
കേരളത്തിൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടപ്പാക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചെങ്കിലും ഇൗ കാലയളവ് പര്യാപ്തമല്ലെന്ന് ബിജെപി ഒഴികെ രാഷ്ട്രീയ പാർട്ടികൾ. ഇന്നലെ മുഖ്യതെരഞ്ഞെടപ്പ് ഓഫിസർ (സിഇഒ) രത്തൻ യു കേല്‍ക്കര്‍ വിളിച്ച യോഗത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
18 വരെയാണ് എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകുന്നതിനുള്ള സമയം.
23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് 13നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. അതിന് ശേഷം മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് എസ്ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സമയം കണ്ടെത്താനാകൂവെന്ന് വിവിധ പ്രതിനിധികൾ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കാത്തതുകൊണ്ടാണ് പാർട്ടികൾക്ക് സുപ്രികോടതിയെ സമീപിക്കേണ്ടി വന്നത്.
ഡിസംബർ അവസാനം വരെ സമയം അനുവദിച്ചില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി യോഗത്തില്‍ പറഞ്ഞു. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ബാധ്യത. അത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍വഹിക്കാത്തതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒമ്പതിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്തിനാണ് അന്ന് തന്നെ വോട്ടര്‍പട്ടികയുടെ കരട് എന്ന് നേരത്തെ ചിന്തിക്കണമായിരുന്നു. പുതിയ ഷെഡ്യൂള്‍ അനുസരിച്ച് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴും ആശങ്ക ഒട്ടും കുറയുന്നില്ലെന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ പറഞ്ഞു. സമയം ദീർഘിപ്പിച്ചത് നിയപോരാട്ടത്തിന്റെ ഫലമായാണ്. കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് സുപ്രിംകോടതിക്ക് ബോധ്യപ്പെട്ടു. ഇനിയും സാവകാശം ലഭിച്ചെങ്കിൽ മാത്രമേ ഫലപ്രദമായി എസ്ഐആർ നടത്താൻ കഴിയൂ. പ്രവാസികളുടെ ആശങ്ക തെരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കുന്നില്ലെന്നും എം വിജയകുമാർ കുറ്റപ്പെടുത്തി.
എം കെ റഹ്‌മാൻ (കോൺഗ്രസ് ), മുഹമ്മദ് ഷാ (മുസ്ലിം ലീഗ്), കെ അനന്തകുമാർ (കേരള കോൺഗ്രസ് എം), ജെ ആർ പദ്മകുമാർ (ബിജെപി), കെ ജയകുമാർ (ആർഎസ്‌പി), മാത്യു ജോർജ് (കേരള കോൺഗ്രസ്) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.