
മലയാളത്തിന്റെ ഭാവഗായകനായ പി ജയചന്ദ്രന്റെ നാദം നിലച്ചിട്ട് ജനുവരി ഒമ്പതിനു ഒരു വർഷം പൂർത്തിയായി. മലയാളികളുടെ മനസിൽ ഭാവാലാപനത്തിന്റെ തേൻകണങ്ങൾ വർഷിച്ച ജയചന്ദ്രനെക്കുറിച്ചുള്ള ഓർമ്മകളിലൂടെ…
രണ്ടായിരത്തിന്റെ തുടക്കകാലം. പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളജിൽ എം എ സംസ്കൃത സാഹിത്യത്തിനു പഠിക്കുന്ന സമയം. ക്ലാസിലെ ഇടവേളകളിൽ സഹപാഠികൾ എല്ലാവരും ഒത്തുചേർന്ന് വിവിധ ഗാനങ്ങൾ ആലപിക്കുകയും സംഗീത ചർച്ചകൾ നടത്തുകയും ചെയ്യുമായിരുന്നു. എല്ലാവരെയും നിർബന്ധമായും പരിപാടിയിൽ പങ്കെടുപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രശസ്തരായവരുടെ പേരുകൾ എഴുതി നറുക്കിട്ടെടുത്തിരുന്നു. ഓരോരുത്തർക്കും ആരുടെ പേരാണോ കിട്ടുന്നത് അവരെക്കുറിച്ചോ അവരുടെ ഗാനങ്ങളെക്കുറിച്ചോ സംസാരിക്കുകയോ പാട്ടുപാടുകയോ ചെയ്യണമെന്നതാണ് നിബന്ധന. ആ സമയത്തെ നറുക്കെടുപ്പിൽ എനിക്ക് കിട്ടിയത് ഒരു ഗായകന്റെ പേരായിരുന്നു. പക്ഷേ ആ കുഞ്ഞു പേപ്പറിൽ എഴുതിയിരുന്നതാകട്ടെ ‘ഭാവഗായകൻ’ എന്നു മാത്രമായിരുന്നു. നാലായി മടക്കി ചുരുട്ടിയിരുന്ന തുണ്ടുപേപ്പർ നിവർത്തി നോക്കിയപ്പോൾ എന്റെ മനസ് ഒന്നു തുടിച്ചു.
1996 മുതൽക്കായിരുന്നു ജയചന്ദ്രൻ എന്ന ഗായകന്റെ ശബ്ദം എന്റെയുള്ളിൽ തറച്ചിറങ്ങിയത്. അതിനുമുമ്പൊക്കെ ജയചന്ദ്രഗാനങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഒരു ഒഴുക്കൻ മട്ടിലങ്ങു കേട്ടുവിടുമായിരുന്നു. അയൽവാസികളായ വസന്തേട്ടൻ, മോഹൻദാസേട്ടൻ എന്നിവരൊക്കെ മിക്കപ്പോഴും ജയചന്ദ്ര ഗാനങ്ങളെക്കുറിച്ചായിരുന്നു എന്നോട് വാചാലരായിരുന്നത്. പക്ഷേ ഭരതൻ സംവിധാനം ചെയ്ത ‘ദേവരാഗ’ത്തിലെ ‘ശിശിരകാല മേഘമിഥുന രതിപരാഗമോ…’ എന്ന ജയചന്ദ്ര ഗാനത്തിന്റെ ശബ്ദഗാംഭീര്യത്തിനു മുന്നിൽ ഞാൻ സാഷ്ടാംഗം വീണുതൊഴുതു. ഇതേ സിനിമയിലെ ജയചന്ദ്രൻ ആലപിച്ച നായികയുടെ കേശാദിപാദസൗന്ദര്യത്തെ വർണിക്കുന്ന ‘കരിവരിവണ്ടുകൾ…’ എന്നത് ഭാവതീവ്രതയാൽ എനിക്ക് ശരീരത്തിൽ ഒന്നാകെ ഒരുതരം രോമാഞ്ചം സമ്മാനിച്ച ഗാനമാണ്. പിന്നീട് ഇറങ്ങിയ ഓരോ ജയചന്ദ്രഗാനങ്ങളും എന്നിൽ നിറച്ചത് ആ ഗായകനോടുള്ള ഭ്രാന്തമായ ആരാധനയായിരുന്നു. ക്ലാസിൽ ഒട്ടും പ്രതീക്ഷിക്കാതെ നറുക്കെടുപ്പിൽ ഇഷ്ടഗായകനായ ജയചന്ദ്രന്റെ പേരു തന്നെ ലഭിച്ചപ്പോൾ ഞാൻ അതിയായി സന്തോഷിച്ചു. അങ്ങനെ ഓരോ ഇടവേളകളിലും ജയചന്ദ്രഗീതികൾ പാടിയും ജയചന്ദ്രനുവേണ്ടി പ്രസംഗിച്ചും ആഹ്ലാദചിത്തനായി.
