11 December 2025, Thursday

തിരുപ്പതിയിൽ പട്ട് കുംഭകോണം: 54 കോടിയുടെ അഴിമതി

Janayugom Webdesk
തിരുപ്പതി
December 10, 2025 9:45 pm

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ കോടികളുടെ പുതിയ അഴിമതി പുറത്തേക്ക്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന പട്ട് വില്പനയുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. 350 രൂപയുടെ പോളിസ്റ്റര്‍ ഷാളുകള്‍ വിറ്റത് 1300 രൂപയ്ക്കാണ്. പത്തുവര്‍ഷംകൊണ്ട് 54 കോടിയുടെ അഴിമതി നടന്നതായാണ് കണ്ടെത്തല്‍.
ടെന്‍ഡറില്‍ സില്‍ക്ക് ഉല്‍പ്പന്നം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കരാറുകാരന്‍ ടെന്‍ഡര്‍ അനുസരിച്ച് സില്‍ക്ക് ഷാള്‍ നല്‍കുന്നതിന് പകരം 100 % പോളിസ്റ്റര്‍ ഷാള്‍ സ്ഥിരമായി വിതരണം ചെയ്ത് കോടികളുടെ അഴിമതി നടത്തി എന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍. ലഡ്ഡു പ്രസാദത്തില്‍ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചു എന്നതടക്കം സമീപകാലത്ത് തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി)നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് പുതിയ അഴിമതി കണ്ടെത്തിയത്. 2015 മുതൽ 2025 വരെയുള്ള കാലയളവിലാണ് കോടികളുടെ അഴിമതി നടന്നിരിക്കുന്നത്. വിഷയത്തിൽ അഴിമതി വിരുദ്ധ ബ്യൂറോയുടെ അന്വേഷണം ആവശ്യപ്പെട്ടതായി ടിടിഡി ചെയർമാൻ ബി ആർ നായിഡു പറഞ്ഞു. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ വേദസിരാവചനം പോലുള്ളവയ്ക്കായി സംഭാവന നൽകുന്ന ഭക്തർക്ക് പട്ടില്‍ തീർത്ത ഷാളുകള്‍ നല്‍കാറുണ്ട്.

ഷാളിന്റെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി സെൻട്രൽ സിൽക് ബോർഡ് അടക്കമുള്ള രണ്ട് ലബോറട്ടറികളിലേക്ക് അയച്ചിരുന്നു. രണ്ട് പരിശോധനയിലും ഷാൾ നിർമിച്ചിരിക്കുന്നത് പോളിസ്റ്ററിൽ ആണെന്ന് തെളിഞ്ഞു. വിതരണം ചെയ്തിരുന്ന ഷാളുകളിൽ സിൽക്ക് ഉല്പന്നങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി പതിപ്പിക്കുന്ന സിൽക്ക് ഹോളോഗ്രാം ഇല്ലായിരുന്നുവെന്നും വിജിലൻസ് ഓഫിസർ പറയുന്നു. അഴിമതി കണ്ടെത്തിയ കാലയളവിലെല്ലാം ഷാള്‍ സപ്ലൈ ചെയ്തിരുന്നത് ഒരു സ്ഥാപനവും അതിന്റെ സഹോദര സ്ഥാപനങ്ങളുമായിരുന്നു എന്നും കണ്ടെത്തി. ഇതോടെ ഷോൾ വിതരണ കരാർ ക്ഷേത്ര ട്രസ്റ്റ് റദ്ദാക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.