
സംസ്ഥാനത്ത് പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തൻ യു ഖേല്‍ക്കര്‍ വ്യക്തമാക്കി. ഇന്നലെ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് തിരികെ വാങ്ങി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്ന നടപടികൾ ഡിസംബർ അവസാനം വരെ നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം എസ്ഐആർ നടപടികൾ പൂർത്തിയാക്കാനാവുമെന്ന ഉറച്ച നിലപാടിലായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. കരട് പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഡിസംബർ ഒമ്പതിന് പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, എന്യൂമറേഷൻ ഫോം വിതരണം തന്നെ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് യോഗത്തില്‍ സംസാരിച്ച സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടക്കുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. തെരഞ്ഞെടുപ്പിനിടയിൽ തന്നെ എസ്ഐആർ നടത്തണമെന്ന് ഇത്ര വാശി എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഫോം വിതരണം മാത്രമാണ് നടന്നതെന്നും 19 ദിവസത്തിനകം ഇത്രയധികം ഫോം തിരിച്ചു നൽകുന്നത് മനുഷ്യസാധ്യമല്ലെന്നും സിപിഐ (എം)നെ പ്രതിനിധീകരിച്ച് സംസാരിച്ച എം വി ജയരാജൻ ചൂണ്ടിക്കാട്ടി. ഇതിന് മുമ്പ് നടന്ന യോഗങ്ങളിൽ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കപ്പെടാത്ത സാഹചര്യവും പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, 85% എന്യൂമറേഷൻ ഫോമുകളും വിതരണം ചെയ്തുവെന്നാണ് കേല്‍ക്കര്‍ ഇതിന് മറുപടി നല്‍കിയത്.
അതേസമയം, എസ്ഐആർ പാടില്ലെന്ന് പറയില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടപടികൾ പൂർത്തിയാക്കുന്ന തീയതി നീട്ടിയാൽ അതിനെ എതിർക്കില്ലെന്ന് ബിജെപിയെ പ്രതിനിധീകരിച്ച ജെ ആര്‍ പദ്മകുമാർ പറഞ്ഞു. മുമ്പ് നടന്ന മൂന്ന് യോഗങ്ങളിലും എസ്ഐആര്‍ നടപടികളെ അനുകൂലിച്ച ബിജെപി ഇത്തവണ നിലപാട് മയപ്പെടുത്തുകയായിരുന്നു. എം കെ റഹുമാൻ (കോണ്‍ഗ്രസ്), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ്-എം), ജോയ് എബ്രഹാം (കേരള കോൺഗ്രസ്), ജയകുമാർ (ആർഎസ്പി) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പോളിങ് കേന്ദ്രങ്ങളിൽ ക്യാമ്പുകൾ ഒരുക്കും
എസ്ഐആർ എന്യൂമറേഷൻ ഫോം വിതരണവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ പോളിങ് സ്റ്റേഷനുകളിൽ ക്യാമ്പുകൾ ഒരുക്കുന്നത് പരിശോധിക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ. ഇന്നലെ രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ ഇതുസംബന്ധിച്ച് ഉയർന്ന നിർദേശം പരിശോധിക്കും. ഫോറം വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ റെസിഡൻസ് അസോസിയേഷനുകളുടെയക്കം സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകളെല്ലാം തിരികെ ശേഖരിച്ചശേഷം ബിഎൽഒമാർ ബിഎൽഎമാരുമായി ചർച്ച നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഫോം ലഭിക്കാത്ത വോട്ടർമാരുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്താൻ ഇത് സഹായകമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.