5 December 2025, Friday

Related news

December 3, 2025
December 3, 2025
December 2, 2025
December 2, 2025
December 1, 2025
November 30, 2025
November 30, 2025
November 29, 2025
November 28, 2025
November 26, 2025

കേരളത്തില്‍ എസ്ഐആര്‍; ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

മാനദണ്ഡങ്ങള്‍ വലിയൊരു വിഭാഗത്തെ ഒഴിവാക്കുന്നതിനെന്ന് സിപിഐ 
Janayugom Webdesk
തിരുവനന്തപുരം
September 20, 2025 10:37 pm

കേരളത്തില്‍ എസ്ഐആര്‍ നടപ്പാക്കുന്ന രീതിയിലും പരിശോധനാ മാനദണ്ഡങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്ത് വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടപ്പാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്ഐആറില്‍ ആശങ്ക പങ്കുവച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വിളിച്ചുചേർത്ത യോഗത്തിൽ എട്ട് അംഗീകൃത പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ രാജു, ഇന്ത്യൻ നാഷണൽ കോൺഗ്രസിനുവേണ്ടി പി സി വിഷ്ണുനാഥ് എംഎൽഎ, എം ലിജു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എസ്ഐആർ നടപടികൾ എങ്ങനെയാണെന്നും പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ യോഗത്തില്‍ വിശദീകരിച്ചു. വോട്ടർ പട്ടിക പരിഷ്കരണം അത്യാവശ്യമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. 2024ൽ വോട്ട് ചെയ്തു എന്നതുകൊണ്ട് ആരും ഇന്ത്യൻ പൗരനാകില്ലെന്നും രാജ്യസുരക്ഷ മുൻനിർത്തി വോട്ടർമാർ പൗരത്വം തെളിയിക്കണമെന്നും ഗോപാലകൃഷ്ണന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്‌പി പ്രതിനിധികളും എസ്ഐആര്‍ നടപടികളിലെ ആശങ്ക അറിയിച്ചു. 

ആവശ്യമായ സമയം നല്‍കാതെ ധൃതിപിടിച്ച് എസ്ഐആര്‍ നടപ്പിലാക്കുന്ന നടപടിയോട് യോജിക്കാന്‍ കഴിയില്ലെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ രാജു പറഞ്ഞു. 2002ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കുന്നതിന് പകരം, ഏറ്റവുമൊടുവില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം. പരിശോധനാ മാനദണ്ഡം അനുസരിച്ച് ആയിരക്കണക്കിനുപേര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടും. കുടിയേറ്റക്കാര്‍, വിദേശികള്‍ എന്ന് ഇതില്‍ പറയുന്നത് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ ഒഴിവാക്കുന്നതിന് ഈ മാനദണ്ഡം കാരണമായേക്കാം. പേര് ചേര്‍ക്കാന്‍ അടിസ്ഥാനമാക്കാവുന്ന 12 രേഖകളില്‍ റേഷന്‍കാര്‍ഡ് ഇല്ല. കേരളത്തില്‍ എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ് ഉള്ള സാഹചര്യത്തില്‍ അത് കൂടി ഉള്‍പ്പെടുത്തണം. വോട്ടര്‍പട്ടികയിലുള്ളവരെല്ലാം സത്യവാങ്മൂലം കൊടുക്കണമെന്ന നിര്‍ദേശം അനാവശ്യമാണെന്നും കെ രാജു യോഗത്തില്‍ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.