ജയചന്ദ്രന്റെ ഗാനങ്ങളോരോന്നും കേൾക്കുമ്പോൾ മനസ്സിൽ ഞാനൊരു തീരുമാനം എടുക്കുമായിരുന്നു, ‘മലയാളത്തിന്റെ പുരുഷശബ്ദ’മെന്ന് ദേവരാജൻ മാഷ് വിശേഷിപ്പിച്ച ഈ സുന്ദരശബ്ദത്തിന്റെ ഉടമയെ ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന്. പക്ഷേ, അത് മുൻകൂട്ടി തീരുമാനിച്ചതുപോലെ പോയി കാണരുതെന്നും നിർബന്ധമുണ്ടായിരുന്നു. യാതൊരു മുന്നൊരുക്കവുമില്ലാതെ എവിടെവച്ചായിരുന്നാലും അപ്രതീക്ഷിതമായി അദ്ദേഹത്തെ കാണണം. അതാണ് ആഗ്രഹം. അതുകൊണ്ടുതന്നെ ജയചന്ദ്രൻ സംബന്ധിക്കുമെന്ന് അറിഞ്ഞിരുന്ന സംഗീത പരിപാടികൾ ഞാൻ മനഃപൂർവം കാണാൻ പോയില്ല. എന്റെ ആരാധന സത്യസന്ധമായതിനാൽ തീർച്ചയായും എന്നെങ്കിലും അദ്ദേഹത്തെ യാദൃച്ഛികമായി കാണാൻ സാധിക്കുമെന്നുതന്നെ മനസ് മന്ത്രിച്ചു.
2003 ഡിസംബറിലെ ഒരു തണുത്ത വെളുപ്പാൻകാലത്ത് ഞാൻ കോളജിൽ പോകുന്നതിനായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തി. സ്ഥിരമായി യാത്രചെയ്തിരുന്ന നിലമ്പൂർ പാസഞ്ചർ ട്രെയിൻ അന്ന് കൃത്യസമയത്തിനുതന്നെ പോയതിനാൽ നിരാശയോടെ അടുത്ത ട്രെയിനിനായി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ഇരുമ്പുബെഞ്ചിൽ ഞാൻ കാത്തിരുന്നു. ഏഴരയ്ക്ക് വരേണ്ട ശബരിമല സ്പെഷ്യൽ ട്രെയിൻ അന്ന് ഒരു മണിക്കൂർ നേരത്തെ സ്റ്റേഷനിൽ എത്തി. അപ്പോഴേക്കും പട്ടാമ്പി ഗവൺമെന്റ് ഹൈസ്കൂളിലെ സംഗീതാധ്യാപകനായ വിനോദ് മാഷും എത്തിച്ചേർന്നു. ഞങ്ങൾ ഇരുവരും ട്രെയിനിന്റെ പിന്നിലുള്ള ജനറൽ കമ്പാർട്ട്മെന്റിൽ കയറുന്നതിനായി പ്ലാറ്റ്ഫോമിലൂടെ നടന്നു. ജനറൽ കമ്പാർട്ട്മെന്റിനു മുന്നിലുള്ള എ സി കോച്ചിന്റെ ഡോറിനു മുന്നിലെത്തിയ ശേഷം സംസാരിച്ചുകൊണ്ട് അവിടെ നിന്നു. അപ്പോഴാണ് എന്റെ ശ്രദ്ധ എ സി കമ്പാർട്ട്മെന്റിലേക്കു പോയത്. അപ്പോൾ ഓറഞ്ച് നിറമുള്ള ടീഷർട്ടും കറുത്ത പാന്റും ധരിച്ച ഒരാൾ ഡോറിനടുത്തേക്ക് നടന്നു