിപ്പിക്കുക, ജീവനക്കാർക്ക് സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ പരിശീലനം നൽകുക തുടങ്ങിയ നിര്‍ദേശങ്ങളും സിഎജി മുന്നോട്ടുവച്ചു. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തുന്നത് റെയിൽവേയുടെ വിശ്വാസ്യത തകർക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.