
അതിതീവ്ര പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) ഹിയറിങ്ങില്‍ വലഞ്ഞ് പശ്ചിമബംഗാളിലെ വോട്ടര്‍മാര്‍. വെള്ളപ്പൊക്കം നാശം വിതച്ച കൂച്ച് ബെഹാര്‍, ജയ്പാല്‍ഗുരി, അലിപൂര്‍ദാര്‍, ദിനാജ്പൂര്‍ മേഖലകളിലെ രാജ്ബോങ്ഷി സമുദായാംഗങ്ങളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുമോ എന്ന ഭീതിയോടെ കഴിയുന്നത്. വെള്ളപ്പൊക്കത്തില്‍ രേഖകള്‍ മുഴുവന്‍ നഷ്ടപ്പെട്ട തങ്ങള്‍ ഹിയറിങ്ങില്‍ എന്ത് ഹാജരാകുമെന്ന ആശങ്കയാണ് ഇവരെ സമ്മര്‍ദത്തിലാക്കുന്നത്. ഹിയറിങ് നോട്ടീസ് ലഭിച്ച നൂറുകണക്കിന് പേരാണ് തങ്ങളുടെ നഷ്ടപ്പെട്ട രേഖ വീണ്ടെടുക്കാന്‍ പരക്കം പായുന്നത്. നോട്ടീസ് ലഭിച്ചതോടെ ആശങ്ക വര്‍ധിച്ചതായി നതബാരിയിലെ നില ബര്‍മന്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ വീടും മറ്റ് സുപ്രധാന രേഖകളും നഷ്ടപ്പെട്ടു. ഇപ്പോള്‍ ഇന്ത്യന്‍ പൗരയാണെന്ന് തെളിയിക്കാന്‍ തൂണുകള്‍ വരെ രേഖകള്‍ക്കായി കയറിയിറങ്ങുകയാണ്. ഇത് തന്റെ മാത്രം അവസ്ഥയല്ല. ഗ്രാമത്തിലെ നൂറുകണക്കിന് പേര്‍ക്കാണ് സമാനമായ അവസ്ഥ ഉണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇതിനിടെ ഹിയറിങ്ങ് നടപടി അനന്തമായി നീളുന്നതായും വ്യാപക പരാതികളാണ് ഉയരുന്നത്. രോഗികളും വൃദ്ധരും മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയാണ് പല കേന്ദ്രങ്ങളിലുെമന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരിക്കാന്‍ കസേരയോ മറ്റ് സൗകര്യങ്ങളോ ക്രമീകരിക്കാതെയാണ് ഹിയറിങ്ങ് നടത്തുന്നതെന്ന് 95 വയസുള്ള ഭര്‍ത്താവ് നിഖില്‍ ചന്ദ്ര സര്‍ക്കാറുമായി എത്തിയ ആവ സര്‍ക്കാര്‍ പരാതിപ്പെട്ടു. 80 വയസ് കഴിഞ്ഞ വയോധികരുടെ ഹിയറിങ് അവരവരുടെ വീട്ടില്‍ എത്തി നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം കാറ്റില്‍പ്പറത്തിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതെന്നും അവര്‍ പറഞ്ഞു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും എസ്ഐആറിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടും നടപടിയെ പിന്താങ്ങുന്ന ബിജെപി നിലപാടിനെയും രാജ്ബോങ്ഷി സമുദായ അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. തങ്ങളുടെ വോട്ട് നഷ്ടമാകുന്നതിന് ഉത്തരവാദികള്‍ ബിജെപിയാണെന്നും തങ്ങളുടെ വോട്ടും പൗരത്വവും ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ തെരഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കുമെന്നും വോട്ടര്‍മാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.