വരുന്നു. എന്നിട്ട് ട്രെയിനിൽ നിന്നുകൊണ്ട് ഡോറിന്റെ ഇരുവശത്തുമുള്ള കമ്പികളിൽ പിടിച്ച് പുറത്തേക്ക് എത്തിനോക്കുന്നു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാനൊന്നു കൂടി ആ വ്യക്തിയെ സൂക്ഷിച്ചു നോക്കി. എന്റെ മനസിൽ ഒരു പ്രത്യേക ആശ്ചര്യവും അത്ഭുതവും അനുഭവപ്പെട്ടു. മെല്ലെ ഞാൻ വിനോദ് മാഷിനോട് ചോദിച്ചു ‘ആ നിൽക്കുന്നത് ഗായകൻ ജയചന്ദ്രൻ അല്ലേ?’ മാഷ് നോക്കിയതും ‘അതേല്ലോ…’ എന്ന് പറഞ്ഞ് അദ്ദേഹത്തോടു സംസാരിക്കുന്നതിനായി ഡോറിനടുത്തേക്ക് ചെന്നു. മാഷിനെ കണ്ടതും ജയചന്ദ്രൻ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിവന്നു. ഇരുവരും മുൻപരിചയക്കാരെപ്പോലെ സംസാരിക്കാൻ തുടങ്ങി. ഞാൻ അവരുടെ സംഭാഷണം സാകൂതം കേട്ടുനിന്നു. എന്റെ ശ്രദ്ധ മുഴുവനും ജയചന്ദ്രനിലും പിന്നെ ആ മധുരശബ്ദത്തിലും ആയിരുന്നു. ചെന്നൈയിലെ റെക്കോർഡിങ് കഴിഞ്ഞ് തിരിച്ചുവരികയാണെന്ന് മാഷിനോട് അദ്ദേഹം പറഞ്ഞു. പെട്ടെന്ന് എനിക്കൊരു ഉപായം തോന്നി. ഞാനെന്റെ ബാഗ് തുറന്ന് ഡയറി പുറത്തെടുത്തു. മെല്ലെ അദ്ദേഹത്തിനു നേരെ നീട്ടി. അദ്ദേഹം അത് വാങ്ങി ടീഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പേനയെടുത്ത് ഒപ്പിട്ടു തന്നു. എന്നിട്ട് എന്റെ മുഖത്ത് നോക്കി ഒന്നു ചിരിച്ചു. ഞാനും ചിരിച്ചുകൊണ്ടുതന്നെ സംഭ്രമത്തോടെ നിന്നു. ട്രെയിൻ പുറപ്പെടുന്നതിനുള്ള അനൗൺസ്മെന്റ് വന്നതോടെ അദ്ദേഹം യാത്ര ചോദിച്ച് തിരിച്ചു കോച്ചിലേക്ക് കയറി. ഞാൻ ഡയറി മാഷിന് കാണിച്ചുകൊടുത്തു. ”നിനക്ക് നല്ല ഭാഗ്യമുണ്ടല്ലോ. ഡയറി കൊടുത്തതും അദ്ദേഹം ഒപ്പിട്ടു തന്നില്ലേ! എല്ലാവർക്കൊന്നും അദ്ദേഹം ഓട്ടോഗ്രാഫ് കൊടുക്കില്ല. ചിലപ്പോൾ പെട്ടെന്ന് ദേഷ്യപ്പെടും. ഞാൻ എത്ര കണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പരിപാടികളിൽ ഞാൻ നിരവധി പ്രാവശ്യം വയലിൻ വായിച്ചിട്ടുണ്ട്. ആ പരിചയത്തിലാണ് ഞങ്ങൾ സംസാരിച്ചത്.” ഇതുകൂടി കേട്ടതും ഞാനെന്തായിരുന്നുവോ ആഗ്രഹിച്ചിരുന്നത് ആ ആഗ്രഹം അതുപോലെതന്നെ സഫലമായതിന്റെ ഒരുതരം ആവേശവും ആനന്ദവും ആയിരുന്നു അപ്പോൾ മനസിൽ പതഞ്ഞു പൊന്തിയത്. ആ ദിവസത്തെ ക്ലാസിലെ ഇടവേളകളിൽ ഞാൻ ഏറെ നേരം സംസാരിച്ചതും എന്റെയീ അസുലഭ സമാഗമത്തെക്കുറിച്ചായിരുന്നു.
പിന്നീടുള്ള വർഷങ്ങളിൽ ഞാൻ ജയചന്ദ്രന്റെ പരിപാടികൾ എവിടെ ഉണ്ടായിരുന്നാലും കാണാൻ പോകുമായിരുന്നു. നിരവധി സംഗീതനിശകളിൽ അദ്ദേഹം പാടുന്നത് കേട്ടുനിന്നാസ്വദിച്ചു. അന്നൊന്നും അദ്ദേഹത്തിന്റെ അടുത്തുപോയി സംസാരിക്കാനോ കാണാനോ മിനക്കെട്ടിരുന്നുമില്ല.
2014 ജൂലൈ മൂന്നിന് തൃശൂരിൽ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു കേരള സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ പി ജയചന്ദ്രൻ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വരുന്നുണ്ടെന്ന വാർത്ത അറിഞ്ഞത്. അദ്ദേഹത്തെ കാണുന്നതിന് മാത്രമായി ഞാൻ ആ പരിപാടിയിൽ പങ്കെടുത്തു. കൃത്യം ആറുമണിയോടെ പി ജയചന്ദ്രൻ വേദിയിലേക്ക് ഓടിയെത്തി. ജയരാജ് വാര്യരുടെ വാക്കുകൾ കൊണ്ടുള്ള പുകഴ്ത്തലുകൾക്കു ശേഷം ജയചന്ദ്രൻ മൈക്കിനടുത്തെത്തി പ്രസംഗിച്ചു. രണ്ടുമൂന്ന് പാട്ടുകളും പാടി. ഉദ്ഘാടന പരിപാടികൾ കഴിഞ്ഞതും ഞാൻ പുറത്തിറങ്ങി അദ്ദേഹം തിരിച്ചു വരുന്നതും കാത്തുനിന്നു. അല്പസമയത്തിനുശേഷം ജയചന്ദ്രൻ കാറിനടുത്തേയ്ക്ക് എത്തിയതും ഞാൻ എന്റെ കയ്യിൽ കരുതിയിരുന്ന ഡയറി നീട്ടി കൊടുത്തു. അദ്ദേഹം ഒന്നും മിണ്ടാതെ അത് വാങ്ങി പേജുകൾ മറിച്ചുനോക്കി. അപ്പോൾ ഞാൻ ”സാർ എനിക്ക് 10 വർഷം മുമ്പ് ഒരു ഓട്ടോഗ്രാഫ് തന്നിട്ടുണ്ട്” എന്ന് പറഞ്ഞ് ആ പേജ് കാണിച്ചുകൊടുത്തു. ”ആ… ഇത് ഞാൻ തന്നെ ഇട്ടതാണല്ലോ. പിന്നെ ഇപ്പോൾ എന്തിനാ?” എന്ന് ചോദിച്ചു. ”സാർ… ഇന്ന് എന്റെ പിറന്നാൾ ആണ് ” എന്ന് അറിയിച്ചപ്പോൾ അദ്ദേഹം ‘ആണോ… ’ എന്ന് ചോദിച്ചുകൊണ്ട് മുഖത്തുനോക്കി പുഞ്ചിരിച്ചു. ഓട്ടോഗ്രാഫ് രേഖപ്പെടുത്തി ഡയറി തിരിച്ചു തന്ന് കാറിൽ കയറാനായി തിരിഞ്ഞു. ഡോർ തുറന്നിട്ട് എന്നെ നോക്കി പറഞ്ഞു ”ഇനി നമുക്ക് ഒരു പത്തുവർഷം കഴിഞ്ഞ് വീണ്ടും കാണാം. അതുവരെ ജീവിച്ചിരിപ്പുണ്ടെങ്കിൽ.” എന്നു പറഞ്ഞ് അദ്ദേഹം എന്നെ ഒരു നിമിഷം നോക്കി നിന്നു. അതുകേട്ട് ഞാൻ ഒന്നു ചിരിച്ചതും അദ്ദേഹം ഉടൻ കാറിൽ കയറി പോയി. ഞാൻ ഡയറി തുറന്നു നോക്കി. അതിൽ നന്മകൾ നേർന്നുകൊണ്ട് അദ്ദേഹം എഴുതിയ കയ്യൊപ്പ് ഞാനെന്റെ കണ്ണിലും മനസിലും പതിപ്പിച്ചു.
പിന്നീട് ഒരുപാട് തവണ അദ്ദേഹവുമായി ഫോണിൽ സംസാരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഗായികമാരായ പി ലീല, സ്വർണലത സംഗീത സംവിധായകനായ ആർ സോമശേഖരൻ തുടങ്ങിയവരെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾക്കായി അദ്ദേഹത്തെ ഫോണിൽ വിളിച്ചപ്പോൾ യാതൊരു മുഷിപ്പും കൂടാതെ ചോദ്യങ്ങൾക്കെല്ലാം മറുപടി തന്ന് അദ്ദേഹം സഹായിക്കുകയും ചെയ്തു. തൃശൂരിൽ എത്തുമ്പോൾ വിളിക്കണമെന്നും കാണണമെന്നും പറഞ്ഞുവെച്ചിരുന്നു. എന്റെ ആദ്യത്തെ പുസ്തകമായ ‘സ്വർണലത: സംഗീത ജീവിതം’ പ്രകാശനം ചെയ്യുമ്പോൾ വരുമോയെന്ന് ചോദിച്ചപ്പോൾ ”ഗുരുവായൂരപ്പൻ അനുഗ്രഹിച്ചാൽ ഞാൻ എന്തായാലും എത്താം.” എന്ന് അദ്ദേഹം വാക്ക് തന്നിരുന്നതുമാണ്. പക്ഷേ കാലം അതിനനുവദിച്ചില്ല. 2024 ജനുവരി 10ന് ഞാൻ ആ പഴയ ഡയറിയുമെടുത്ത് അദ്ദേഹത്തെ കാണാൻ പോയി. പത്തു വർഷങ്ങൾക്കുശേഷം ജീവിച്ചിരിപ്പുണ്ടെങ്കിൽ വീണ്ടും കാണാം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി. നിർഭാഗ്യവശാൽ അന്ന് ഞാനേ അദ്ദേഹത്തെ കണ്ടുള്ളൂ. ആ സമയത്ത് പൂങ്കുന്നത്തെ വീടിന്റെ അകത്തളത്തിൽ ഗാഢനിദ്രയിൽ ആയിരുന്നു അദ്ദേഹം!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.